Caption
വൈക്കം: “അപ്പൂപ്പൻ സമൂഹത്തെ മാറ്റിമറിക്കുന്നതിന് വലിയ പോരാട്ടം നടത്തി. അതിന്റെ പ്രസക്തി എന്നുമുണ്ട്.” -ടി.കെ. മാധവന്റെ കൊച്ചുമകൾ ഡോ.വിജയനായർ പറയുന്നു. ആരോഗ്യംപോലും നോക്കാതെ അപ്പൂപ്പൻ നടത്തിയ പോരാട്ടം സമൂഹത്തെ ഒന്നിപ്പിച്ചെന്ന് അവർ അഭിമാനത്തോടെ ഒാർക്കുന്നു. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഡോ.വിജയനായർ ബുധനാഴ്ച വൈക്കത്ത് എത്തും.
അമ്മ പറഞ്ഞാണ് തനിക്ക് അപ്പൂപ്പന്റെ കാര്യങ്ങൾ അറിവുള്ളതെന്ന് ഡോ. വിജയ പറയുന്നു. ശ്വാസംമുട്ടൽ മുത്തച്ഛനെ വല്ലാതെ അലട്ടിയിരുന്നു. വാഹനങ്ങൾ ഇന്നത്തെപ്പോലെ ഇല്ലാത്തതിനാൽ നടപ്പുമേറും. പൊതുകാര്യങ്ങൾക്കുശേഷം വീട്ടിലെത്തുമ്പോൾ ആരോഗ്യം വളരെ മോശമായിരിക്കും. ഉമ്മറത്ത് രണ്ട് കയറുകൾ കെട്ടിത്തൂക്കിയിരുന്നു. അതിൽ രണ്ട് കൈകൊണ്ടും പിടിച്ച് കുറച്ചുനേരം അപ്പൂപ്പൻ നിൽക്കും. ആ നിൽപ്പിൽ ശ്വാസം വേണ്ടത്ര കിട്ടാൻ ശ്രമിക്കും. ശ്വാസം നേരെവീണാലേ അമ്മൂമ്മയോട് സംസാരിക്കൂ. പൊതുകാര്യങ്ങൾ മുഴുവൻപറയും. തന്റെ പരിശ്രമങ്ങൾ ഏതുവരെ എത്തിയെന്നും. ഗാന്ധിജിയുമായുള്ള ബന്ധം അദ്ദേഹത്തിന് വളരെ വിലപ്പെട്ടതായിരുന്നു. ദേശീയ പ്രസ്ഥാനത്തിലെ എല്ലാ നേതാക്കളും വീട്ടിൽ വന്നിട്ടുണ്ട്.
മക്കളുടെ വിദ്യാഭ്യാസത്തിൽ അപ്പൂപ്പൻ വളരെ ശ്രദ്ധിച്ചു. തന്റെ അമ്മ (ഡോ.രുക്‌മിണി) ഡോക്ടറായത് അപ്പൂപ്പന്റെ താത്പര്യത്തിലാണ്. സർദാർ കെ.എം. പണിക്കർക്ക് അപ്പൂപ്പൻ കത്തയച്ചു. മെഡിസിന് പ്രവേശനം കിട്ടുമോ എന്നറിയാനായിരുന്നു. അപ്പൂപ്പൻ മരിച്ചതിനുശേഷമാണ് ആ കത്ത് സർദാർ പണിക്കർക്ക് കിട്ടുന്നത്. പക്ഷേ, അദ്ദേഹം മെഡിക്കൽ സീറ്റ് ഉറപ്പാക്കി. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് നൽകിയ പ്രാധാന്യം അമ്മ പറഞ്ഞറിയാം. താനും ഡോക്ടറായത് ആ നിശ്ചയദാർഢ്യം വീട്ടിൽ എല്ലാവർക്കും കിട്ടിയത് കൊണ്ടാണ് -ഡോ.വിജയനായർ പറയുന്നു.
സർദാർ പണിക്കർ തന്നെ മുൻകൈയെടുത്ത് തന്റെ കുടുംബ സുഹൃത്തായിരുന്ന നാരായണൻ നായരെക്കൊണ്ട് രുക്‌മിണിയെ വിവാഹം ചെയ്യിക്കുകയായിരുന്നു. അവരുടെ മകളാണ് ഡോ. വിജയനായർ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..