Caption
വൈക്കം : വൈക്കത്തെ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ തോട്ടകം സൗപർണികയിൽ കൃഷ്ണവേണി ആർ.നായർ അഞ്ചാംക്ലാസിൽ ചേർന്നപ്പോൾ ചരിത്രമാണ് പടികടന്നെത്തിയത്. തെക്കേനട സ്‌കൂൾ എന്ന് അറിയപ്പെടുന്ന ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ അഞ്ചാം ക്ലാസു മുതൽ 10-ാം ക്ലാസുവരെ പെൺകുട്ടികൾക്ക് പ്രവേശനമില്ലായിരുന്നു. ഇതിന് മാറ്റം വരുത്തിയാണ് പുതിയ അധ്യയനവർഷം പെൺകുട്ടികൾക്കുകൂടി പ്രവേശനം അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. അഞ്ച് മുതൽ 10 വരെയുള്ള ക്ലാസിൽ ഏഴ് ആൺകുട്ടികളും 10 പെൺകുട്ടികളുമടക്കം 17 പേർ പ്രവേശനം നേടി.
ചടങ്ങ് സി.കെ. ആശ എം. എൽ.എ. ഉദ്ഘാടനം ചെയ്തു. വൈക്കം നഗരസഭ ചെയർപേഴ്‌സൺ രാധിക ശ്യാം അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലേഖ ശ്രീകുമാർ, പ്രിൻസിപ്പൽ എഫ്. ജോൺ, പി.ടി.എ. പ്രസിഡന്റ് കെ.പി. ഹരി, എസ്.എം.സി. ചെയർമാൻ ടി.ജി. പ്രേംനാഥ്, എം.പി.ടി.എ. പി.വി.മഞ്ജു, സീനിയർ അസിസ്റ്റന്റ് ടി.പ്രസാദ്, വി.വി. അഭിലാഷ്, വി.എസ്. സൈമൺ തുടങ്ങിയവർ പ്രസംഗിച്ചു.
1892-ൽ ശ്രീമൂലം തിരുനാൾ മഹാരാജാവാണ് സ്‌കൂൾ സ്ഥാപിച്ചത്. വൈക്കം മുഹമ്മദ് ബഷീർ, തകഴി ശിവശങ്കരപ്പിള്ള തുടങ്ങിയ നിരവധി പ്രമുഖർ ഈ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. നേരത്തേ സ്‌കൂളിൽ പെൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് രക്ഷാകർത്താക്കൾ രംഗത്തെത്തി. അധ്യാപക രക്ഷാകർത്തൃ സംഘടനയുടെ പൊതുയോഗത്തിൽ പെൺകുട്ടികൾക്കുകൂടി പ്രവേശനം നൽകണമെന്ന് തീരുമാനമെടുത്തു. വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി. തുടർന്ന് സർക്കാർ വിഷയത്തിൽ ഇടപെട്ടതോടെയാണ് 2023-24 അധ്യയനവർഷത്തിൽ പെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്. രാജഭരണകാലത്ത് നിർമിച്ച കെട്ടിടങ്ങളായിരുന്നു സ്‌കൂളിലുണ്ടായിരുന്നത്. രണ്ടുവർഷം മുമ്പ് അഞ്ചുകോടി മുതൽമുടക്കി സ്‌കൂൾ ഹൈടെക്് രീതിയിൽ നവീകരിച്ചു. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്കായി ഏഴ് വിശാലമായ ഹൈടെക് ക്ലാസുമുറികളും അഞ്ച് ആധുനിക സയൻസ് ലാബുകളും കെട്ടിടത്തിലുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..