പാലാ സെയ്ന്റ് തോമസ് കോളേജ് അലുമ്‌നി അസോസിയേഷൻ ഏർപ്പെടുത്തിയ ബിഷപ്പ് വയലിൽ അവാർഡ് ലഫ്. ജനറൽ മൈക്കിൾ മാത്യൂസിന് ജസ്റ്റിസ് സിറിയക് ജോസഫ് സമ്മാനിക്കുന്നു
പാലാ : നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിൽ പൊതുസമൂഹത്തിന്റെ നിതാന്ത ജാഗ്രത ആവശ്യമാണെന്ന് കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. പാലാ സെയ്ന്റ് തോമസ് കോളേജ് അലുമ്‌നി അസോസിയേഷൻ ഏർപ്പെടുത്തിയ ബിഷപ്പ് വയലിൽ അവാർഡ് ലഫ്. ജനറൽ മൈക്കിൾ മാത്യൂസിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജുഡീഷ്യറിയുടെ തീർപ്പുകൾ നീതിയുടെയും സത്യത്തിന്റെയും അടിസ്ഥാനത്തിലുള്ളതാണ്. ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ച ലോകായുക്തയുടെ വിധിന്യായത്തിൽ സ്ഥാനം നഷ്ടപ്പെട്ട വ്യക്തി തനിക്കുനേരേയും തന്റെ കുടുംബാംഗങ്ങൾക്കുനേരേയും ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചിട്ടും സാംസ്‌കാരിക നായകന്മാരും സാഹിത്യനായകരും പൊതുപ്രവർത്തകരും നിശ്ശബ്ദത പുലർത്തിയത് അതീവ ദുഃഖകരമായ അനുഭവമായിരുന്നു. ലോകായുക്തയുടെ പേരുതന്നെ ജനമറിഞ്ഞത് ഈ അടുത്ത നാളുകളിലാണെന്നും അതിൽ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റ് ഡിജോ കാപ്പൻ അധ്യക്ഷത വഹിച്ചു. സെയ്ന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. ജെയിംസ് ജോൺ മംഗലത്ത്, ഡോ. സാബു ഡി. മാത്യു, ഡോ. സോജൻ പുല്ലാട്ട്, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഫാ. പൗലോസ് കുന്നത്തേടം അവാർഡ് ഫാ. തോമസ് ഓലിക്കലിന് ഫാ. ജോസഫ് തടത്തിൽ സമ്മാനിച്ചു. ലോക മാസ്റ്റേഴ്‌സ് നീന്തൽ മത്സരത്തിൽ മെഡൽ നേടിയ പ്രൊഫ. കെ.സി. സെബാസ്റ്റ്യൻ, റ്റി.ജെ. തോമസ് തോപ്പിൽ, ഭാരോദ്വഹനത്തിൽ സമ്മാനം നേടിയ ഗോപാലകൃഷ്ണൻ പടിപ്പുരയ്ക്കൽ എന്നിവരെ ആദരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..