• ബസ്‌സ്റ്റാൻഡിൽ പ്രവേശിക്കാതെ വാഴൂർ റോഡിൽ ബസ്‌സ്റ്റാൻഡ് കവാടത്തിലെ റോഡിൽ യാത്രക്കാരെ ഇറക്കിവിടുന്ന സ്വകാര്യബസ്
കറുകച്ചാൽ : നൂറുകണക്കിന് ബസുകൾ കയറിയിറങ്ങുന്ന കറുകച്ചാൽ ബസ്‌സ്റ്റാൻഡിനുള്ളിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാരുടെ അവസ്ഥ ഏറെ ബുദ്ധിമുട്ടാണ്.
കാത്തിരിപ്പുകേന്ദ്രം ഇല്ലാത്തതിനാൽ രണ്ടുവർഷം മുൻപ് സ്റ്റാൻഡിനുള്ളിൽ ആറ് കടമുറികളോടുകൂടിയ ഒരുകെട്ടിടം നിർമിച്ചു. മുൻപിൽ മൂന്നരയടി വീതിയിൽ ഒരു തിണ്ണ. പേരിന് മാത്രം സ്റ്റീൽ കമ്പികളാൽ നിർമിച്ച താത്കാലിക ഇരിപ്പിടങ്ങൾ. കാത്തിരിപ്പുകേന്ദ്രമെന്ന് പേര് നൽകിയതൊഴിച്ചാൽ യാത്രക്കാർക്ക് കാര്യമായ പ്രയോജനമില്ല.
മഴയത്തും വെയിലത്തും കടത്തിണ്ണകളിലും സ്റ്റാൻഡിന് നടുക്കും കൂട്ടംകൂടി നിൽക്കാനാണ് യാത്രക്കാരുടെ വിധി. ബസ് വരുമ്പോൾ യാത്രക്കാർ തലങ്ങും വിലങ്ങും ഓടി മാറണം. സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ബസുകൾ യാത്രക്കാരുടെ ഇടയിലേക്കാണ് കയറ്റി നിർത്തുന്നത്. 30 ലക്ഷം രൂപയ്ക്ക് കാത്തിരിപ്പുകേന്ദ്രവും ഷോപ്പിങ് കോംപ്ലക്‌സ് നിർമിച്ചെങ്കിലും വ്യാപാരികൾക്ക് മാത്രമാണ് പ്രയോജനപ്പെട്ടത്.
ഹോംഗാർഡ് വന്നാൽ വന്നു
തിരക്കേറിയ സ്റ്റാൻഡിനുള്ളിൽ ഗതാഗതം നിയന്ത്രിക്കാൻപോലും സംവിധാനമില്ല. ബസുകൾ പാർക്കുചെയ്യുന്നത് ഡ്രൈവർമാർക്ക് തോന്നും പോലെ. ഇറങ്ങിവരുന്നതും പ്രവേശിക്കുന്നതുമെല്ലാം സൗകര്യംപോലെ മാത്രം. കൂടാതെ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങും. അന്യവാഹനങ്ങൾ സ്റ്റാൻഡിൽ പ്രവേശിക്കരുതെന്ന് നിർദേശം ഉണ്ടെങ്കിലും ഇത് പാലിക്കപ്പെടാറില്ല. മുൻപ് കൃത്യമായി ഹോംഗാർഡിന്റെ സേവനം ഉണ്ടായിരുന്നു. കുറേ കാലമായി ഹോംഗാർഡും പോലീസും ഇങ്ങോട്ട് തിരഞ്ഞുനോക്കാറില്ല. കെ.എസ്.ആർ.ടി.സി. അടക്കമുള്ള ദീർഘദൂര ബസുകൾ വാഴൂർ റോഡിൽ ബസ്‌സ്റ്റാൻഡ് കവാടത്തിൽ യാത്രക്കാരെ ഇറക്കിപോകുകയാണ് ചെയ്യുന്നത്. വാഴൂർ റോഡിൽ ബസ് നിർത്തിയാൽ തിരക്കുള്ള സമയങ്ങളിൽ അണിയറപ്പടിവരെ ബ്ലോക്കാകും.
രാത്രിയായാൽ ബസ്‌സ്റ്റാൻഡും പരിസരവും സമൂഹവിരുദ്ധരുടെ കേന്ദ്രമാണ്. പരസ്യമായ മദ്യപാനവും അടിപിടിയും ബഹളവുമെല്ലാം പതിവാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..