Caption
കോട്ടയം : കാറിടിച്ചതിനെതുടർന്നുണ്ടായ തർക്കത്തിനിടെ യുവതിയോട് അതിക്രമം കാണിച്ച മൂന്നുപേരെ പോലീസ് പിടികൂടി. ചങ്ങനാശ്ശേരി പായിപ്പാട് പള്ളിക്കച്ചിറ ഓമണ്ണിൽ വീട്ടിൽ അനന്തു (22), ചങ്ങനാശ്ശേരി തൃക്കൊടിത്താനം പാറപ്പറമ്പിൽ വീട്ടിൽ പ്രവീൺ കുമാർ (23), ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി കല്ലുംകുളം വീട്ടിൽ നന്ദു വിനോദ് (21) എന്നിവരെയാണ് ചിങ്ങവനം പോലീസ് ഇൻസ്പെക്ടർ ടി.ആർ. ജിജു അറസ്റ്റുചെയ്തത്.
ബുധനാഴ്ച രാവിലെ എം.സി.റോഡിൽ ചിങ്ങവനം കുറിച്ചി ഔട്ട് പോസ്റ്റിനു സമീപം പ്രതികൾ പാർക്കുചെയ്ത കാർ മുമ്പോട്ട് എടുക്കുന്നതിനിടെ തിരുവല്ല കോയിപ്പുറം സ്വദേശിനിയായ യുവതിയുടെ കാറിൽ ഇടിക്കുകയായിരുന്നു. ഇതേച്ചൊല്ലി യുവതിയുമായി പ്രതികൾ വാക്കേറ്റത്തിലേർപ്പെടുകയും തുടർന്ന് അതിക്രമം കാട്ടുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത് ചിങ്ങവനം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളായ അനന്തു, പ്രവീൺകുമാർ എന്നിവർ തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെ റൗഡിപട്ടികയിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..