ഈരാറ്റുപേട്ട മറ്റകൊമ്പനാൽ എം.എഫ്. അബ്ദുൽ ഖാദറിന്റെ പുരയിടത്തിൽ തള്ളിയ, മീനച്ചിലാറിലെ മണലിലും മണ്ണിലും പാഴ്‌ചെടികൾ വളർന്ന നിലയിൽ
ഈരാറ്റുപേട്ട : മീനച്ചിലാർ പുനർജനി എന്ന പേരിൽ മീനച്ചിലാറ്റിൽനിന്ന് വാരിയ മണലും മണ്ണും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിൽ കാടുപിടിച്ച് കിടക്കുന്നു. ഒരു വർഷം കഴിഞ്ഞിട്ടും ഇവ മാറ്റാൻ അധികൃതർ തയ്യാറാകാത്തതിനാൽ ഇവിടെ കൃഷിചെയ്യാൻ സാധിക്കാത്ത നിലയിലാണ് സ്ഥലമുടമകൾ.മണലും മാലിന്യവും അടിഞ്ഞ് ഒഴുകാൻ ഇടയില്ലാതെ നാടിനെ പ്രളയത്തിൽ മുക്കുന്ന മീനച്ചിലാറിനെ സംരക്ഷിക്കാനായാണ് സംസ്ഥാന ജല വിഭവവകുപ്പ് നടപ്പാക്കിയ റൂം ഫോർ റിവർ പദ്ധതിയുടെ ഭാഗമായി മണലും മണ്ണും കഴിഞ്ഞ മാർച്ചിൽ വാരിയത്. രണ്ടാഴ്ചയ്ക്കകം മണലും മണ്ണും മാറ്റുമെന്നാണ് സ്ഥലമുടമകൾക്ക് ജലവിഭവ വകുപ്പ് അധികൃതർ ഉറപ്പ് കൊടുത്തത്. ഇവ വാരിയിട്ടും കഴിഞ്ഞ മഴക്കാലത്ത് വെള്ളപ്പൊക്കം ഉണ്ടായതായും മണ്ണിട്ട സ്ഥലത്ത് പാഴ്‌ചെടികൾ വളർന്ന് ഇഴജന്തുക്കൾ പെരുകിയതായും സ്ഥലംഉടമകൾ പരാതിപ്പെടുന്നു. ആകെ 2200 ലോഡ് മണലും ചെളിയുമാണ് മീനച്ചിലാറ്റിൽനിന്ന് വാരി അഞ്ച് സ്ഥലങ്ങളിൽ ഇട്ടത്.
ഈരാറ്റുപേട്ട നഗരസഭയുടെ കിഴക്കൻ അതിർത്തിയായ കാരക്കാട് ഭാഗം മുതൽ അൽമനാർ സ്‌കൂൾവരെ കാരക്കാട്, ഈലക്കയം, അൽമനാർ എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ചാണ് നദി ശുചീകരണം നടത്തിയത്. ഇതിനുവേണ്ടി ഈരാറ്റുപേട്ട നഗരസഭ 20 ലക്ഷം രൂപ ചെലവഴിച്ചു. എന്നാൽ, ഈ തുക ഇതുവരെയും ജലവിഭവ വകുപ്പ് നൽകിയിട്ടില്ല. മണലും മണ്ണും ലേലംചെയ്യാൻ ജലവിഭവ വകുപ്പ് അമിതമായ തുകയാണ് ക്വട്ടേഷൻ ഇട്ടത്. ഇതുകാരണം ലേലം വിളിച്ചെങ്കിലും ആരുമെത്തിയില്ല. ഇതുകൊണ്ടാണ് മണൽനീക്കം ചെയ്യാൻ സാധിക്കാത്തതെന്നും കഴിഞ്ഞ മഴയിൽ 30-ശതമാനം മണലും ആറ്റിലേക്ക് ഒഴുകിപ്പോയതായും നഗരസഭാ അധികൃതർ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..