കോട്ടയം: ചിറക്കടവ് സഹകരണബാങ്കിലെ 45.8 ലക്ഷം രൂപയുടെ നിക്ഷേപത്തട്ടിപ്പിലും കടുത്തുരുത്തി ബ്ലോക്കിലെ മുൻ പട്ടികജാതി വികസന ഓഫീസർ നടത്തിയ 3.55 ലക്ഷം രൂപയുടെ സർക്കാർ ഫണ്ട് തിരിമറിയിലും വിജിലൻസ് കേസെടുത്തു.
മുൻ സെക്രട്ടറി ചിറക്കടവ് നരിയനാനി താഴത്തേടത്ത് സി.പി.നജീബും 2018 ജനുവരി എട്ടുമുതൽ 2019 ഫെബ്രുവരി 23 വരെ ജോലി ചെയ്തിരുന്നവരുമാണ് ചിറക്കടവ് ബാങ്കിലെ തട്ടിപ്പിലുൾപ്പെട്ടവർ. കടുത്തുരുത്തി തട്ടിപ്പിൽ മാവേലിക്കര പോനകം തുളസീനിവാസിൽ പി.ബിജിയാണ് ഒന്നാംപ്രതി. ഇദ്ദേഹം ഇപ്പോൾ ചെങ്ങന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസറാണ്.
ബാങ്കിന്റെ ഡേറ്റാബേസ്തിരുത്തി
ചിറക്കടവ് ബാങ്കിലെ നിക്ഷേപകരുടെ പണം കോട്ടയം ജില്ലാ സഹകരണബാങ്കിന്റെ കാഞ്ഞിരപ്പള്ളി ശാഖയിലാണ് നിക്ഷേപിച്ചിരുന്നത്. ഇതിന്റെ പലിശ കൈക്കലാക്കുന്നതിന് വ്യാജ അക്കൗണ്ടുകളുണ്ടാക്കി. ബാങ്കിലെ കംപ്യൂട്ടർ ശ്രൃംഖലയിൽ മാറ്റംവരുത്തിയായിരുന്നു തട്ടിപ്പിന് കളമൊരുക്കിയത്. ഡേറ്റ ബേസ് ഡെവലപ്പ്മെന്റ് ടൂൾ ഉപയോഗിച്ച് ഹെഡ് ഓഫ് അക്കൗണ്ട്, അക്കൗണ്ട് നമ്പർ എന്നിവ എഡിറ്റുചെയ്തു.
ഇങ്ങനെ 2016 ജനുവരി എട്ടിന് മൂന്നുതവണയായി 37 ലക്ഷം രൂപ കൈക്കലാക്കി. ബാങ്കിലെ നിക്ഷേപകൻ പരേതനായ ഇസ്മയിലിന്റെ അക്കൗണ്ടിലേക്കാണ് ആദ്യം 10 ലക്ഷം രൂപ മാറ്റിയത്.
തുടർന്ന് എബ്രഹാം, മാത്യു എന്നീ പേരിലുണ്ടാക്കിയ രണ്ട് വ്യാജ അക്കൗണ്ടിലൂടെ 27 ലക്ഷം രൂപ മാറിയെടുത്തു.
ജനുവരി 14-ന് ശശികുമാർ എന്ന വ്യാജ അക്കൗണ്ടിലൂടെ ഏഴുലക്ഷം കൈക്കലാക്കി.
പിന്നീട് പണാപഹാരണം നടത്തിയത് 2019 ഫെബ്രുവരി 26-നാണ്. ആദ്യഘട്ടത്തിൽ തട്ടിപ്പിന് ഉപയോഗിച്ച എബ്രഹാമിന്റെ അക്കൗണ്ടിലൂടെ 1.8 ലക്ഷവും പിൻവലിച്ചു. ഇസ്മയിൽ ഒഴികെയുള്ള എല്ലാ അക്കൗണ്ടുകളും വ്യാജമേൽവിലാസം ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും സെക്രട്ടറിയുടെ കംപ്യൂട്ടർ പരിജ്ഞാനം തട്ടിപ്പിന് വിനിയോഗിച്ചെന്നും പ്രഥമ വിവര റിപ്പോർട്ട് പറയുന്നു.
വീടുപണിയുടെ പേരിൽ തട്ടിപ്പ്
കടുത്തുരുത്തിയിൽ വീടുപണി പൂർത്തിയായവർക്ക് വീണ്ടും അതിനായി സഹായം അനുവദിച്ചാണ് പി.ബിജി 3.55 ലക്ഷം കൈക്കലാക്കിയത്. കല്ലറ സൗത്ത് കൊച്ചുകുന്നുംപുറത്ത് കെ.ദിനേശ്, കുടിലിൽപറമ്പിൽ കെ. ശശിധരൻ, ഭാര്യ സി.കെ. രാധ എന്നിവരും കൂട്ടുപ്രതികളാണ്. പട്ടികജാതി വികസന വകുപ്പിന്റെ ഭവന പദ്ധതിയിൽ പി.കെ.സതീശൻ, കെ.വി.റജിമോൻ, ലളിതാംബിക തങ്കപ്പൻ എന്നിവർക്ക് വീണ്ടും സഹായധനം അനുവദിക്കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
വീടിന്റെ വിവിധ ഘട്ടങ്ങൾ പൂർത്തിയായതായി വ്യാജരേഖ ചമച്ച് പണം നല്കാൻ ബിജി മേലധികാരിക്ക് ശുപാർശചെയ്തു. ഇങ്ങനെ പല ഗഡുക്കളായിവന്ന പണം കൂട്ടുപ്രതികൾ വാങ്ങിയെടുത്ത് ബിജിക്ക് കൈമാറിയെന്നാണ് കേസ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..