Caption
കോട്ടയം : നഗരസഭാ കൗൺസിൽ ചർച്ചയ്ക്കിടെ പ്രതിപക്ഷാംഗത്തിന്റെ സംസാരസമയം നീണ്ടതിനെചൊല്ലിയാണ് കൗൺസിലിൽ വാക്കേറ്റവും പ്രതിഷേധവും അരങ്ങേറിയത്. യോഗം അവസാനിപ്പിച്ച് പുറത്തേക്കിറങ്ങിയ ചെയർപേഴ്സണെ തടയുന്നതിനിടെ വൈസ് ചെയർമാൻ ബി. ഗോപകുമാറിനെ പ്രതിപക്ഷ വനിതാ കൗൺസിലർ തള്ളിയിട്ടു. കെട്ടിട നികുതിയുമായി ബന്ധപ്പെട്ട അടിയന്തര കൗൺസിൽ യോഗ ചർച്ചയ്ക്കിടെ ഇടതുപക്ഷ കൗൺസിലർ ജിബി ജോൺ കൂടുതൽ സമയമെടുത്തപ്പോൾ മറ്റ് കൗൺസിലർമാരുടെ സമയത്തെ ബാധിക്കുമെന്ന് ബി.ജെ.പി. കൗൺസിലർ വിനു ആർ. മോഹൻ പറഞ്ഞു.
ഇതിനെ പിന്തുണച്ച് വൈസ് ചെയർമാൻ ബി. ഗോപകുമാർ, അഡ്വ. ടോം കോര, ഡോ. പി.ആർ. സോന തുടങ്ങിയ യു.ഡി.എഫ്. കൗൺസിലർമാരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ യോഗം ബഹളമയമാകുകയായിരുന്നു.
നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യന്റെ ഡയസ് വളഞ്ഞ് കൗൺസിലർമാർ ചേരിതിരിഞ്ഞായിരുന്നു വാഗ്വാദം. അടിയന്തര പ്രാധാന്യമുള്ള വിഷയം സമയമെടുത്ത് ചർച്ച ചെയ്യുന്നതിന് വിശദീകരണം ഏറെ ആവശ്യമാണെന്ന് പ്രതിപക്ഷം പറഞ്ഞു.
എന്നാൽ, അജൻഡയിലെ വിഷയം പറയുന്നതിന് തടസ്സമില്ലെന്നും വിഷയത്തിൽനിന്ന് വ്യതിചലിച്ച് സംസാരസമയം നീട്ടിക്കൊണ്ടുപോകാൻ പറ്റില്ലെന്നും യു.ഡി.എഫ്., ബി.ജെ.പി. അംഗങ്ങളും ചൂണ്ടിക്കാട്ടി.
മുനിസിപ്പൽ ആക്ട് പ്രകാരം ഒരംഗത്തിന് നാലുമിനിറ്റാണ് കൗൺസിൽ യോഗത്തിൽ സംസാരിക്കാൻ അവസരമുള്ളതെന്ന്
വൈസ് ചെയർമാൻ വ്യക്തമാക്കി. ഇതോടെ യോഗം അലങ്കോലപ്പെട്ടു.
യു.ഡി.എഫ്. അംഗങ്ങൾ ബിൻസിയെ പുറത്തെത്തിച്ചു. തുടർന്ന് യോഗം പ്രതിപക്ഷ കൗൺസിലർ ജോസ് പള്ളിക്കുന്നേലിന്റെ അധ്യക്ഷതയിൽ തുടർന്നു. യു.ഡി.എഫിലെ ഒൻപത് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.
ജനകീയ പ്രശ്നമാണ്
ജനങ്ങളെ ബാധിക്കുന്ന പ്രശ്നമായതിനാലാണ് യോഗത്തിൽ തുടർന്നതെന്ന് യു.ഡി.എഫ്. കൗൺസിലർ പറഞ്ഞു. ഈ പ്രശ്നത്തിൽ വ്യാപകമായ പരാതിയുണ്ട്. സർക്കാരിൽനിന്ന് വ്യക്തത തേടണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം സൃഷ്ടിച്ച ബഹളം
പ്രതിപക്ഷം മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ചതാണെന്നും പ്രസംഗം നീണ്ടുപോയപ്പോൾ മൂന്നുതവണ നിർത്താൻ ആവശ്യപ്പെട്ടതായും ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു. എന്നിട്ടും ബഹളം തുടർന്നപ്പോഴാണ് യോഗം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
ചെയർപേഴ്സൺ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..