കോട്ടയം ജില്ലാ കളക്ടറായി ചുമതലയേറ്റ വി. വിഗ്നേശ്വരി, ഭർത്താവും എറണാകുളം കളക്ടറുമായ എൻ.എസ്.കെ.ഉമേഷ്, അച്ഛൻ വേലൈച്ചാമി, അമ്മ ശാന്തി, സഹോദരി ഭുവനേശ്വരി, സഹോദരിമക്കളായ ധനുശ്രീ, ഋഷിത് തരുൺ എന്നിവർക്കൊപ്പം
കോട്ടയം : പ്രശ്നങ്ങളിൽ മുൻഗണന നൽകേണ്ടത് ഏതെന്നു കണ്ടെത്താൻ ജനാഭിപ്രായം തേടി പരിഹാരം കണ്ടെത്തുമെന്ന് ജില്ലാ കളക്ടറായി ചുമതലയേറ്റ വി. വിഗ്‌നേശ്വരി. ഓരോ മേഖലയിലും എന്തിനാണ് മുൻതൂക്കം നൽകേണ്ടതെന്ന് ജനങ്ങളിൽനിന്ന് വിവരം തേടും. ആദ്യം വിദ്യാഭ്യാസമേഖലയിൽ നേരിടുന്ന വിഷയങ്ങളെക്കുറിച്ചാകും അന്വേഷണം നടത്തുക.പിന്നീട് വിവിധ വിഷയങ്ങളിലൂടെ കടന്നുപോകാനാണ് തീരുമാനം.
ചാർജെടുക്കുമ്പോൾ ഭർത്താവും എറണാകുളം ജില്ലാ കളക്ടറുമായ എൻ.എസ്.കെ. ഉമേഷും കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. 2018-ൽ വിവാഹം നടക്കുമ്പോൾ വയനാട് സബ് കളക്ടറാണ് ഉമേഷ്. വിഗ്നേശ്വരി കോഴിക്കോട് സബ് കളക്ടറും. അടുത്തടുത്ത ജില്ലയിലെ പദവികളിൽ ഇരുന്നശേഷം പിന്നീട് തിരുവനന്തപുരത്ത് ഇരുവരും ജോലിചെയ്തു. മാർച്ചിലാണ് ഉമേഷ് എറണാകുളം കളക്ടറായത്. ഇപ്പോൾ തൊട്ടടുത്ത ജില്ലയിൽ വിഗ്നേശ്വരിയും.
ഇതൊരു ഭാഗ്യമായല്ലോ?
‘‘അങ്ങനെ നൽകാറുണ്ട്. പിന്നെ ഇതിൽ അല്പം ഭാഗ്യവുണ്ടെന്ന് കരുതാം. ഇവിടത്തെ കളക്ടർ വിരമിച്ചതിനാൽ ഉടൻ ഇങ്ങോട്ടേക്ക് കിട്ടി’’എൻ.എസ്.കെ. ഉമേഷാണ് മറുപടി പറഞ്ഞത്.
വ്യാഴാഴ്ച രാവിലെ പത്തിന് കളക്ടറേറ്റിൽ കുടുംബസമേതം എത്തിയ ജില്ലാ കളക്ടറെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് റെജി പി.ജോസഫും ജീവനക്കാരും ചേർന്ന് സ്വീകരിച്ചു. എ.ഡി.എമ്മിൽനിന്നാണ് ചുമതലയേറ്റെടുത്തത്.
ഭർത്താവും എറണാകുളം ജില്ലാ കളക്ടറുമായ എൻ.എസ്.കെ. ഉമേഷ്, അച്ഛൻ കെ.ആർ. വേലൈച്ചാമി, അമ്മ എം.എസ്.വി. ശാന്തി, സഹോദരി ഡോ. വി. ഭുവനേശ്വരി, സഹോദരിമക്കളായ ധനുശ്രീ, ഋഷിത് തരുൺ എന്നിവരും വി. വിഗ്നേശ്വരിക്കൊപ്പമുണ്ടായിരുന്നു.
കോട്ടയം കളക്ടറായിരുന്ന ഡോ. പി.കെ. ജയശ്രീ സർവീസിൽനിന്നു വിരമിച്ചതിനെത്തുടർന്നാണ് ജില്ലയുടെ 48-ാമത് കളക്ടറായി വി. വിഗ്നേശ്വരി ചുമതലയേറ്റത്.
2015 ബാച്ച് കേരള കേഡർ ഐ.എ.എസ്. ഓഫീസറാണ്. കെ.ടി.ഡി.സി. എം.ഡിയായും കൊളീജിയറ്റ് എജുക്കേഷൻ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..