പ്രതി അരുണിനെ കോടതിയിൽനിന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നു, അരുണിന്റെ ശിക്ഷാവിധി കേട്ടശേഷം, പബ്ലിക് പ്രോസിക്യൂട്ടർ കെ.ജിതേഷുമായി സംസാരിക്കുന്ന ബിന്ദുവും ബിനുവും. കൊല്ലപ്പെട്ട എൻ.ഭാസ്കരൻ നായരുടെയും തങ്കമ്മയുടെയും മക്കളാണിവർ | ഫോട്ടോ-ജി.ശിവപ്രസാദ്/ മാതൃഭൂമി
പഴയിടം: ആഡംബരജീവിതത്തിന് കൊലപാതകവും തുടർന്ന് മോഷണങ്ങളും നടത്തിയ അരുൺ ശശി ഇരട്ടക്കൊലയിൽ ജാമ്യം നേടിയ ശേഷം ആൾമാറാട്ടം നടത്തി ചെന്നൈയിൽ കഴിഞ്ഞപ്പോഴും മോഷണത്തിന് പിടിയിലായി.
2013-ലെ കൊലപാതകക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെ അരുണിന് ജാമ്യം ലഭിച്ചു. പിന്നീട് ഇയാൾ മുങ്ങി. ഇതറിഞ്ഞ പഴയിടം ഗ്രാമം ഭീതിയിലായി. അയാൾ നാട്ടിലേക്കെത്തുമോ, കേസിൽ മൊഴികൾ നൽകിയവരുടെയും മരിച്ചവരുടെ മക്കളുടെയും ജീവന് ഭീഷണിയാകുമോ...എന്നിങ്ങനെയുള്ള ഭീതിയിലായിരുന്നു അക്കാലത്ത് നാട്. എന്നാൽ, ജാമ്യത്തിലിറങ്ങിയ ഇയാൾ ചെന്നൈയിലേക്കാണ് കടന്നത്. അരുൺ ഋഷിവാലി എന്ന വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കി കടകളിൽ ജോലി ചെയ്തു.
അതിനിടെ മോഷണത്തിന് പിടിയിലായി. പക്ഷേ, ചെന്നൈ പോലീസിനോ ഇയാളുമായി ബന്ധപ്പെട്ടവർക്കോ കൊലക്കേസ് പ്രതിയാണെന്ന് സൂചന ലഭിച്ചില്ല. 2016 ഫെബ്രുവരിയിലാണ് കേരള പോലീസ് അരുണിനെ ചെന്നൈയിൽനിന്ന് കസ്റ്റഡിയിലെടുത്ത് വീണ്ടും കോടതിയിൽ ഹാജരാക്കിയത്.
ആൺമക്കളില്ലാത്ത ഭാസ്‌കരൻ നായരും തങ്കമ്മയും ഒരു മകന് നൽകാവുന്ന സ്‌നേഹവും പരിഗണനയും അരുണിന് നൽകിയിരുന്നെന്ന് പെൺമക്കളും അവരുടെ ഭർത്താക്കന്മാരും പറയുന്നു. പൊതുമരാമത്ത് വകുപ്പിലെ റിട്ട.സൂപ്രണ്ടായിരുന്നു പഴയിടം തീമ്പനാൽ(ചൂരപ്പാടിയിൽ) എൻ.ഭാസ്‌കരൻ നായർ. ഭാര്യ തങ്കമ്മ റിട്ട.കെ.എസ്.ഇ.ബി.സൂപ്രണ്ടും. തങ്കമ്മയുടെ സഹോദരപുത്രനാണ് അരുൺ. പെൺമക്കൾ അവരുടെ ഭർതൃവീടുകളിലായിരുന്നതിനാൽ വീട്ടിലെ കാര്യങ്ങൾക്കെല്ലാം പലപ്പോഴും ഇയാൾ സഹായിയായിരുന്നു. അത്യാവശ്യത്തിന് പണം നൽകുകയും ചെയ്തിരുന്നു. എന്നാൽ, ആഡംബരജീവിതത്തിന് പണം സമ്പാദിക്കാനുള്ള വ്യഗ്രതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പിന്നീട് തെളിഞ്ഞു.
