വൈക്കം : സംസ്ഥാന സർക്കാർ ഏപ്രിൽ ഒന്നിനു വൈക്കത്ത് നടത്തുന്ന സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഉദ്ഘാടനച്ചടങ്ങിൽ അരലക്ഷം കുടുംബശ്രീ പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനമായി. വൈക്കം നഗരം സാക്ഷ്യംവഹിക്കുന്ന ഏറ്റവും വലിയ ജനകീയ സമ്മേളനത്തിന്റെ സുരക്ഷാക്രമീകരണങ്ങളടക്കമുള്ളവ വിലയിരുത്തുന്നതിനായി മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. 10,000 പേർക്കിരിക്കാവുന്ന കൂറ്റൻ പന്തലാണ് വൈക്കത്തു സജ്ജീകരിക്കുന്നത്. പന്തലിലെ സുരക്ഷാക്രമീകരണങ്ങളും ശബ്ദ, വെളിച്ച വിന്യാസങ്ങളും സംബന്ധിച്ച കാര്യങ്ങളും യോഗം വിലയിരുത്തി.
യോഗത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, വൈക്കം എ.സി.പി. നകുൽ രാജേന്ദ്ര ദേശ്‌മുഖ്, ആർ.ഡി.ഒ. പി.ജി. രാജേന്ദ്ര കുമാർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ ഒന്നിന് വൈകീട്ട് 4.30-ന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്ന് നിർവഹിക്കും.
വൈക്കം സത്യാഗ്രഹം നടന്ന 603 ദിവസത്തെ അനുസ്മരിച്ച് സംസ്ഥാനത്തുടനീളം സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് 603 ദിവസം നീളുന്ന ശതാബ്ദി ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഒരുക്കങ്ങൾ ഇങ്ങനെ
വൈക്കം നഗരസഭയിൽ ഹരിതകർമസേനയുടെ സഹകരണത്തോടെ ശുചിത്വമുറപ്പാക്കൽ നടപ്പാക്കും. ആറ്റുകാൽ പൊങ്കാലയ്ക്ക് മണിക്കൂറുകൾക്കുള്ളിൽ തിരുവനന്തപുരം കോർപ്പറേഷൻ നഗരം ശുചിയാക്കിയത് മാതൃകയാക്കും.
ബീച്ച് പരിസരത്തെ പോള നീക്കൽ, വേദിക്കുസമീപത്തെ കാടുവൃത്തിയാക്കൽ എന്നിവ വേഗത്തിൽ പൂർത്തീകരിക്കും.
ഉദ്ഘാടന സമ്മേളനത്തിലെ ജനത്തിരക്ക് കണക്കിലെടുത്ത് രണ്ട് ആംബുലൻസുകളും മെഡിക്കൽ സംഘവും പൊതുജനങ്ങൾക്കായി സജ്ജമാക്കും.
ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി നൂറ് സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ സേവനവും ലഭ്യമാക്കും.
പാർക്കിങ് സൗകര്യങ്ങളൊരുക്കുന്ന നടപടിയും പുരോഗമിക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..