കോട്ടയം നഗരസഭയിലെ കൗൺസിൽ ഹാളിനുള്ളിൽ പ്രതിപക്ഷനേതാവ് അഡ്വ. ഷീജ അനിലിന്റെ നേതൃത്വത്തിൽ പ്രതിപക്ഷാംഗങ്ങൾ നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യനെ ഉപരോധിക്കുന്നു
കോട്ടയം : അഞ്ചുവർഷത്തെ കെട്ടിടനികുതി ഒന്നിച്ച് പിരിക്കാനുള്ള കോട്ടയം നഗരസഭാ അധികൃതരുടെ തീരുമാനത്തിൽ പ്രതിഷേധം. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യനെ നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാരുടെ നേതൃത്വത്തിൽ ഉപരോധിച്ചു. ഉപരോധത്തെത്തുടർന്ന് കൗൺസിൽ യോഗം ചേരാനും പ്രതിഷേധക്കാർ അനുവദിച്ചില്ല. ബുധനാഴ്ച രാവിലെയാണ് സംഭവം.
നഗരസഭയുടെ നേതൃത്വത്തിൽ അഞ്ചുവർഷത്തെ കുടിശ്ശിക, നികുതിദായകരിൽ നിന്നു ഒന്നിച്ച് പിരിക്കാൻ തീരുമാനിച്ചിരുന്നു. ഈ നികുതി പിരിവിലെ അധാർമികത പരിഹരിക്കാനായി 22 എൽ.ഡി.എഫ്. കൗൺസിലർമാർ ഒപ്പിട്ട് രണ്ടാഴ്ച മുൻപ് നഗരസഭാധ്യക്ഷയ്ക്ക് രേഖാ മൂലം നോട്ടീസ് നൽകി. എന്നിട്ടും പ്രത്യേക കൗൺസിൽ വിളിക്കാൻ നഗരസഭാധ്യക്ഷ തയ്യാറായില്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ചാണ് അഡ്വ. ഷീജ അനിലിന്റെ നേതൃത്വത്തിൽ നഗരസഭാധ്യക്ഷയെ കൗൺസിൽ ഹാളിനുള്ളിൽ ഉപരോധിച്ചത്. പ്രതിഷേധക്കാരുടെ സമ്മർദത്തിന് വഴങ്ങി വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് പ്രത്യേക കൗൺസിൽ വിളിക്കാമെന്ന് ഉറപ്പിന്മേലാണ് പ്രതിപക്ഷം ഉപരോധ സമരം അവസാനിപ്പിച്ചത്.
പ്രതിഷേധ സമരത്തിന് ജോസ് പള്ളിക്കുന്നേൽ, ജിബി ജോൺ, എൻ.എൻ. വിനോദ്, പി.വി. സുരേഷ്, സിന്ധു ജയകുമാർ, ജെയിംസ് പുല്ലൻപറമ്പേൽ, ദീപാമോൾ, വി.എൻ. സരസമ്മാൾ, എം.എസ്. വേണുക്കുട്ടൻ, സി.ജി. രഞ്ജിത്ത് തുടങ്ങിയവരും നേതൃത്വം നൽകി.
സർക്കാർ ഉത്തരവുകൾ കൃത്യമായി പഠിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ നികുതി പിരിക്കരുതെന്ന് എം.പി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് കൗൺസിലർമാരും ആവശ്യപ്പെട്ടിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..