മരണവീട്ടിൽ എല്ലാറ്റിനും ഓടിനടന്നയാൾ
രണ്ടുപേരുടെ ജീവനെടുത്തിട്ടും ഭാവഭേദവുമില്ലാതെയാണ് അവരുടെ മരണാനന്തരച്ചടങ്ങുകളിലെല്ലാം അരുൺ ശശി പങ്കെടുത്തത്. പെൺമക്കളുടെ ഭർത്താക്കന്മാർക്ക് പഴയിടവുമായി അത്രയധികം ബന്ധമില്ലാത്തതിനാൽ അരുണായിരുന്നു എല്ലാറ്റിന്റെയും നടത്തിപ്പ്. 2013 ഓഗസ്റ്റ് 29-ന് കൊലപാതക വിവരമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥർക്കും ബന്ധുക്കൾക്കും നാട്ടുകാർക്കുമെല്ലാം സഹായിയായി ആദ്യന്തം നിന്നു. പോലീസ് നായ എത്തിയ ഒരു മണിക്കൂർ മാത്രമാണ് ഇയാൾ ആരുടെയും ശ്രദ്ധയിൽപ്പെടാതെ മാറി നിന്നത്. ബന്ധുക്കൾക്ക് ഭക്ഷണം എത്തിച്ചതും അരുൺ തന്നെ. പിന്നീട് പോലീസ് ഉദ്യോഗസ്ഥർക്കും മാധ്യമങ്ങൾക്കും ദമ്പതിമാരുടെ ഫോട്ടോ സംഘടിപ്പിച്ച് നൽകി അവരെക്കുറിച്ച് കണ്ണീരോടെ വിശദീകരിച്ച് നിഷ്‌കളങ്കത അഭിനയിക്കുകയും ചെയ്തു.
മരണാനന്തര ക്രിയകളിലെല്ലാം മകന്റെ സ്ഥാനത്തുനിന്നു. തുടർന്ന് ആക്ഷൻ കൗൺസിൽ രൂപവത്കരണത്തിൽ മുന്നിൽ നിന്നതും അരുൺ. ഈയവസരത്തിൽ ഇയാൾ സമർഥമായി കൊലപാതകത്തിലെ സംശയമുന മരുമക്കൾക്ക് നേരെയാക്കുന്നതിലും വിജയിച്ചു.
കേസന്വേഷണം ‘ഊർജിതമാക്കുന്നതിന്’ പിന്നീട് ദിവസങ്ങളോളം മണിമല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നതായും അന്നത്തെ സി.ഐ. അശോക് കുമാർ ഓർമിക്കുന്നു.
പ്രൊഫഷണൽ മോഷ്ടാക്കളുടെയും കൊലപാതകികളുടെയും സാന്നിധ്യത്തെക്കുറിച്ചായിരുന്നു ആദ്യം പോലീസിന് സംശയം. തന്നെ സംശയിക്കാനിട നൽകാത്തവിധം തന്ത്രങ്ങൾ അരുൺ അവലംബിച്ചത് നിരന്തരം കൊലപാതക സിനിമകൾകണ്ട് മനസ്സിലാക്കിയ വിവരങ്ങൾ വെച്ചായിരുന്നുവെന്ന് പിന്നീട് പോലീസ് മനസ്സിലാക്കി. കോട്ടയത്ത് മാലപൊട്ടിക്കൽ കേസിൽ പിടിയിലായപ്പോൾ നടത്തിയ പരിശോധനയിൽ ഇയാളുടെ മുറികളിൽനിന്ന് ഇത്തരം സിനിമകളുടെ സി.ഡി.ശേഖരം കണ്ടെത്തി. രസതന്ത്ര ബിരുദധാരിയായ ഇയാൾ കൈക്കലാക്കിയ മാലകളുടെ സംശുദ്ധി മനസ്സിലാക്കാനുള്ള രാസസംയുക്തവും വീട്ടിൽ തയ്യാറാക്കിയിരുന്നു. വീടിന്റെ പിറകിലെ അലക്കുകല്ലിൽവെച്ച് ഇടിച്ച് മാലയിലെ മുത്തുകൾ വേർപെടുത്തിയതിന്റെ തെളിവുകളും പോലീസ് ശേഖരിച്ചു.
