കടുത്തുരുത്തി : മുവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായുള്ള ഉപകനാലിൽനിന്ന് വെള്ളം നിറഞ്ഞൊഴുകി സമീപപുരയിടത്തിലെ ചെളിയും മണ്ണും റോഡിൽ പതിച്ചു. വാഹനങ്ങൾ റോഡിൽ തെന്നിമറിഞ്ഞു. റോഡിൽ മണ്ണും ചെളിയും നിറഞ്ഞത് അപകടാവസ്ഥയ്ക്ക് കാരണമായതോടെ പ്രദേശത്ത് ഏറെസമയം ഗതാഗത തടസ്സമുണ്ടായി.
കോട്ടയം-എറണാകുളം റോഡിൽ മാഞ്ഞൂർ എൽ.പി. സ്‌കൂളിന് സമീപം ചൊവ്വാഴ്ച രാവിലെ 9.15-ഒാടെയാണ് സംഭവം. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കടുത്തുരുത്തിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി റോഡിലെ ചെളിയും മണ്ണും നീക്കം ചെയ്തു. ഇതോടെയാണ് അപകടാവസ്ഥ ഒഴിവായത്. അതിരമ്പുഴയിലേക്കുള്ള എം.വി.ഐ.പി. കനാലിന്റെ മാങ്ങാച്ചിറ ഭാഗത്തേക്കുള്ള ഉപകനാലിലെ വെള്ളമാണ് നിറഞ്ഞൊഴുകിയത്. വെള്ളം കനാലിനു മുകളിലൂടെ കവിഞ്ഞ് സമീപത്തെ പുരയിടത്തിലൂടെ ഒഴുകിയതിനെത്തുടർന്നാണ് മണ്ണും ചെളിയും റോഡിലേക്ക് എത്തിയത്.
കനാലിലെ മാലിന്യം നീക്കിയില്ല
മാലിന്യം നിറഞ്ഞ് കനാലിലെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതോടെയാണ് കനാൽ നിറഞ്ഞ് അധികജലം പുറത്തേക്ക് ഒഴുകാനിടയായതെന്ന് മാഞ്ഞൂർ പഞ്ചായത്തംഗം ചാക്കോ മത്തായി പറഞ്ഞു. കനാൽ വൃത്തിയാക്കിയശേഷമാണ് സാധാരണ വെള്ളം തുറന്നുവിടാറുള്ളത്. ഇത്തവണ ഉപകനാലിലെ മാത്രമല്ല, പ്രധാന കനാലിലെപോലും മാലിന്യം പലയിടത്തും നീക്കംചെയ്യാൻ അധികൃതർ തയ്യാറായില്ലെന്ന ആക്ഷേപവും ശക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..