ഈരാറ്റുപേട്ട : എൻ.ഐ.എ. അറസ്റ്റുചെയ്ത എസ്.ഡി.പി.ഐ. നഗരസഭാ കൗൺസിലർ ഇ.പി. അൻസാരിക്ക് അവധി നൽകാനായിചേർന്ന കൗൺസിലിൽ എൽ.ഡി.എഫ്. എതിർപ്പുമായി രംഗത്തെത്തി. ആറ് മാസത്തേക്ക് അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. കൗൺസിലർ സഫിയ ഇസ്മായിലാണ് ബുധനാഴ്ച കൗൺസിലിൽ അപേക്ഷ നൽകിയത്.
ആറുമാസ അവധിയിൽ മൂന്നുമാസം കൗൺസിലർക്ക് അവകാശപ്പെട്ട ആർജ്ജിത അവധിയാണെന്നും തുടർന്ന് ആറ് മാസത്തേക്ക് അവധി വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അപേക്ഷ. കഴിഞ്ഞ കൗൺസിൽ യോഗങ്ങളിൽ അവധിക്കാര്യത്തിൽ പിന്തുണച്ച എൽ.ഡി.എഫിലെ ഒൻപത് അഗങ്ങൾ ബുധനാഴ്ച ചേർന്ന യോഗത്തിൽ എതിർപ്പുമായി രംഗത്തെത്തി. നാല് എസ്.ഡി.പി.ഐ. കൗൺസിലർമാരും യു.ഡി.എഫിലെ 12 പേരും പിന്തുണച്ചു.
27 അംഗങ്ങൾ പങ്കെടുത്ത കൗൺസിൽ യോഗത്തിൽ മുസ്‌ലിംലീഗിലെ റിയാസ് പ്ലാമൂട്ടിലും കോൺഗ്രസിലെ അൻസൽന പരിക്കുട്ടിയും വിട്ടുനിൽക്കുകയും ചെയ്തു. എന്നാൽ ഇ.പി. അൻസാരിക്ക് അധിക അവധി അനുവദിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ അനുമതി തേടി സർക്കാരിനു കത്തയച്ചിരിക്കുകയാണെന്നും നഗരസഭാധ്യക്ഷ സുഹ്‌റ അബ്ദുൽ ഖാൻ പറഞ്ഞു.
അറസ്റ്റിനുശേഷം നവംബറിൽ അവധി ആവശ്യപ്പെട്ട് ലഭിച്ച അൻസാരിയുടെ കത്ത് കൗൺസിൽ ചർച്ച ചെയ്യുകയും വിഷയത്തിൽ നിയമോപദേശം തേടി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയും ചെയ്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..