പൊട്ടാത്ത വലിയ ഓലപ്പടക്കങ്ങൾ, ചാക്കു നൂൽ; ചെരണ്ടത്തൂരിലെ പൊട്ടിത്തെറി സ്‌ഫോടകവസ്തു നിര്‍മാണത്തിനിടെ


1 min read
Read later
Print
Share

സ്ഫോടനം നടന്ന വീട്ടിൽ ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു (ഇടത്), വീടിനുമുകളിൽനിന്ന് പോലീസ് കണ്ടെത്തിയ പടക്കങ്ങളും മറ്റ് അവശിഷ്ടങ്ങളും (വലത്)

വടകര : ചെരണ്ടത്തൂർ മൂഴിക്കൽ ഐ.എച്ച്.ഡി.പി. കോളനിയിൽ വീടിന്റെ ടെറസിനു മുകളിൽ സ്‌ഫോടനമുണ്ടായത് പടക്കങ്ങളിൽനിന്ന് കരിമരുന്നെടുത്ത് ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തു നിർമിക്കുന്നതിനിടെയെന്ന് പ്രാഥമിക നിഗമനം. ബോംബ് നിർമാണമാണ് ലക്ഷ്യമിട്ടതെന്നും പോലീസ് സംശയിക്കുന്നു. ഇതിലേക്ക് വിരൽചൂണ്ടുന്ന തെളിവുകൾ സ്ഥലത്തുനിന്ന് പോലീസ് ശേഖരിച്ചു.

പൊട്ടാത്ത രണ്ടു വലിയ ഓലപ്പടക്കങ്ങൾ, അഴിച്ചെടുത്ത ഓലയുടെ അവശിഷ്ടങ്ങൾ, പുതിയത് കെട്ടാനായി കൊണ്ടുവന്ന ചാക്കുനൂലുകൾ, കരിമരുന്നിന്റെ അവശിഷ്ടം തുടങ്ങിയവയാണ് കിട്ടിയത്. കൂടാതെ സ്ഫോടകവസ്തു നിർമിക്കുമ്പോൾ സംരക്ഷണകവചമായി ഒരു മരക്കഷണം ഉപയോഗിച്ചതായും സൂചനയുണ്ട്. തകർന്നതും രക്തക്കറയുള്ളതുമായ മരക്കഷണം വീടിന്റെ മുറ്റത്തുനിന്നും കണ്ടെടുത്തു. ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് ഉഗ്രശബ്ദത്തോടെ മീത്തലെ മൂഴിക്കൽ ബാലന്റെ വീട്ടിൽ സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തിൽ ബാലന്റെ മകൻ മണിക്കുട്ടൻ എന്ന ഹരിപ്രസാദിന്റെ (28) കൈപ്പത്തികൾ തകർന്നിരുന്നു. അപകടകരമായ വിധത്തിൽ സ്‌ഫോടകവസ്തു കൈകാര്യം ചെയ്തതിനും സ്‌ഫോടനത്തിനും വടകര പോലീസ് കേസെടുത്തിട്ടുണ്ട്. ഹരിപ്രസാദ് മൊടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളത്. ഇയാളിൽനിന്ന് മൊഴിയെടുത്തശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് പറഞ്ഞു.

രാത്രിതന്നെ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരെല്ലാം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ ഫൊറൻസിക് വിദഗ്ധരും ബോംബ്-ഡോഗ് സ്ക്വാഡും വീണ്ടും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. കോഴിക്കോട് റൂറൽ എസ്.പി. ഡോ. എ. ശ്രീനിവാസ്, വടകര ഡിവൈ.എസ്.പി. കെ.കെ. അബ്ദുൾ ഷെറീഫ്, വടകര എസ്.ഐ. എം. നിജീഷ് എന്നിവരും സ്ഥലത്തെത്തി നടപടികൾക്ക് നേതൃത്വം നൽകി. വീടും പരിസരപ്രദേശങ്ങളുമെല്ലാം പോലീസ് വിശദമായി പരിശോധിച്ചു. ആർ.എസ്.എസ്.-ബി.ജെ.പി. പ്രവർത്തകനായ ഹരിപ്രസാദിന്റെ നേതൃത്വത്തിൽ ബോംബ് നിർമാണമാണ് നടന്നതെന്ന ആരോപണവുമായി വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ, ഇയാൾ ഇപ്പോൾ ബി.ജെ.പി-ആർ.എസ്.എസ്. പ്രവർത്തകനല്ലെന്ന് നേതൃത്വങ്ങൾ വ്യക്തമാക്കി. ഒന്നരവർഷംമുമ്പ് സംഘടനാവിരുദ്ധപ്രവർത്തനത്തിന് പാർട്ടിയിൽനിന്ന് പുറത്താക്കിയതാണെന്ന് ബി.ജെ.പി. മണ്ഡലം കമ്മിറ്റി അറിയിച്ചു.

Content Highlights: Explosion on the terrace of a house

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..