• ഇടപ്പാടി കുന്നേമുറി ഭാഗത്ത് സംസ്ഥാനപാതയിൽ അനധികൃതമായി നിർമിച്ച് മാസങ്ങളായി ഇട്ടിരുന്ന സ്ലാബുകൾ നീക്കംചെയ്യുന്നു
പാലാ : ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാനപാതയിൽ കുന്നേമുറി ഭാഗത്ത് അപകടകരമായിട്ടിരുന്ന സ്ലാബുകൾ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നിർദേശപ്രകാരം നീക്കംചെയ്തുതുടങ്ങി. ഈ സ്ലാബുകളാണ് കഴിഞ്ഞ ദിവസത്തെ അപകടത്തിനിടയാക്കിയത്. സ്ലാബുകളിൽ തട്ടി നിയന്ത്രണംവിട്ട ഓട്ടോറിക്ഷാ കെ.എസ്.ആർ.ടി.സി. ബസുമായി കൂട്ടിയിടിച്ച് പന്ത്രണ്ടുകാരി മരിച്ചിരുന്നു. ഇടപ്പാടി കുന്നേമുറിയിൽ നടപ്പാതയും റോഡും കൈയേറിയാണ് സ്ലാബുകൾ സ്ഥാപിച്ചിരുന്നത്. സംഭവത്തെത്തുടർന്ന് വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ ഭാഗത്ത് സ്ലാബുകൾ നിയമവിരുദ്ധമായി ഇട്ടിരുന്നതുമൂലം നിരവധി അപകടങ്ങളുണ്ടായിരുന്നു.
റോഡ് സേഫ്റ്റി ഫണ്ടുപയോഗിച്ചു ഭരണങ്ങാനംമുതൽ ഇടപ്പാടിവരെ റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായാണ് നിർമാണ പ്രവൃത്തികൾ നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് കോൺക്രീറ്റ് സ്ലാബുകൾ അപകടകരമായ വിധത്തിൽ റോഡരികിൽ തയ്യാറാക്കിയത്. റോഡരികിലും റോഡിലേക്കിറക്കിയും നൂറുകണക്കിന് കോൺക്രീറ്റ് സ്ലാബുകളാണ് ഈ മേഖലയിൽ അപകടകരമായ രീതിയിൽ തയ്യാറാക്കിയിരിക്കുന്നത്. മാസങ്ങളായി നിർമാണം ഇഴയുകയാണെന്നാണ് നാട്ടുകാരുടെ പരാതി. നടപ്പാത പൂർണമായും കൈയേറി മണ്ണും മണലും മെറ്റലും പലയിടങ്ങളിലായി കൂട്ടിയിട്ടിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..