Caption
വൈക്കം : വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കെ.പി.സി.സി. നേതൃത്വം നൽകുന്ന അഞ്ച് ഛായാചിത്ര ജാഥകൾ 29-ന് വൈകീട്ട് അഞ്ചിന് വൈക്കം വലിയ കവലയിൽ എത്തിച്ചേരും.
ഛായാചിത്രങ്ങളെല്ലാം സമ്മേളന നഗരിയിൽ സ്ഥാപിക്കും. 30-ന് വൈകീട്ട് മൂന്നിന് ബീച്ച് മൈതാനത്ത് എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഉദ്ഘാടനം ചെയ്യും.
31-ന് വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷസമിതിയുടെ ആഘോഷം. നാലിന് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ, ടി.കെ. മാധവന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തും. ബോട്ട് ജെട്ടി മൈതാനത്ത് സമ്മേളനം. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, സത്യാഗ്രഹികളുടെ പിൻതലമുറക്കാർ എന്നിവർ പങ്കെടുക്കും.
ഏപ്രിൽ ഒന്നിന് സംസ്ഥാന സർക്കാരിന്റെ പരിപാടി പിണറായി വിജയനും എം.കെ. സ്റ്റാലിനും ചേർന്ന് ഉദ്ഘാടനം ചെയ്യും. വലിയ കവലയിലുള്ള മഹാത്മാഗാന്ധി, തന്തൈ പെരിയോർ, ടി.കെ. മാധവൻ, മന്നത്ത് പദ്മനാഭൻ, സത്യാഗ്രഹത്തിൽ പങ്കെടുത്ത ബാഹുലേയൻ, കുഞ്ഞാപ്പി, ഗോവിന്ദപിള്ള, ആമചാടി തേവൻ എന്നിവരുടെ പ്രതിമകളിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് ഉദ്ഘാടനച്ചടങ്ങ്.
ഏപ്രിൽ ഒന്നിന് തന്നെയാണ് എസ്.എൻ.ഡി.പി.യോഗത്തിന്റെ ആഘോഷം. അച്ചിനകത്തുനിന്ന് രാവിലെ ഒൻപതിന് വൈക്കത്തേക്ക് പദയാത്ര പുറപ്പെടും. യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് ക്യാപ്റ്റനായുള്ള വിളംബര പദയാത്ര യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. രണ്ടിന് പദയാത്ര കിഴക്കേ അതിർത്തിയായ ഇടവട്ടത്തുനിന്ന് പുറപ്പെടും. രമേശ് ചെന്നിത്തല എം.എൽ.എ. മുഖ്യാതിഥിയാകും.
മൂന്നിന് വിളംബര പദയാത്ര വടക്കേ അതിർത്തിയായ കാട്ടിക്കുന്നിൽനിന്ന് പുറപ്പെടും. ആശ്രമം സ്കൂളിലാണ് എല്ലാ ജാഥകളും സംഗമിക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..