മകനാണ് കൊലപാതകിയെന്ന് അറിഞ്ഞതോടെ അരുണിന്റെ അച്ഛനും അമ്മയും മാനക്കേടുമൂലം നാട്ടിൽ നിൽക്കാനാവാതെ ബെംഗളൂരുവിൽ മകളുടെ അടുത്തേക്ക് പോയി. അമ്മയും പിന്നീട് ഒരുവർഷം മുൻപ് അച്ഛനും മരിച്ചു.
ബൾബിൽ വിരലടയാളം...വാതിലിൽ രക്തക്കറ: നിർണായക തെളിവുകളായി
കോട്ടയം: ‘ആ രംഗം മറക്കാനാവില്ല. പല കുറ്റകൃത്യങ്ങൾക്കും സാക്ഷിയായിട്ടുണ്ടെങ്കിലും ഇത്ര ക്രൂരമായ കൊലപാതകം സർവീസ് കാലത്ത് കണ്ടിട്ടില്ല’. പഴയിടം ഇരട്ടക്കൊലപാതകം അന്വേഷിച്ച അന്നത്തെ മണിമല സി.ഐ. എസ്.അശോക് കുമാർ പറഞ്ഞു. ദമ്പതിമാർ മരിച്ചുകിടക്കുന്നത് അറിഞ്ഞ് ആദ്യം എത്തിയ പോലീസ് സംഘത്തിന് ഇദ്ദേഹമാണ് നേതൃത്വം നൽകിയത്.
തലയ്ക്ക് നേരെ വലിയ ആക്രമണമാണ് നടത്തിയത്. രണ്ട് പേരുടെയും തലയ്ക്ക് ചുറ്റികകൊണ്ട് മാരകമായ വിധത്തിൽ അടിച്ചിരുന്നു. വലിയ ആസൂത്രണം കൊലയ്ക്ക് പിന്നിൽ ഉണ്ടെന്ന് തോന്നിയിരുന്നു. മൃതദേഹങ്ങൾക്ക് സമീപം മഞ്ഞൾപ്പൊടി വിതറിയിരുന്നതുംമറ്റും ആ സൂചന നൽകി. പക്ഷേ, പ്രതിയിലേക്ക് ഒരു സൂചനയും കിട്ടിയില്ല. പക്ഷേ, പോലീസ് ശക്തമായ അന്വേഷണം നടത്തി. പ്രദേശവാസികളായ ധാരാളം പേരുടെ വിരലടയാളം എടുത്തു. ബന്ധുക്കളുടെയും. നൂറുകണക്കിന് പേരെ ചോദ്യം ചെയ്തു. പക്ഷേ, അരുൺ ശശിയെ സംശയിക്കാൻ ഒന്നും കിട്ടിയിരുന്നില്ല.
21 ദിവസത്തിന് ശേഷം കോട്ടയം ഈസ്റ്റ് പോലീസിൽനിന്ന് അറിയിപ്പ് വന്നു. മാലമോഷണക്കേസിൽ യുവാവ് പിടിയിലായിട്ടുണ്ടെന്ന്. അയാളുടെ വിരലടയാളവും തന്നു. മണിമല ഭാഗത്ത് ഇയാൾക്ക് കേസുണ്ടെന്ന് പറഞ്ഞതായി അറിയിച്ചു. കേസുകൾ പരിശോധിക്കുന്നതിനൊപ്പം കൊലനടന്ന വീട്ടിൽനിന്ന് ലഭിച്ച വിരലടയാളങ്ങളും ഇയാളുടെ വിരലടയാളവും ഒത്തുനോക്കി. രണ്ടും ഒന്നുതന്നെ. കൃത്യത്തിന് മുൻപ് ഇയാൾ ഊരിവെച്ച ഭാസ്കരൻ നായരുടെ വീട്ടിലെ ബൾബിലുണ്ടായിരുന്ന വിരലടയാളവും തെളിവായി. അയാൾ കുറ്റം സമ്മതിച്ചു.
Content Highlights: kottayam pazhayidam murder arun sasi arun rishiwala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..