കോവിഡ് ‘അനുഗ്രഹമായി’ ; കുതിപ്പുമായി കോഴിക്കോട്ടെ സൈബര്‍ പാര്‍ക്കുകള്‍


കെ.പി. ഷൗക്കത്തലി

യു.എൽ. സൈബർപാർക്ക്

കോഴിക്കോട്: കോവിഡില്‍ ലോകംമുഴുവന്‍ സ്തംഭിച്ചപ്പോള്‍ കോഴിക്കോട്ടെ രണ്ട് സൈബര്‍പാര്‍ക്കും വളരുകയായിരുന്നു. നാല്പതോളം ഐ.ടി.കമ്പനികളാണ് ഈ കാലയളവില്‍ പ്രവര്‍ത്തനമാരംഭിച്ചത്. 30 കമ്പനികള്‍ യു.എല്‍. സൈബര്‍പാര്‍ക്കിലും 10 കമ്പനികള്‍ സര്‍ക്കാര്‍ സൈബര്‍പാര്‍ക്കിലും.

കോവിഡ് കാലത്ത് ലോകത്ത് ഡിജിറ്റല്‍ രംഗത്തേക്ക് വലിയ ചുവടുവെപ്പുണ്ടായതോടെ കോഴിക്കോട്ടുനിന്നുള്ള ഐ.ടി.കയറ്റുമതിയും വന്‍തോതില്‍ കൂടി. കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച 2020-21 സാമ്പത്തികവര്‍ഷത്തില്‍ 26.16 കോടിയാണ് സര്‍ക്കാര്‍ സൈബര്‍പാര്‍ക്കിലെ ഐ.ടി.കയറ്റുമതി. തൊട്ടുമുമ്പത്തെ സാമ്പത്തികവര്‍ഷം അത് 14.76 കോടിമാത്രമായിരുന്നു. 12 കോടിയുടെ വര്‍ധന. 77 ശതമാനം വളര്‍ച്ചകൈവരിച്ചു. 2021 മാര്‍ച്ച്മുതല്‍ ഡിസംബര്‍വരെയുള്ള കാലയളവില്‍ 19 കോടിയാണ് സര്‍ക്കാര്‍ സൈബര്‍പാര്‍ക്കിലെ ഐ.ടി.കയറ്റുമതി.37.66 കോടിയാണ് 2020-21സാമ്പത്തിക വര്‍ഷത്തില്‍ യു.എല്‍.സൈബര്‍പാര്‍ക്കിന്റെ ഐ.ടി.കയറ്റുമതി. 2021-22ല്‍ അത് 43.08 കോടിയിലെത്തി. കോവിഡില്‍ ഐ.ടി. തളര്‍ന്നതല്ല, വളര്‍ന്നതാണ് എന്നതിന് തെളിവാണിത്.

മൂന്നുവര്‍ഷംകൊണ്ടുണ്ടാവുന്ന വളര്‍ച്ചയാണ് കോവിഡ്കാലത്ത് കോഴിക്കോട്ടുണ്ടായതെന്ന് കാഫിറ്റ് എക്‌സിക്യുട്ടീവ് അംഗം റോഷിക് മുഹമ്മദ് പറയുന്നു. കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയതും കോവിഡ് കാലത്താണ്. യു.എല്‍. സൈബര്‍പാര്‍ക്കിലെ മൂന്ന് ഐ.ടി. കമ്പനികളില്‍ രണ്ടെണ്ണവും കോവിഡ്കാലത്ത് കൂടുതല്‍പേരെ റിക്രൂട്ട്‌ചെയ്യുകയും ഓഫീസ് വിപുലപ്പെടുത്തുകുയും ചെയ്തു. 15 പേരുമായി പ്രവര്‍ത്തനംതുടങ്ങിയ റിബ്ബണ്‍ എന്ന ഐ.ടി. കമ്പനി കോവിഡ് കാലത്ത് 90 പേരിലേക്ക് വളര്‍ന്നു. അമേരിക്ക ആസ്ഥാനമായുള്ള ബ്‌ളാക്ക് ഹോക്ക് കന്പനി റിബ്ബണിനെ പിന്നീട് ഏറ്റെടുത്തു. ആയിരം ചതുരശ്രയടിയില്‍നിന്ന് അയ്യായിരമാക്കി ഓഫീസ് വലുതാക്കി. ബ്രിഡ്ജ് സ്റ്റോണ്‍ എന്ന ഐ.ടി.കമ്പനി യു.എല്‍. സൈബര്‍പാര്‍ക്കില്‍ 1100 ചതുരശ്രയടികൂടി സ്ഥലമെടുത്തു. ജീവനക്കാര്‍ ഭൂരിഭാഗവും വീട്ടില്‍നിന്ന് ജോലിചെയ്യുമ്പോഴാണ് കോവിഡില്‍ നേട്ടമുണ്ടാക്കിയതെന്നതാണ് മറ്റൊരു പ്രത്യേകത. ഇ-കൊമേഴ്സ്, ഇ-ലേണിങ് ചെയ്യുന്ന സ്ഥാപനങ്ങളാണ് പ്രതിസന്ധിയെ നേട്ടമാക്കി മാറ്റിയത്. കോവിഡ്കാലത്ത് ഐ.ടി.കമ്പനികള്‍ക്ക് വാടകയിനത്തില്‍വരെ പ്രത്യേക ഇളവുകള്‍ നല്‍കിയത് സഹായകമായിരുന്നു.

Content Highlights: boom in kozhikode it sector cyber parks

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..