പ്രാദേശിക കാലാവസ്ഥാനിരീക്ഷണ കേന്ദ്രങ്ങൾ കാലാവസ്ഥപോലെ, അനിശ്ചിതം


2 min read
Read later
Print
Share

കോട്ടയം: ജില്ലയുടെ മലയോരമേഖലയിലെ 19 ഗ്രാമപ്പഞ്ചായത്തുകളിൽ 20 ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ആശയക്കുഴപ്പം. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിയന്ത്രണത്തിൽ പാലക്കാട്ട് പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ (ഐ.ആർ.ടി.സി.) മുഖേന പദ്ധതി നടപ്പാക്കാനുള്ള നിർദേശത്തിന് സർക്കാർ അനുമതി നല്കിയില്ല. ദൈനംദിന പരിപാലനം, ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി എന്നിവയിൽ വ്യക്തതയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റിപ്പോർട്ട് നല്കിയതോടെയാണ് പദ്ധതി തടസ്സപ്പെട്ടത്. പഠിക്കാൻ വികേന്ദ്രീകൃതാസൂത്രണം സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതി യോഗമാണ് അതോറിറ്റിയെ ചുമതലപ്പെടുത്തിയത്.

ലക്ഷത്തിന്റെ പദ്ധതി

പദ്ധതി നടത്തിപ്പിനായി 19 ഗ്രാമപ്പഞ്ചായത്തുകൾ 20.90 ലക്ഷം രൂപയും അഞ്ച് ബ്ലോക്ക് പഞ്ചായത്തുകൾ 12.70 ലക്ഷം രൂപയും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി 2.5 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

ലക്ഷ്യമിട്ടത്

നിരീക്ഷണകേന്ദ്രങ്ങളിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ ജില്ലാ പഞ്ചായത്തിൽ സ്ഥാപിക്കുന്ന സർവർ വഴി ക്രോഡീകരിക്കും. ഇത് ദുരന്തനിവാരണ അതോറിറ്റിക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ജനങ്ങൾക്കും തത്സമയം അറിയാൻ കഴിയുന്ന നെറ്റ് വർക്ക് സംവിധാനവും തയ്യാറാക്കും. കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും ഡേറ്റ വിശകലനം ചെയ്യുന്നതിനും സാങ്കേതികവൈദഗ്ധ്യവും ശേഷിയുമുണ്ടെന്ന് ഐ.ആർ.ടി.സി. പറയുന്നു.

തടസ്സവാദങ്ങൾ

* സ്ഥിരം പരിപാലനവും സാങ്കേതിക വൈഭവവും വേണം. വാർഷിക പദ്ധതിയിൽ നടപ്പാക്കിയാൽ കാലാവധി കഴിയുന്നതോടെ ഇത് സാധ്യമാകാതെ വരും.

* കാലാവസ്ഥാ മാപിനികൾ സ്ഥാപിച്ചാൽ മാത്രം പ്രവചന-മുന്നറിയിപ്പ് കാര്യക്ഷമമാകില്ല. ഒരേ സ്ഥലത്ത് 10 വർഷമെങ്കിലും നിരീക്ഷണം നടത്തി വിശകലനം ചെയ്താലേ ആധികാരികമായി ഉപയോഗിക്കാൻ സാധിക്കൂ. 130-ലേറെ ഓട്ടോമാറ്റിക് സംവിധാനങ്ങളുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിൽ ഏഴുമുതൽ 12 വരെ സ്ഥലങ്ങളിലെ വിവരങ്ങൾ മാത്രമാണ് പ്രവചനത്തിനായി പ്രയോജനപ്പെടുത്തുന്നത്.

* സ്വകാര്യസ്ഥാപനങ്ങൾ ഓട്ടോമാറ്റിക് നിരീക്ഷണകേന്ദ്രങ്ങൾ സ്ഥാപിക്കട്ടെ.

വിവരം ലഭ്യമാക്കാൻ അവരുമായി വാർഷിക കരാറിൽ ഏർപ്പെടാം.

ഉപകരണം സ്ഥാപിക്കൽ, പരിപാലനം, മേൽനോട്ടം എന്നിവയുടെ ബാധ്യത ഇതിലൂടെ ഒഴിവാകും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഈ രീതിയാണ് ഉപയോഗിക്കുന്നത്.

* നിരീക്ഷണകേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ ഉത്പാദനമേഖലയ്ക്കും മറ്റ് വികസനപ്രവർത്തനങ്ങൾക്കും എങ്ങനെ ഉപയോഗിക്കാനാകുമെന്ന് പരിശോധിക്കണം.

കുസാറ്റ്, കേരള കാർഷിക സർവകലാശാല എന്നിവയുടെ സാങ്കേതിക ഉപദേശം കൂടി തേടാൻ അതോറിറ്റിയെ ചുമതലപ്പെടുത്തി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..