എരുമേലി : 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്രന്റെ പിന്തുണയോടെ ഭരണം ഉറപ്പിച്ചാണ് എരുമേലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. അംഗങ്ങൾ എത്തിയത്. സ്വതന്ത്രനെ ഒപ്പംകൂട്ടി യു.ഡി.എഫ്.-12, എൽ.ഡി.എഫ്.-11 എന്നിങ്ങനെയായിരുന്നു കക്ഷിനില.
പ്രസിഡന്റ് സ്ഥാനാർഥിയെ നിശ്ചയിച്ച് ഭരണം ഉറപ്പിച്ച യു.ഡി.എഫിന് ഒഴക്കനാട് വാർഡ് അംഗം പി.എ. സുനിമോളുടെ വോട്ട് അസാധുവായത് തിരിച്ചടിയായി.
കക്ഷിനില തുല്യമായതോടെ നറുക്കെടുപ്പിൽ സി.പി.എമ്മിലെ തങ്കമ്മ ജോർജുകുട്ടി പ്രസിഡന്റായി. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടുകൾ അസാധുവാകാതെ കോൺഗ്രസിനെ പിന്തുണച്ച വാർഡംഗം ബിനോയി ഇലവുങ്കൽ വൈസ് പ്രസിഡന്റായി.
കോൺഗ്രസിനെ പിന്തുണച്ച ബിനോയിയെ അവിശ്വാസത്തിലൂടെ എൽ.ഡി.എഫ്. പുറത്താക്കി.
സി.പി.ഐ.യിലെ അനിശ്രീ സാബു വൈസ് പ്രസിഡന്റായി. ആറ് മാസത്തിന് ശേഷം യു.ഡി.എഫ്. അവിശ്വാസം കൊണ്ടുവന്നെങ്കിലും കൈപ്പത്തി ചിഹ്നത്തിൽ വിജയിച്ച തുമരംപാറ വാർഡ് അംഗം പ്രകാശ് പള്ളിക്കൂടം പങ്കെടുക്കാഞ്ഞതിനാൽ അവിശ്വാസം പരാജയപ്പെട്ടു.
ഭാഗ്യവും നിർഭാഗ്യവും മാറിമറിഞ്ഞ കഥകളാണ് എരുമേലിയിൽ.
ഒഴക്കനാട് വാർഡ് അംഗത്തിന് സർക്കാർ ജോലി കിട്ടിയതിനാൽ അംഗത്വം രാജിവെച്ചതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ അനിതാ സന്തോഷ് വിജയിച്ച് യു.ഡി.എഫ്. സീറ്റ് നിലനിർത്തി.
23 അംഗങ്ങളിൽ സ്വതന്ത്രനെ ഒപ്പംകൂട്ടി 12 അംഗങ്ങളുമായാണ് യു.ഡി.എഫ്. അവിശ്വാസം അവതരിപ്പിച്ചത്.
സ്വതന്ത്രന് വൈസ് പ്രസിഡന്റ് സ്ഥാനം വാഗ്ദാനംചെയ്തും പ്രസിഡന്റിനെതിരേ യു.ഡി.എഫ്. നൽകിയ അവിശ്വാസത്തിൽ പങ്കെടുക്കാഞ്ഞ പ്രകാശ് പള്ളിക്കൂടത്തിനെതിരേയുള്ള കേസ് പിൻവലിച്ചുമാണ് ഇരുവരെയും ഒപ്പംനിർത്തി എരുമേലി പഞ്ചായത്തിൽ എൽ.ഡി.എഫിനെതിരേയുള്ള അവിശ്വാസം യു.ഡി.എഫ്. വിജയിപ്പിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..