കോട്ടയം : കേരള റബ്ബർ ലിമിറ്റഡിന്റെ വികസനത്തെ അട്ടിമറിക്കാനാണ് യു.ഡി.എഫ്. ശ്രമിക്കുന്നതെന്ന് എൽ.ഡി.എഫ്. ജില്ലാ കമ്മിറ്റി പത്രസമ്മേളനത്തിൽ ആരോപിച്ചു. കോട്ടയത്തിന്റെ വികസനം തടയാൻ സർക്കാർ ശ്രമിക്കുന്നുവെന്നു പറഞ്ഞ് കഴിഞ്ഞദിവസം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യും തുടർന്ന് യു.ഡി.എഫ്. ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് എന്നിവർ നടത്തിയ പത്രസമ്മേളനത്തെ നേതാക്കൾ നിശിതമായി വിമർശിച്ചു.
ടെൻഡർ നടപടി പൂർത്തിയാക്കി ഇതുവരെ ആരംഭിച്ചിട്ടില്ലാത്ത മണൽ വാരലിനെക്കുറിച്ചാണ് മുൻകൂർ അഴിമതി ആരോപിച്ചിരിക്കുന്നതെന്ന് സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ.അനിൽകുമാർ പറഞ്ഞു. കൈയേറ്റക്കാർക്ക് വേണ്ടി രംഗത്തിറങ്ങിയ കോട്ടയം എൽ.എൽ.എ.യുടെ പങ്ക് വെളിച്ചത്തായതിന്റെ ജാള്യം മറയ്ക്കാനാണ് യു.ഡി.എഫിലെ ചില നേതാക്കളെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കോട്ടയം മണ്ഡലത്തിലെ വികസനസ്തംഭനം മറച്ചുവെക്കാനാണ് കോട്ടയം എം.എൽ.എ. പത്രസമ്മേളനം നടത്തിയത്. കോട്ടയത്ത് കോടിമതയിൽ സമാന്തരപാലം നിർമിക്കാൻ സ്ഥലം ഏറ്റെടുക്കാതെ നിർമാണം ആരംഭിച്ചു. പാലംപണി പുനരാരംഭിക്കാൻ ഒന്പത് കോടി രൂപ അധിക ചെലവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ അധിക ചെലവിന് അദ്ദേഹമാണ് ഉത്തരം പറയേണ്ടത് . ലിഫ്റ്റ് സ്ഥാപിക്കാൻ സ്ഥലം എടുക്കാതെ ആരംഭിച്ച ആകാശപ്പാതയെന്ന പദ്ധതി എന്താണെന്ന് എം.എൽ.എ.യ്ക്ക് പോലും അറിയില്ല. ആ പദ്ധതിയിൽ അഴിമതിയുണ്ട്. കോട്ടയം കച്ചേരിക്കടവിൽ നഗരത്തിലെ ഓടകളുടെ സംഗമസ്ഥാനത്ത് 8.5 കോടി രൂപ മുടക്കിയാണ് വാട്ടർ ഹബ്ബ് നിർമിച്ചത്.
കഞ്ഞിക്കുഴി ഫ്ലൈ ഓവറിന് പണം അനുവദിച്ചെന്നാണ് എം.എൽ.എ.യുടെ അവകാശം. ആ ടെൻഡർ രേഖ പുറത്തുവിടാൻ വെല്ലുവിളിക്കുന്നു. ചിങ്ങവനത്ത് ടെസിലിന്റെ സ്ഥലം സ്‌പോർട്ട്‌സ് കോംപ്ലക്‌സിന് കൈമാറിയെന്ന് പറയുന്ന രേഖ പുറത്തുവിടണം. സ്ഥലം ഉണ്ടായിരുന്നെങ്കിൽ എന്തിന് പുറംപോക്കിൽ കല്ലിടീൽ നടത്തിയതെന്നും എം.എൽ.എ. മറുപടി പറയണം. സി.പി.എം. ജില്ലാ സെക്രട്ടറി എ.വി.റസ്സൽ, കേരള കോൺഗ്രസ് എം നേതാവ് സണ്ണി തെക്കേടം,ജോസഫ് ചാമക്കാല എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
നിയമനടപടി സ്വീകരിക്കും
കോട്ടയം : മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനഃസംയോജനപദ്ധതിയെ അഴിമതിയെന്ന് ആരോപിച്ച യു.ഡി.എഫ്. ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് ,സിബി ജോൺ, എസ്. രാജീവ് എന്നിവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനഃസംയോജനപദ്ധതി കോ-ഓർഡിനേറ്റർ അഡ്വ.കെ. അനിൽകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..