Caption
ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജിന്റെ സമഗ്രമായ മുഖംമാറ്റവുമായി വിവിധ പദ്ധതികൾ പരിഗണനയിൽ. ആശുപത്രിയിലേക്ക് അപകടമില്ലാതെ എത്തുവാനുള്ള അടിപ്പാത, ആശുപത്രിക്ക് മുന്നിൽ തന്നെ അടിയന്തര ചികിത്സ ലഭ്യമാക്കുന്ന ക്രിട്ടിക്കൽ െകയർ യൂണിറ്റ്, അത്യാഹിത വിഭാഗത്തിലേക്ക് നേരെ എത്തുന്നതിനുള്ള ആധുനിക റോഡ് എന്നിവയാണ് പദ്ധതികൾ. സഹകരണ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലപരിശോധന നടത്തി പദ്ധതി തയ്യാറാക്കലിന്റെ ഘട്ടത്തിലാണ്.
നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തുന്നവർ ബസ്‌സ്റ്റാൻഡിൽനിന്നു ആശുപത്രിക്ക് മുന്നിലൂെട റോഡ് മുറിച്ചുകടന്നാണ് പോകുന്നത്. ഇപ്പോൾ വിഭാവനംചെയ്തിരിക്കുന്ന അടിപ്പാത മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിന് സമീപത്തുനിന്നു ആരംഭിച്ച് ആശുപത്രി കവാടത്തിന്റെ വലതുവശത്ത് താഴെയുള്ള ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെൻററിന്റെ മുന്നിൽ എത്തും. 22 കോടിരൂപയുടെ പദ്‌ധതിയാണിത്.
ക്രിട്ടിക്കൽ കെയർ യൂണിറ്റ്
അടിയന്തര ചികിത്സയും ശസ്ത്രക്രിയയും വേണ്ട രോഗികളെ പ്രവേശിപ്പിക്കുന്ന വിഭാഗമാണ് ക്രിട്ടിക്കൽ കെയർ യൂണിറ്റ്. ആശുപത്രിയുടെ പ്രവേശന കവാടത്തിന് സമീപം ധന്വന്തരി സെന്ററിനോട് േചർന്ന് പുതിയ ബ്ലോക്ക് നിർമിക്കാനാണ് ആലോചന. മൂന്നു നിലകളുള്ള കെട്ടിടത്തിൽ അടിയന്തര ചികിത്സ വേണ്ട രോഗികൾക്ക് അത്യാഹിത വിഭാഗത്തിൽ എത്താതെ തന്നെ മികച്ച ചികിത്സ പെട്ടെന്ന് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. 24 കോടി രൂപയോളം ചെലവ് വരും.
നിലവിൽ ആശുപത്രിയുടെ മുൻവശത്തുനിന്നു മൂന്ന് വളവ് തിരിഞ്ഞാണ് അത്യാഹിത വിഭാഗത്തിന് മുന്നിലേക്ക് രോഗിയുമായുള്ള വാഹനം എത്തുന്നത്.
നിലവിലുള്ള റോഡിന് വീതികൂട്ടി രണ്ടായി പകുത്ത് നിർമിക്കാനാണ് തീരുമാനം. ഇപ്പോഴത്തെ ധന്വന്തരി സെന്ററിന്റെ സമീപത്തുള്ള സ്ഥലം ഉൾപ്പെടുത്തി റോഡിന് വീതികൂട്ടി നേർവഴിയാക്കി അത്യാഹിത വിഭാഗത്തിന് മുന്നിലേക്ക് എത്തിക്കും.
ഇതോടെ റോഡിൽനിന്നു വളരെ വേഗം രോഗിയെ അത്യാഹിത വിഭാഗത്തിൽ എത്തിക്കാനാകും.
റോഡിന്റെ വലതുഭാഗത്തുകൂടി ഇപ്പോഴുള്ളതുപോലെതന്നെ ഒ.പി. അടക്കമുള്ള വിഭാഗങ്ങളിലേക്കും പോകാനാകും.
മന്ത്രി വി.എൻ.വാസവന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ഡോ. ആർ. ശങ്കർ, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, പി.ഡബ്ല്യു.ഡി. അടക്കമുള്ള വിവിധ വിഭാഗം അധികൃതർ, ഡി.സി.എച്ച്. പ്രതിനിധികൾ എന്നിവർ ചേർന്ന് പദ്ധതി വിശകലനംചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..