വിളക്ക് ഉടഞ്ഞെങ്കിലും ദീപം കെടില്ല


2 min read
Read later
Print
Share

: സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയായ പവ്വത്തിൽപിതാവിന്റെ ദേഹവിയോഗം വ്യക്തിപരമായി ഏറെ വേദനാജനകമാണ്. സെമിനാരിയിലേക്ക് പ്രവേശനം നൽകുകയും പരിശീലനകാലഘട്ടങ്ങളിൽ പിതൃതുല്യ വാത്സല്യത്തോടെ വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തിരുന്ന ‘സെമിനാരിക്കാരുടെ പിതാവ്’ (അങ്ങനെ വിളിക്കപ്പെടാനാണ് ആഗ്രഹമെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്). പിന്നീട് റീജൻസി കാലത്താണ് ബ്രദർ സെക്രട്ടറി എന്ന നിലയിൽ അടുത്തറിയാൻ ഭാഗ്യം കിട്ടിയത്. രണ്ടരവർഷം ഫാദർ സെക്രട്ടറി എന്ന ശുശ്രൂഷ കാലയളവിൽ കാണുകയും കേൾക്കുകയും നിരീക്ഷിക്കുകയും ചിലപ്പോഴൊക്കെ ചോദിച്ചറിയുകയും ചെയ്ത പവ്വത്തിൽപിതാവിനെക്കുറിച്ചുള്ള ഓർമക്കുറിപ്പാണിത്.

ആത്മീയ ആചാര്യൻ

അതിരാവിലെ ഉണർന്നു ജപമാലയിൽ ആരംഭിക്കുന്ന ജീവിതചര്യ അവസാനിക്കുന്നതും രാത്രി ജപം (ലെലിയ) കഴിഞ്ഞു ജപമാലയോടുകൂടിയാണ്. പരിശുദ്ധ അമ്മയോട് അനിതര സാധാരണമായ ഒരുഭക്തി പിതാവിനുണ്ടായിരുന്നു. കഴുത്തിലും, പോക്കറ്റിലും എപ്പോഴും കൊന്ത ഉണ്ടായിരുന്നു. മരിക്കുന്നതിന് ആഴ്ചകൾക്കുമുമ്പു പിതാവിനെ ആശുപത്രിയിൽ സന്ദർശിച്ചപ്പോഴും സംസാരത്തിന്റെ ഇടവേളകളിൽ ‘എന്റെ അമ്മേ എന്റെ ആശ്രയമേ’ എന്ന സുകൃതജപം ആവർത്തിച്ചിരുന്നതു കേൾക്കാൻ ഇടയായി.

അദ്‌ഭുതപ്പെടുത്തുന്ന അറിവ്

ഭൗതികമായി പിതാവിന് എന്തെങ്കിലും സമ്പാദ്യം ഉണ്ടെങ്കിൽ അതു പുസ്തകങ്ങൾ മാത്രമാണ്. അതിവേഗവായന പിതാവിന്റെ മാത്രം അനന്യമായ ‘അക്കാദമിക്‌ ട്രിക്’ ആണ്. ഒൻപതോളം പത്രങ്ങളുടെ വായനയിൽ ആരംഭിക്കുന്ന ദിവസത്തിന്റെ സിംഹഭാഗവും വായനയും എഴുത്തിലുമാണ് അവസാനിക്കുന്നത്. മൂർച്ചയുള്ള തൂലികയും കൂർമതയുള്ള ബുദ്ധിയും പിതാവിന്റെ ആയുധങ്ങളായിരുന്നു. മുറിയിലെ സാമാന്യം വലിയ ലൈബ്രറിയായിരുന്നു പിതാവിന്റെ സമ്പത്ത്‌.

അതിൽത്തന്നെ അമൂല്യമായിരുന്നു റാറ്റ്‌ സിങ്ങർ പിതാവിന്റെ (ബെനഡിക്ട് പതിനാറാമൻ പാപ്പ) എല്ലാ പുസ്തകങ്ങളുടെയും ശേഖരം. പിതാവിനോട് ഒരിക്കൽചോദിച്ചു ; ആവർത്തിച്ചു വായിച്ചിട്ടുള്ള പുസ്തകങ്ങൾ ഏതൊക്ക ?

മറുപടി ഇങ്ങനെ; ‘വിശുദ്ധ ബൈബിൾ, രണ്ടാം വത്തിക്കാൻ കൗൺസിൽ, ഭാരതത്തിന്റെ ഭരണഘടന’.

വ്യക്തിബന്ധങ്ങൾ

വ്യക്തിപരമായി കത്തുകൾക്ക് മറുപടി എഴുതുന്നൊരു പിതാവിനെക്കുറിച്ചു പറയാത്തവരായി ആരുമില്ല. പേര് ചൊല്ലി വിളിക്കുന്ന ഇടയൻ. ആശയങ്ങൾ തമ്മിൽ സംഘട്ടനങ്ങൾ നടത്താൻ മടിയില്ലാത്ത പിതാവിന് ആളുകൾ തമ്മിലുള്ള ഏറ്റുമുട്ടലുകളോട് എന്നും നീരസമായിരുന്നു.

ക്രാന്തദർശി

പവ്വത്തിൽ പിതാവിന്റെ ദീർഘ വീക്ഷണത്തിന്റെ അടിത്തറയിലാണ് ആധുനിക സിറോ മലബാർ സഭയുടെ വളർച്ച സാധ്യമായിരിക്കുന്നതെന്ന് കാലം തെളിയിച്ച സത്യമാണ്. കാര്യങ്ങൾ മുൻകൂട്ടി കാണാനും അതിനുപരിഹാരം കണ്ടെത്താനും പിതാവിനുള്ള സവിശേഷഗുണം ഈ കാലഘട്ടത്തിൽ സഭയെ ശത്രുക്കളുടെ ഉപദ്രവങ്ങളിൽനിന്ന് രക്ഷിച്ചിട്ടുണ്ട്.

ജോമോൻ കാക്കനാട്ട്

(മാർ പവ്വത്തിലിന്റെ മുൻ സെക്രട്ടറി)

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..