സി.എം.എസ്. കോളേജ് കാമ്പസിലെ ജൈവ ശീതകാല പച്ചക്കറികൃഷി വിളവെടുപ്പ്
കോട്ടയം : ‘കോളിഫ്ലവർ, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ നട്ടെങ്കിലും കാബേജാണ് കോളേജിൽ ഏറ്റവും കൂടുതൽ വിളഞ്ഞത്’. ചൂടുകൂടിയ കാലാവസ്ഥ കൃഷിയെ ചതിച്ചെങ്കിലും കോട്ടയം സി.എം.എസ്. കോളേജ് കാമ്പസിലെ കുട്ടികൾ നിരാശരല്ല. കിട്ടിയ വിളകൾ അധ്യാപകരും വിദ്യാർഥികളും കോളേജിലെ മറ്റ് ജോലിക്കാരും സന്തോഷപൂർവം പങ്കിട്ടെടുത്തു. സി.എം.എസ്. കോളേജിന്റെ നാഷണൽ സർവീസ് സ്കീമാണ് കാമ്പസിൽ ജൈവ ശീതകാല പച്ചക്കറികൃഷിയുടെ വിളവെടുപ്പ് നടത്തിയത്. ഇത് കൂടാതെ വെണ്ടയ്ക്ക, കക്കിരി, പച്ചമുളക് എന്നിവയും വിളവെടുത്തു. മത്സ്യക്കൃഷിയും കാമ്പസിൽ ചെയ്തിട്ടുണ്ട്. ഗിഫ്റ്റ് തിലോപ്പിയ ഇനത്തിൽപ്പെട്ട മത്സ്യമാണ് ഉള്ളത്. കൃഷിയിൽ തത്പരരായ കുട്ടികൾ, ക്ളാസാരംഭിക്കുംമുൻപേ കോളേജിലെത്തിയാണ് കൃഷിയുടെ കാര്യങ്ങളെല്ലാം ഒത്തൊരുമയോടെ പരിപാലിച്ചത്. ജൈവ കർഷകനായ അയ്മനം സ്വദേശിയായ ഷാൻ കല്ലുങ്കത്ര കുട്ടികൾക്ക് കൃഷിക്കാവശ്യമായ നിർദേശങ്ങൾ നൽകി. പ്രിൻസിപ്പൽ ഡോ. വർഗീസ് സി. ജോഷ്വാ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസേഴ്സ് ഡോ. കെ.ആർ. അജീഷ്, ഡോ. അമൃത റിനു എബ്രഹാം, വൊളന്റിയർ ലീഡേഴ്‌സ് ശ്രീജിത്ത് റെജി, ബാലമുരളി കൃഷ്ണ, എസ്. സംയുക്ത, അനഘ രാജീവ് എന്നിവർ കൃഷിക്ക് നേതൃത്വംനൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..