ആപ്പാഞ്ചിറ ക്ഷീരസംഘത്തിലെ ജോബി ജോസഫിന്റെ കന്നുകാലി കാലിത്തീറ്റയിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റ് തളർന്നുവീണപ്പോൾ
കടുത്തുരുത്തി : കാലിത്തീറ്റയിൽനിന്ന് പശുക്കൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ കടുത്തുരുത്തിയിൽ ഒരു പശു ചത്തു. 20 കന്നുകാലികൾക്കാണ് ഇവിടെ രോഗം കണ്ടെത്തിയിരിക്കുന്നത്. നിരവധി കർഷകരുടെ കന്നുകാലികൾക്ക് അസ്വസ്ഥതകൾ ബാധിച്ചിരിക്കുകയാണ്.
കടുത്തുരുത്തി ബ്ലോക്കിന് കീഴിൽ കടുത്തുരുത്തി, ആപ്പാഞ്ചിറ, വാലാച്ചിറ, ഞീഴൂർ, കെ.എസ്.പുരം തുടങ്ങിയ മേഖലകളിലെല്ലാം കാലിത്തീറ്റയിൽനിന്ന് പശുക്കൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി കടുത്തുരുത്തി ഡെയറി എക്‌സ്റ്റൻഷൻ ഓഫീസർ എൽ.കെ. സിന്ധ്യ പറഞ്ഞു. പാല് കുറയുന്നു, തീറ്റയും വെള്ളവുമെടുക്കുന്നില്ല, രക്തം പോകുന്നു, ദഹനകേട്, തളർച്ച തുടങ്ങിയ പ്രശ്‌നങ്ങളാണ് കന്നുകാലികളിൽ കണ്ടെത്തിയിരിക്കുന്നത്.
ആപ്പാഞ്ചിറയിലെ ക്ഷീരസംഘം പ്രസിഡന്റ് ജോബി ജോസഫിന്റെ രണ്ട് പശുക്കൾ വിഷബാധയേറ്റു വീണു. 50 ലിറ്ററോളം പാൽ അളന്നിരുന്ന ജോബി പശുക്കൾക്ക് ഭക്ഷ്യവിഷബാധയേറ്റതോടെ പാലിന്റെ അളവ് 12 ലിറ്ററായി ചുരുങ്ങി. കെ.എസ്. പുരം ക്ഷീരസംഘത്തിൽ പാൽ അളക്കുന്ന ക്ഷീരകർഷകർകരുടെ കന്നുകാലികൾക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. കടുത്തുരുത്തി സംഘത്തിൽ പാലളക്കുന്ന ഒരു ക്ഷീരകർഷകയുടെ കന്നുകാലിയാണ് ചത്തത്.
കാലിത്തീറ്റയിൽനിന്നുമേറ്റ ഭക്ഷ്യവിഷബാധയാണോ പശു ചാകാൻ കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും പറയുന്നു. വാലാച്ചിറ സ്വദേശിയായ ക്ഷീരകർഷകൻ എൻ.എസ്.കുര്യൻ നിലപ്പനയുടെ പശുക്കൾക്കും കാലിത്തീറ്റയിൽനിന്നും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പശുവിന് തളർച്ചയുണ്ടായി വീണു. പ്രശ്‌നങ്ങൾ ശ്രദ്ധയിൽപെട്ട സ്ഥലങ്ങളിലെല്ലാമെത്തി സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ഡെയറി ഓഫീസർ അറിയിച്ചു.
ഞീഴൂർ മേഖലയിൽ കർഷകർ മുൻകരുതലുകൾ സ്വീകരിച്ചതിനാൽ പ്രശ്നങ്ങളുണ്ടായില്ല. വിതരണംചെയ്ത കാലിത്തീറ്റ തിരിച്ചെടുക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..