രാമപുരം പുത്തൻകാവ് ഭഗവതിക്ഷേത്രത്തിൽ കണ്ടുകിട്ടിയ വിഗ്രഹം പരിശോധിക്കാനെത്തിയ ദേവസ്വംബോർഡ് അസി. കമ്മിഷണർ എം.ജി. മധു, സബ് ഗ്രൂപ്പ് ഓഫീസർ വി.ബി. രാജീവ് എന്നിവരുടെ സംഘം
രാമപുരം : മണിക്കിണറിൽനിന്ന് പൗരാണിക ദേവീവിഗ്രഹം കണ്ടെടുത്ത വെള്ളിലാപ്പിള്ളി പുത്തൻകാവ് ഭഗവതിക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ പരിശോധന നടത്തി. വിഗ്രഹം സ്ഥാപിക്കുന്നത് സംബന്ധിച്ച് ക്ഷേത്രോപദേശക സമിതി ഭാരവാഹികളുമായി ദേവസ്വം ബോർഡ് അധികൃതർ ചർച്ച നടത്തി.
ദേവസ്വം ബോർഡ് അസി.കമ്മീഷണർ എം.ജി. മധു, സബ് ഗ്രൂപ്പ് ഓഫീസർ വി.ബി. രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശിച്ചത്. തന്ത്രി ഇരിങ്ങാലക്കുട പയ്യപ്പള്ളിൽ മാധവൻ നമ്പൂതിരിയുമായി ആലോചിച്ച് നടപടികൾ ആരംഭിക്കുമെന്ന് ക്ഷേത്രോപദേശക സമിതി ഭാരവാഹി പി.എസ്. ഷാജികുമാർ പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ളതാണ് വെള്ളിലാപ്പിള്ളി പുത്തൻകാവ് ഭഗവതിക്ഷേത്രം. കഴിഞ്ഞ നവംബർ 13-ന് ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ ഇവിടെ മൂന്നുദിവസം നീണ്ടുനിന്ന അഷ്ടമംഗല ദേവപ്രശ്നം നടത്തി. പ്രമുഖ ജ്യോതിഷ പണ്ഡിതൻ കോഴിക്കോട് വിജയരാഘവ പണിക്കരായിരുന്നു പ്രധാന ജോത്സ്യൻ.
രാശിപ്രകാരം ഈ ക്ഷേത്രത്തിന് 3000 വർഷത്തിനുമേൽ പഴക്കമുണ്ടെന്ന് ദേവപ്രശ്നവിധിയിൽ തെളിഞ്ഞു. പിന്നീട് ക്ഷേത്രം നാശോന്മുഖമാകുകയും ആരോ അന്നത്തെ വിഗ്രഹമെടുത്ത് ക്ഷേത്രത്തിന് ചുറ്റുവട്ടത്തുള്ള ജലാശയത്തിൽ തള്ളിയെന്നുമായിരുന്നു പ്രശ്നചിന്തയിൽ തെളിഞ്ഞത്. പിന്നീട് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് രാമപുരം പി.എസ്. ഷാജികുമാർ, സെക്രട്ടറി ബിജു പറോട്ടിയേൽ എന്നിവരുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾ ക്ഷേത്രവളപ്പിൽ പരിശോധിച്ചപ്പോഴാണ് ശോച്യാവസ്ഥയിലുള്ള ഒരു മണിക്കിണർ കണ്ടെത്തിയത്. വെള്ളം വറ്റിച്ചതോടെ താഴെ ചേറിൽ പുതഞ്ഞുകിടന്ന വിഗ്രഹം കണ്ടെത്തുകയായിരുന്നു. കരിങ്കൽ പീഠത്തിൽ ഉറപ്പിച്ചിരുന്ന വിഗ്രഹം മൂന്ന് കഷണമായി മുറിഞ്ഞ നിലയിലായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..