അവധിക്കാലം ശോഷിക്കുമോ...


2 min read
Read later
Print
Share

കോട്ടയം

: പരീക്ഷ ഏപ്രിലിലേക്ക് മാറുമോ. അതോ പരീക്ഷ കഴിഞ്ഞ് അടുത്ത ക്ലാസിലെ പാഠം ഒരാഴ്ചകൂടി പഠിക്കണോ. അധ്യയനവർഷം ഏപ്രിൽ ആറു വരെയാക്കാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ പുതിയ നിർദേശം ഇത്തരം ചർച്ചകൾക്ക് വഴിയൊരുക്കുന്നു.

മധ്യവേനൽ അവധിയിൽവരുത്തുന്ന മാറ്റം അധ്യാപകരും വിദ്യാർഥികളും എങ്ങനെ ഉൾക്കൊള്ളുമെന്ന ആശങ്കയാണ്‌ ഉയരുന്നത്‌. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലും കൃത്യമായ ആസൂത്രണത്തിലൂടെയാണ് അവധിക്കാലം ക്രമീകരിച്ചിട്ടുള്ളത്. ഓരോ പ്രദേശങ്ങൾക്കനുസരിച്ച് അവധി കൊടുക്കുന്ന മാസങ്ങളിൽ മാറ്റമുണ്ടാകും. കാലങ്ങളായി കേരളത്തിൽ നിലനിന്നു വന്ന സമയക്രമമാണ് ഒറ്റയടിക്ക് മാറ്റിമറിക്കുന്നത്.

ഇതിന്‌ ഒട്ടേറെ കടമ്പകളും സർക്കാരിന്‌ മറികടക്കേണ്ടിവരും. ഇപ്പോഴത്തെ പരീക്ഷ കലണ്ടർ പ്രകാരം മാർച്ച്‌ 31-ന്‌ പരീക്ഷകൾ അവസാനിക്കും. പരീക്ഷ കഴിഞ്ഞ്‌ അഞ്ചു ദിവസത്തേക്ക്‌ കുട്ടികളെ സ്‌കൂളിലെത്തിച്ച്‌ എന്തു പഠിപ്പിക്കാനാണെന്ന ചോദ്യമുയരുക സ്വാഭാവികം. അതല്ലെങ്കിൽ പരീക്ഷകൾ ഏപ്രിൽ ആദ്യ ആഴ്‌ചവരെ നീട്ടേണ്ടിവരും.

കെ.ഇ.ആർ. അനുസരിച്ച്‌ ഏപ്രിൽ ഒന്നുമുതൽ മേയ്‌ 31 വരെയാണ്‌ മധ്യവേനലവധി. പുതിയ തീരുമാനം നടപ്പാക്കാൻ കെ.ഇ.ആറിൽ മാറ്റം വരുത്തേണ്ടിവരും. അവധി ദിനങ്ങളിൽ അധ്യാപകർ ജോലിക്കെത്തിയാൽ ലീവ്‌ സറണ്ടർ കൊടുക്കേണ്ടിവന്നാൽ അത്‌ സർക്കാരിന്‌ ബാധ്യതയാകും.

ചുരുക്കത്തിൽ കെ.ഇ.ആറിലും വിദ്യാഭ്യാസകലണ്ടറിലും മാറ്റംവരുത്താതെ തീരുമാനവുമായി മുന്നോട്ടുേപാകാനാവില്ലെന്ന്‌ അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസ അവകാശനിയമപ്രകാരം പഠനദിനങ്ങൾ 210 ആക്കി ഉയർത്താനാണ്‌ ഇപ്പോഴത്തെ നിർദേശം. എന്നാൽ വിദ്യാഭ്യാസം കൺകറന്റ്‌ ലിസ്‌റ്റിലുള്ളതായതുകൊണ്ട്‌ സംസ്‌ഥാന സർക്കാരിന്‌ മറ്റ്‌ വഴികൾ തേടാവുന്നതേയുള്ളൂവെന്നാണ്‌ സംഘടനകളുടെ അഭിപ്രായം.

ഏകപക്ഷീയമായ മാറ്റം അംഗീകരിക്കില്ല

തികച്ചും ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് വിദ്യാഭ്യാസമന്ത്രി വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്‌. സാധാരണ ഇത്തരം തീരുമാനങ്ങളെടുക്കുന്നതിനു മുൻപ് അധ്യാപക സംഘടനകളുമായി ആശയവിനിമയം നടത്തേണ്ടതാണ്‌.

