മാലിന്യവാഹിനിയായ കല്ലറ പഞ്ചായത്തിലെ കല്ലുകടവിൽതാഴം തോട്
കടുത്തുരുത്തി : കടുത്ത വേനലിൽ കുടിവെള്ളമില്ലാതെ ജനം വലയുമ്പോൾ നാട്ടിലെ ജലാശയങ്ങൾ മാലിന്യവാഹിനികൾ. പ്രശ്നപരിഹാരത്തിന് നടപടികളില്ല. ജലാശയങ്ങൾ ശുചീകരിക്കണമെന്നും കുടിവെള്ള സ്രോതസ്സുകൾ മലീമസമാക്കുന്നവർക്കെതിരേ നടപടികൾ വേണമെന്നും നാട്ടുകാർ.
കല്ലറ പഞ്ചായത്തിലെ പെരുന്തുരുത്ത്, കല്ലുകടവിൽതാഴം, മുണ്ടാർ, കളമ്പുകാട് പ്രദേശത്തെ തോടുകളെല്ലാം മാലിന്യം നിറഞ്ഞു ഉപയോഗശൂന്യമായിട്ട് വർഷങ്ങളായി.
വേനൽ കടുത്തതോടെ പ്രദേശവാസികളെല്ലാം കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴാണ് നിറയെ വെള്ളമുള്ള ജലാശയങ്ങൾ മാലിന്യം മൂടിക്കിടക്കുന്നത്. ഇവ ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ്.
പ്ലാസ്റ്റിക് തന്നെ വില്ലൻ
നാലതിരുകളും വെള്ളത്താൽ ചുറ്റപ്പെട്ട കല്ലറ പഞ്ചായത്തിലെ ജലാശയങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നതിന്റെ അളവ് ദിവസംതോറും കൂടിവരുകയാണ്.
നീരെഴുക്കില്ലാത്ത തോടുകളിൽ ഖരമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമെല്ലാം കുമിഞ്ഞുകൂടുകയാണ്. പായലിനോടൊപ്പം ഉപേക്ഷിക്കപ്പെട്ട മാലിന്യച്ചാക്കുകൾ ഇവിടത്തെ ജലാശയങ്ങളിൽ സ്ഥിരം കാഴ്ചകളാണ്. തോടുകളോട് ചേർന്ന് റോഡുകളുള്ള ഭാഗങ്ങളിലാണ് കൂടുതലും മാലിന്യം തള്ളുന്നത്. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരെ കണ്ടെത്താൻ പഞ്ചായത്ത് പല ഭാഗങ്ങളിലും ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രയോജനമില്ല.
ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസം പാടശേഖരത്തിൽ നെൽകൃഷിയുടെ ആവശ്യത്തിനായി കൈത്തോട് വൃത്തിയാക്കുന്നതിനിടെ ഉപയോഗിച്ച ഡയപ്പറുകൾ കണ്ടെത്തി. പെതുജന പങ്കാളിത്തത്തോടെ ഇത്തരം സാമൂഹികവിരുദ്ധരെ കണ്ടെത്താൻ പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..