കടുത്തുരുത്തിയിൽ ക്ഷീരകർഷകർക്ക്‌ : കണ്ണീർക്കാലം


കടുത്തുരുത്തി : ക്ഷീരകർഷകരെ വലച്ച്‌ മേഖലയിലെ നിരവധി കന്നുകാലികൾക്ക് അസ്വസ്ഥതകൾ വ്യാപകമാകുന്നു.

കടുത്തുരുത്തി ബ്ലോക്കിന് കീഴിൽ കടുത്തുരുത്തി, ആപ്പാഞ്ചിറ, വാലാച്ചിറ, ഞീഴൂർ, കെ.എസ്.പുരം തുടങ്ങിയ മേഖലകളിലെല്ലാം കാലിത്തീറ്റയിൽനിന്ന്‌ പശുക്കൾക്ക് ഭക്ഷ്യവിഷബാധയേറ്റിരിക്കുകയാണ്.

രോഗാവസ്ഥ ഗുരുതരമാകാതിരിക്കാനും കൂടുതലായി രോഗം വരാതെ നോക്കാനും കർഷകർ ശ്രദ്ധിക്കണമെന്ന്‌ കടുത്തുരുത്തി ഡെയറി എക്സ്റ്റൻഷൻ ഓഫീസർ എൽ.കെ. സിന്ധ്യ പറഞ്ഞു.

പാല് കുറയുന്നു, തീറ്റയും വെള്ളവുമെടുക്കുന്നില്ല, രക്‌തസ്രാവം, ദഹനക്കേട്, തളർച്ച തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് കന്നുകാലികളിൽ കണ്ടെത്തിയിരിക്കുന്നത്.

നല്ല പാൽ ലഭിക്കുന്ന സമയത്ത് ഇങ്ങനെയൊരു ദുരന്തം കർഷകർ പ്രതീക്ഷിക്കാത്തതാണ്.

കാലിത്തീറ്റ തിരിച്ചെടുക്കാനും നഷ്ടപരിഹാരം തരാമെന്ന വാഗ്ദാനങ്ങളുമായി കമ്പനിയുടെ പ്രതിനിധികൾ രംഗത്തിറങ്ങിയിട്ടുണ്ട്‌.

അന്വേഷണം വേണം- മോൻസ് ജോസഫ്

കടുത്തുരുത്തി : കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പശുക്കൾക്ക് കാലിത്തീറ്റയിൽനിന്ന് വിഷബാധയേറ്റതായി പരാതി ഉയർന്നിരിക്കുന്ന സാഹചര്യത്തെക്കുറിച്ച് സർക്കാർ വിശദമായ അന്വേഷണം നടത്തണമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. ആവശ്യപ്പെട്ടു.

കാലിത്തീറ്റയുടെ ഗുണനിലവാരം പരിശോധിക്കാൻ മൃഗസംരക്ഷണ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് മോൻസ് ജോസഫ് മന്ത്രി ചിഞ്ചു റാണിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കാലിത്തീറ്റ വിഷബാധയെത്തുടർന്ന് ബുദ്ധിമുട്ടിലായ മുഴുവൻ ക്ഷീരകർഷകർക്കും അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും എം.എൽ.എ. അഭ്യർഥിച്ചു.

ചെമ്പിൽ പശുക്കൾ ചത്ത സംഭവം: പേ വിഷബാധയെന്ന് പ്രാഥമിക നിഗമനം

ചെമ്പ് : ചെമ്പ് ഏനാദി പാറപ്പുറംഭാഗത്ത് പശുക്കൾ കൂട്ടത്തോടെ ചത്തതിൽ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ജില്ലാ മൃഗസംരക്ഷണവകുപ്പ് ഓഫീസർ ഡോ. ഷാജി പണിക്കശ്ശേരി, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. മനോജ് കുമാർ, കാട്ടിക്കുന്ന് മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. പി.വി. കവിത തുടങ്ങിയവരാണ് സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്.

പേ വിഷബാധയേറ്റ് പശുക്കൾ ചത്തതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ഇത് സ്ഥീരികരിച്ചിട്ടില്ല. ആഴ്ചകൾക്കുമുമ്പ് പാറപ്പുറം ഭാഗത്ത് തെരുവുനായ പേവിഷബാധയേറ്റ് ചത്തിരുന്നു. പേ വിഷബാധയേറ്റതിന്റെ ലക്ഷണങ്ങളാണ് പശുക്കൾ കാട്ടിയിരുന്നതെന്ന് മെഡിക്കൽ സംഘം വിലയിരുത്തി. ഏനാദി മൂലേക്കടവ് സതി, പാറപ്പുറം ഇടമന കോളനിക്ക് സമീപമുള്ള സുമ, പാറപ്പുറം പാലക്കാട്ടുമല ജയൻ, പാറപ്പുറം തട്ടാംപറമ്പിൽ മണിയപ്പൻ എന്നിവരുടെ പശുക്കളാണ് ചത്തത്. കുഴഞ്ഞുവീണാണ് പശുക്കളെല്ലാം ചത്തത്.

സമാനമായ ലക്ഷണം കാണിച്ച പാറപ്പുറം വടക്കേമലയിൽ വി.എൻ. ബാബുവിന്റെ പശുവിനെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ഈ പശു പ്രസവിച്ചിട്ട് 13 ദിവസം കഴിഞ്ഞതേയുള്ളൂ. പശുവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഇപ്പോഴും നിരീക്ഷണത്തിലാണെന്നും ഡോ. പി.വി. കവിത പറഞ്ഞു.

ചെമ്പ് പഞ്ചായത്തിൽ ബ്രഹ്മമംഗലം പ്രദേശത്താണ് ക്ഷീരകർഷകർ ധാരാളമുള്ളത്. നിലവിൽ കാട്ടിക്കുന്നിലാണ് മൃഗാശുപത്രി സ്ഥിതിചെയ്യുന്നത്. അവിടെനിന്ന്‌ ഡോക്ടർ വരണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിച്ച് എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റം വഴിയോ, സമീപപഞ്ചായത്തായ മറവൻതുരുത്തുവഴിയോ വേണം. ബ്രഹ്മമംഗലത്ത് മൃഗാശുപത്രി ആരംഭിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..