Caption
വൈക്കം: വൈക്കം സത്യാഗ്രഹത്തിന് മുമ്പുതന്നെ അയിത്തത്തിനെതിരേ ശബ്ദിച്ചു. മനുഷ്യരെ പലതട്ടിലാക്കുന്നതിനെ എതിർത്തു. സത്യാഗ്രഹം തുടങ്ങാനുള്ള തീരുമാനം അറിഞ്ഞതോടെ വീടുവിട്ട് അവിടേക്ക് പുറപ്പെട്ടു. ഇത് കരിപ്പാടം മാധവൻ എന്ന വി.കെ. മാധവന്റെ ജീവിതം. വൈക്കത്തിന്റെ മണ്ണിലെ വിപ്ലവനക്ഷത്രം.
“അയിത്തത്തിനും അനാചാരത്തിനുമെതിരേ അച്ഛൻ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എല്ലാവരെയും ഒന്നുപോലെ കാണാനാണ് അദ്ദേഹം ശ്രമിച്ചത്.”-മകൾ എൻ.എം. ലീല പറഞ്ഞു. സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് ആറുമാസം മാധവൻ ജയിലിൽ കിടന്നു. മാതൃഭൂമി പത്രാധിപരായിരുന്ന കെ.പി. കേശവമേനോനോടൊപ്പം ഒരു സെല്ലിൽ.
21-ാം വയസ്സിലാണ് വൈക്കം സത്യാഗ്രഹത്തിൽ മാധവൻ പങ്കെടുക്കുന്നത്. 1974-ലാണ് സ്വാതന്ത്ര്യ സമരസേനാനി പെൻഷൻ പദ്ധതിയിൽ മാധവന്റെ പേര് ചേർക്കുന്നത്. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിനുള്ള തെളിവായി കെ.പി. കേശവമേനോനാണ് കത്ത് നൽകിയത്. “കോഴിക്കോട് മാതൃഭൂമിയുടെ ഓഫീസിൽ ചെന്നപ്പോൾ കേശവമേനോന് കാഴ്ച പ്രശ്നമായിരുന്നു. പക്ഷേ, ശബ്ദം കേട്ടതോടെ അദ്ദേഹം അച്ഛനെ തിരിച്ചറിഞ്ഞു. അത്രയ്ക്ക് ദൃഢമായ ബന്ധമായിരുന്നു, അവർ തമ്മിൽ.”-ലീല പറഞ്ഞു. കെ.പി. കേശവമേനോൻ നൽകിയ കത്ത് ചെറുമകൻ എൻ.പി. ബിജു സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇടയ്ക്ക് കെ.പി. കേശവമേനോനെ മാധവൻ പോയി കണ്ടിരുന്നു.
വൈക്കത്ത് എത്തിയ ശ്രീനാരായണ ഗുരുവിനെ കാണാനും നേരിട്ട് സംസാരിക്കാനും അവസരം മാധവനുണ്ടായി. സ്വാമിതൃപ്പാദങ്ങൾ എന്നാണ് അച്ഛൻ ശ്രീനാരായണ ഗുരുവിനെ വിളിച്ചിരുന്നതെന്ന് മകൾ ലീല പറഞ്ഞു. കുലശേഖരമംഗലത്തായിരുന്നു ആദ്യം മാധവന്റെ കുടുംബം താമസിച്ചിരുന്നത്. പിന്നീട് അമ്മാവന്റെ നിർബന്ധപ്രകാരമാണ് കരിപ്പാടത്തേക്ക് താമസം മാറ്റിയത്. എന്നും ഒന്നിലധികം പത്രം വായിക്കുന്ന ശീലം മാധവനുണ്ടായിരുന്നു. കരിപ്പാടത്തുനിന്ന് നടന്ന് അരയൻകാവിൽ പോയി അദ്ദേഹം പത്രം വായിച്ചിരുന്നു. അന്ന് നാട്ടുകാർ പത്രാധിപർ എന്നാണ് അച്ഛനെ വിളിച്ചിരുന്നതെന്ന് ലീല പറഞ്ഞു. കത്തുകൾ അയക്കുന്നവർ കരിപ്പാടം മാധവൻ, വൈക്കം എന്ന് മാത്രമേ വിലാസം എഴുതാറുള്ളൂ.
എസ്.എൻ.ഡി.പി. യോഗത്തിലും അദ്ദേഹം സജീവമായിരുന്നു. കുലശേഖരമംഗലം വാതക്കേടത്തുതറ വീട്ടിൽ കൃഷ്ണൻ-പാർവതി ദമ്പതിമാരുടെ ആറുമക്കളിൽ രണ്ടാമനായി 1903-ലാണ് മാധവന്റെ ജനനം. കുലശേഖരമംഗലം ഗവ. സ്‌കൂളിൽ അഞ്ചാംക്ലാസുവരെ പഠിച്ചു. ഇടയാഴം ചെറുമലയിൽ നാരായണിയായിരുന്നു ഭാര്യ. സി.എ. പവിത്രൻ, എൻ.എം. ലീല, എൻ.എം. മാലതി എന്നിവരാണ് മക്കൾ. പവിത്രനോടൊപ്പമായിരുന്നു അദ്ദേഹം അവസാനകാലം ചെലവഴിച്ചിരുന്നത്. 1982 ജൂലായ് 17-നാണ് മരിച്ചത്. സത്യാഗ്രഹസുവർണ ജൂബിലി ആഘോഷത്തിൽ മാധവനെ സർക്കാർ ആദരിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..