Image for Representation. Photo: AP
എലത്തൂർ: ഇറച്ചിക്കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച ചത്ത കോഴികൾക്ക് ശ്വാസകോശരോഗമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ന്യുമോണിയ രോഗസമാനമായ ലക്ഷണമാണ് കണ്ടെത്തിയത്. മൃഗസംരക്ഷണവകുപ്പ് ശേഖരിച്ച കോഴികളുടെ ശരീരസാംപിളുകളുടെ ലാബ് പരിശോധനയുടെ ഫലം പുറത്തുവന്നതോടെ ഇവിടെനിന്ന് ഇറച്ചി വാങ്ങിച്ചവർ ആശങ്കയിലാണ്. അതിനിടെ ചത്ത കോഴികളെ വിൽപ്പനയ്ക്കായി കടയിൽ സൂക്ഷിച്ച കോഴിക്കട ഉടമയുടെ ലൈസൻസ് റദ്ദുചെയ്യാൻ കോർപ്പറേഷൻ ആരോഗ്യവിഭാഗം നടപടികൾ തുടങ്ങി.
കട സ്ഥിരമായി അടച്ചുപൂട്ടാനും പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കാനുമാണ് തീരുമാനം. എരഞ്ഞിക്കൽ പുതിയ പാലത്തിന് സമീപമുള്ള സി.പി. റഷീദിന്റെ ഉടമസ്ഥതയിലുള്ള എം.കെ.ബി. മാർക്കറ്റ് എന്ന കോഴിക്കടയ്ക്കെതിരേയാണ് നടപടി. കഴിഞ്ഞദിവസം ഈ കടയുടെ ഗോഡൗണിലും ഫ്രീസറിലും സൂക്ഷിച്ച 1500-ലധികം ചത്ത കോഴികളെയാണ് നാട്ടുകാരുടെ പരാതിയെത്തുടർന്ന് പിടികൂടി നശിപ്പിച്ചത്. ഫ്രീസറിൽ സൂക്ഷിച്ച കോഴികൾ പുഴുവരിക്കുന്ന നിലയിലായിരുന്നു.
ജില്ലയിലെ വിവിധപ്രദേശങ്ങളിലെ ഹോട്ടലുകളിലും ബേക്കറികളിലും ഇറച്ചിയും കോഴിയും വിതരണംചെയ്യുന്ന പ്രധാന മൊത്തവിതരണകേന്ദ്രമായതിനാൽ വിഷയത്തെ അതീവഗൗരവത്തോടെയാണ് കോർപ്പറേഷൻ ആരോഗ്യവിഭാഗം കാണുന്നത്. നേരത്തേയും ഇയാളുടെ കടയ്ക്കെതിരേ സമാനമായ പരാതിയിൽ നടപടി സ്വീകരിച്ചിരുന്നെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
Content Highlights: Chickens with lung disease for sale
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..