ഏപ്രിൽ ആറിന്‌ ആരംഭിക്കുന്ന തരത്തിൽ മധ്യവേനലവധി ക്രമീകരിച്ചാൽ വിദ്യാഭ്യാസമേഖലയ്ക്ക് എന്ത് ഗുണമേന്മയാണ് ഉണ്ടാകുന്നതെന്ന് മന്ത്രി വ്യക്തമാക്കണം. തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി സംഘടന മുന്നോട്ടുപോകും.

കെ.പി.എസ്.ടി.എ. സംസ്ഥാന സമിതി

ശ്രദ്‌ധ തിരിക്കാനുള്ള ശ്രമം

പാഠപുസ്തക വിതരണം, അധ്യാപക നിയമനം തുടങ്ങിയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കുവാനുള്ള ബോധപൂർവമായ ശ്രമമാണ് അധിക പ്രവൃത്തി ദിനങ്ങളെന്ന പ്രചാരണം.

എസ്.മനോജ്, ജനറൽ സെക്രട്ടറി, എ.എച്ച്.എസ്.ടി.എ.

വിശദ ചർച്ചവേണം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങൾ ഒറ്റരാത്രികൊണ്ട്‌ എടുക്കേണ്ടതല്ല. പഠനദിനങ്ങളുടെ എണ്ണത്തിലല്ല കാര്യം. കിട്ടുന്ന പഠനദിനങ്ങൾ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കുന്നുവെന്നതിലാണ്‌ കാര്യം. അധ്യയനദിനങ്ങൾ കൂട്ടുന്നതുകൊണ്ട്‌ വിദ്യാഭ്യാസ നിലവാരം ഉയരുമെങ്കിൽ അങ്ങനെയാകട്ടെ. വിശദമായ ചർച്ച നടത്തിയശേഷം വേണം അത്തരം തീരുമാനത്തിലേക്ക്‌ പോകാൻ. പഠനകാലവും അവധിക്കാലവും കുട്ടികളുടെ വിദ്യാഭ്യാസത്തിൽ ഒരുപോലെ പ്രസക്‌തമാണ്‌.

ഡോ. സിറിയക്‌ തോമസ്, എം.ജി.സർവകലാശാലാ മുൻ വൈസ്‌ ചാൻസലർ.

ചട്ടവിരുദ്‌ധം

കെ.ഇ.ആർ. നിയമങ്ങൾക്കും ക്യു.ഐ.പി. തീരുമാനങ്ങൾക്കും വിരുദ്ധമായി പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ കലണ്ടറിൽ ആവശ്യമായ തിരുത്തൽ വേണം. ഏപ്രിൽ മാസത്തിൽ വിദ്യാഭ്യാസ കലണ്ടറിൽ പ്രവർത്തിദിനം രേഖപ്പെടുത്തിയ തീരുമാനം ചട്ടവിരുദ്ധമാണ്.

എം.കെ.ബിജു, കെ.എസ്.ടി.എഫ്.സംസ്ഥാന പ്രസിഡന്റ്‌

അധ്യയനദിവസങ്ങൾ നഷ്ടപ്പെടുന്നതിന് പരിഹാരമാകും

കാലവർഷക്കെടുതിമൂലം അധ്യയനദിവസങ്ങൾ എല്ലാവർഷവും നഷ്ടപ്പെടാറുണ്ട്. മിക്ക സ്‌കൂളുകളും ദുരിതാശ്വാസക്യാമ്പുകളായി പ്രവർത്തിക്കേണ്ടിവരുന്നുണ്ട്. പാഠഭാഗങ്ങൾ ശരിയായി പഠിപ്പിക്കാൻ കൂടുതൽ സമയം ആവശ്യമാണ്. അതിനാൽ ഏപ്രിൽമാസം ഏതാനും ദിവസംകൂടി പ്രവൃത്തിദിവസമാക്കുന്നതിൽ തെറ്റില്ല.

ദീപു ഉരുളികുന്നം (പി.ടി.എ. പ്രസിഡന്റ്, ശ്രീദയാനന്ദ സ്‌കൂൾ, ഉരുളികുന്നം).

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..