ജഡ്ജിയമ്മാവൻ കോവിൽ, രാഹുൽഗാന്ധി | Photo: Mathrubhumi, ANI
പൊൻകുന്നം: ലോകസഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കി അസ്ഥിരപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങൾക്കെതിരേ രാഹുൽഗാന്ധിയെ അനുഗ്രഹിക്കണമെന്ന അപേക്ഷയോടെ ജഡ്ജിയമ്മാവൻ കോവിലിൽ വഴിപാട്. രാഹുൽഗാന്ധിയുടെ പേരിൽ കോൺഗ്രസ് ചെറുവള്ളി മേഖലാ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ബിനേഷ് ചെറുവള്ളിയാണ് വഴിപാട് നടത്തിയത്. കോടതിനടപടികളിൽ പെടുന്നവരുടെ വിജയത്തിനായി ആരാധനയ്ക്ക് പ്രശസ്തമായ ക്ഷേത്രത്തിൽ അടനിവേദ്യമാണ് നടത്തിയത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഉപദേവാലയമാണ് ജഡ്ജിയമ്മാവൻ കോവിൽ. ചെറുവള്ളി ദേവിക്ക് പുഷ്പാഞ്ജലി, കൊടുംകാളിക്ക് നടകുരുതി വറവഴിപാടും നടത്തി. രാഹുൽഗാന്ധി, മൂലം നാൾ എന്ന പേരിലാണ് ദേവസ്വത്തിൽനിന്ന് രസീത് വാങ്ങിയത്. കേസുകളിലുൾപ്പെട്ട ചലച്ചിത്രതാരങ്ങൾ, കായികതാരങ്ങൾ, രാഷ്ട്രീയനേതാക്കൾ തുടങ്ങിയവരുൾപ്പെടെയുള്ളവർ പൂജകളിൽ പങ്കെടുത്തിട്ടുള്ള കോവിലാണിത്.
ധർമരാജാവ് തിരുവിതാംകൂർ ഭരിച്ചകാലത്ത് സദർകോടതി ജഡ്ജിയായിരുന്ന തലവടി രാമവർമപുരത്തുമഠം ഗോവിന്ദപ്പിള്ളയാണ് ജഡ്ജിയമ്മാവൻ എന്ന പ്രതിഷ്ഠ.
ഒരു വിധി നടപ്പാക്കിയതിലെ പിഴവുമൂലം സ്വയം മരണശിക്ഷ നടപ്പാക്കിയ ഗോവിന്ദപ്പിള്ളയുടെ ആത്മാവിനെ പിന്നീട് പ്രശ്നവിധിപ്രകാരം മൂലകുടുംബം സ്ഥിതിചെയ്യുന്ന ചെറുവള്ളി ഗ്രാമത്തിലെ ദേവീക്ഷേത്രത്തിൽ ഉപദേവാലയം നിർമിച്ച് കുടിയിരുത്തുകയായിരുന്നു.
Content Highlights: rahul gandhi modi surname case kottayam ponkunnam judge ammavan temple offering
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..