Caption
കോട്ടയം : കാലിത്തീറ്റ കഴിച്ച കന്നുകാലികൾക്ക് ജില്ലയിൽ നാല് പഞ്ചായത്തുകളിൽക്കൂടി വിശപ്പില്ലായ്മ, വയറിളക്കം, പാലുത്പാദനക്കുറവ് എന്നിവ റിപ്പോർട്ട് ചെയ്തതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരി അറിയിച്ചു. മാഞ്ഞൂർ, വെളിയന്നൂർ, എലിക്കുളം, കുറവിലങ്ങാട് പഞ്ചായത്തുകളിലാണ് പുതുതായി രോഗം റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ 10 പഞ്ചായത്തുകളിലായി 18 കർഷകരുടെ 47 കന്നുകാലികൾക്കും രണ്ട് ആടുകൾക്കും രോഗം റിപ്പോർട്ടുചെയ്തു. മാഞ്ഞൂർ-14, എലിക്കുളം-7, കുറവിലങ്ങാട്-3, വെളിയന്നൂർ-4, നീണ്ടൂർ-2, മീനടം-3, ആർപ്പൂക്കര-6 കന്നുകാലി, 2 ആട്, വാഴൂർ-1, പാമ്പാടി-2, അതിരമ്പുഴ-5 എന്നിങ്ങനെയാണ് മറ്റ് കന്നുകാലികളുടെ എണ്ണം.
കടുത്തുരുത്തിയിൽ ചത്ത കന്നുകാലിയുടെ മൃതദേഹപരിശോധനയിൽ ദഹനേന്ദ്രീയവ്യവസ്ഥ പൂർണമായും രക്തം കട്ടപിടിച്ച അവസ്ഥയിലാണെന്നും പ്രധാന അവയവങ്ങളുടെ പ്രവർത്തനം നിലച്ചിരുന്നതായും കണ്ടെത്തിയതായി ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി.കെ.മനോജ് കുമാർ അറിയിച്ചു. രോഗാവസ്ഥയിലായ കന്നുകാലികളുടെ പാൽ ഉത്പാദനം പൂർണമായോ ഭാഗികമായോ നഷ്ടപ്പെട്ടിട്ടുള്ളതായി അധികൃതർ പറയുന്നു. രോഗം ഭേദമായ കന്നുകാലികളിലും പാലുത്പാദനം ചുരുങ്ങിയിട്ടുണ്ട്.
തിരുവല്ലയിൽനിന്നുള്ള ഫലം ഇന്ന് കിട്ടിയേക്കും
സംഭവത്തിൽ തിരുവല്ല ഏവിയൻ ഡിസീസ് ഡയഗ്‌നോസ്‌റ്റിക് ലാബിലേക്ക് അയച്ച സാമ്പിളുകളുടെ ഫലം വെള്ളിയാഴ്ച കിട്ടിയേക്കും. കാലിത്തീറ്റ, ചാണകം എന്നിവയുടെ 14 സാമ്പിളുകളാണ് തിരുവല്ലയിലെ ലാബിലേക്ക് അയച്ചിരുന്നത്. രോഗകാരണം കാലിത്തീറ്റയിലെ പൂപ്പലിന്റെ സാന്നിധ്യമാണോയെന്നറിയാനുള്ള പരിശോധനയുടെ ഫലമാണ് ആദ്യം ലഭിക്കുക. കാലിത്തീറ്റയിലെ അണുക്കളുടെ സാന്നിധ്യം പരിശോധിക്കുന്നതിന്റെ ഫലം വരാൻ ഒരാഴ്ചയെടുക്കുമെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. മനോജ് കുമാർ അറിയിച്ചു.
കടുത്തുരുത്തി സ്വദേശി വട്ടക്കേരിയിൽ ജോബി ജോസഫ് എന്ന ക്ഷീരകർഷകന്റെ പശുവാണ് കഴിഞ്ഞ ദിവസം ചത്തത്. കർഷകൻ കാലിത്തീറ്റക്കമ്പനിക്കെതിരേ കേസ് കൊടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ പശുവിന്റെ ആന്തരികാവയവങ്ങളുടെ സാമ്പിൾ രാസപരിശോധനയ്ക്കായി തിരുവനന്തപുരം റീജണൽ കെമിക്കൽ ലാബിലേക്ക് വ്യാഴാഴ്ച അയച്ചതായി ചീഫ് വെറ്ററിനറി ഓഫീസർ അറിയിച്ചു.
കാലിത്തീറ്റയിൽ വിഷാംശം കലർന്നിട്ടുണ്ടോയെന്നറിയുന്നതിന് സാമ്പിളുകൾ മണ്ണുത്തി വെറ്ററിനറി കോളേജിലേക്കും നാമക്കൽ വെറ്ററിനറി കോളേജിലേക്കും വെള്ളിയാഴ്ച അയയ്ക്കും. പൂപ്പൽബാധയല്ലെന്നും കാലിത്തീറ്റയിലെ അണുബാധയാണെന്നുമാണ് അധികൃതരുടെ പ്രാഥമിക നിഗമനം.
ഗുണനിലവാരമില്ലെന്ന് ആക്ഷേപം
കാലിത്തീറ്റയുടെ ഗുണനിലവാരപരിശോധന കാര്യക്ഷമമല്ലെന്നാണ് കർഷകരുടെ ആക്ഷേപം.
കാലിത്തീറ്റ നിർമാണത്തിന് ഉപയോഗിക്കുന്ന ചോളത്തിനുംമറ്റും വില കൂടിയതോടെ ഗുണനിലവാരമില്ലാത്ത കാലിത്തീറ്റ വിപണിയിൽ വ്യാപകമാണെന്ന് കർഷകർ ആരോപിക്കുന്നു. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് വകുപ്പുമന്ത്രിക്ക് മാസങ്ങൾക്ക് മുമ്പേ നിവേദനം നല്കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്നും കർഷക കോൺഗ്രസ് ക്ഷീരസെൽ ജില്ലാ ചെയർമാൻ എബി ഐപ്പ് പറഞ്ഞു
പോലീസ് കേസെടുത്തു
കടുത്തുരുത്തി : കാലിത്തീറ്റയിൽനിന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് പശു ചാകാനിടയായ സംഭവത്തിൽ ക്ഷീരകർഷകന്റെ പരാതിയിൽ പോലീസ് കേസെടുത്തു. ആപ്പാഞ്ചിറ ക്ഷീരസംഘം പ്രസിഡന്റ് വട്ടക്കേരിൽ ജോബി ജോസഫിന്റെ പരാതിയിലാണ് സ്വകാര്യ കാലിത്തീറ്റ കമ്പനിക്കെതിരേ കടുത്തുരുത്തി പോലീസ് കേസെടുത്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..