കോട്ടയം : ഭിന്നശേഷിക്കാരനായ മകന്റെ പേരിൽ ആധാർ എടുക്കാൻ വിജയമ്മ നടത്തിയ ശ്രമങ്ങളെല്ലാം പരാജയം. ശാരീരിക വൈകല്യമുള്ളതിനാൽ ബയോമെട്രിക് പഞ്ചിങ്ങിലൂടെ വിരലടയാളം എടുക്കാൻ കഴിയാത്തതാണ് പ്രശ്നം. റേഷൻ കാർഡിൽ മകന്റെ പേരുണ്ടെങ്കിലും ആധാർ ഇല്ലാത്തതിനാൽ റേഷൻ വിഹിതംപോലും നിഷേധിക്കപ്പെട്ട് ദുരിതത്തിലാണ് ഈ കുടുംബം.
ആലപ്ര കൊല്ലംപറമ്പിൽ കെ.ആർ.വിജയമ്മയും മകൻ സുനീഷ്‌കുമാറുമാണ് ഈ അമ്മയും മകനും. 53-കാരിയായ വിജയമ്മയുടെ ഭർത്താവും ഒരു മകനും നേരത്തേ മരിച്ചു. ഇളയമകൻ മോഹൻകുമാർ ഹൃദയാഘാതത്തെത്തുടർന്ന് ആറു വർഷം മുമ്പാണ് മരിച്ചത്. വർക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു ഭർത്താവ് ആർ.കെ.സോമൻ. പ്രമേഹത്തെത്തുടർന്ന് സോമന്റെ കാൽ മുറിച്ചുമാറ്റിയിരുന്നു. അഞ്ച് വർഷം ചികിത്സിച്ചു. രണ്ടര വർഷം മുമ്പാണ് മരിച്ചത്. അതിനകം ചികിത്സാ ചെലവുകൾ ഈ കുടുംബത്തെ ആകെ തളർത്തി.
35 വയസ്സുള്ള മൂത്തമകൻ സുനീഷിന് ജന്മനാ വൈകല്യമുണ്ട്. ഏഴര വയസ്സുള്ളപ്പോൾ ഹൃദയശസ്ത്രക്രിയ ചെയ്‌തിരുന്നു. ജോലിചെയ്ത് ജീവിക്കാൻ കഴിയില്ല. തൊഴിലുറപ്പ് ജോലിക്ക് പോകുന്ന വിജയമ്മയ്ക്ക് ഇപ്പോൾ മകനെ തനിച്ചാക്കി ജോലിക്ക് പോകാനുംവയ്യ. എന്തെങ്കിലും ആനുകൂല്യം കിട്ടുമെന്ന പ്രതീക്ഷയിൽ മകന് ആധാർ എടുക്കാൻ എരുമേലിയിലും കറിക്കാട്ടൂരിലുമുള്ള അക്ഷയ സെന്ററുകളിൽ പോയിരുന്നു. എന്നാൽ ബയോമെട്രിക് പഞ്ചിങ്ങിലൂടെ വിരലടയാളം പതിപ്പിക്കാനാകുന്നില്ലെന്നാണ് അക്ഷയസെന്ററുകാർ പറയുന്നത്.
റേഷൻ കാർഡിൽ പേരുണ്ടെങ്കിലും ആധാറില്ലാത്തതിനാൽ റേഷൻ ഉൾപ്പെടെ ഒരു ആനുകൂല്യവും സുനീഷിന്റെ പേരിൽ കിട്ടുന്നില്ല. കുടുംബത്തിന്റെ വരുമാനമെന്നു പറയാനുള്ളത് വിജയമ്മയ്ക്ക് അനുവദിച്ചിട്ടുള്ള വിധവാപെൻഷൻ മാത്രം. ആധാർ പ്രശ്നത്തിൽ പരിഹാരമുണ്ടാകാൻ അധികൃതർക്കാവില്ലേയെന്നാണ് വിജയമ്മ ചോദിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..