സജി ചെറിയാൻ | Photo: facebook.com/sajicherian
വടകര: ലൈസൻസ് ഇല്ലാത്ത യാനങ്ങളെയും ഇൻഷുറൻസ് ഇല്ലാത്ത മത്സ്യത്തൊഴിലാളികളെയും കടലിൽ പോകാൻ ഇനിമുതൽ സമ്മതിക്കില്ലെന്ന് ഫിഷറീസ് വകുപ്പുമന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇതിനായി പുതിയ നിയമം വരുന്നുണ്ട്. പോയാൽ കേസെടുക്കും. ഫിഷറീസ് വകുപ്പ് വടകര മണ്ഡലത്തിൽ സംഘടിപ്പിച്ച തീരസദസ്സ് ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടരഹിതമായ മത്സ്യബന്ധനത്തിന് പ്രധാന്യം നൽകേണ്ടത് മത്സ്യത്തൊഴിലാളികൾ തന്നെയാണെന്നും മന്ത്രി പറഞ്ഞു.
മത്സ്യം പിടിക്കാൻ പോകുമ്പോഴും തിരിച്ചുവരുമ്പോഴും ലൈഫ് ജാക്കറ്റ് ധരിക്കണം. രണ്ടുവർഷത്തെ കണക്ക് പരിശോധിച്ചപ്പോൾ ഏറ്റവും കൂടുതൽ അപകടവും മരണവും ഉണ്ടാകുന്നത് മത്സ്യബന്ധനത്തിന് പോകുമ്പോഴും തിരിച്ചുവരുമ്പോഴുമാണ്. 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് മത്സ്യത്തൊഴിലാളികൾക്ക് സൗജന്യമാണ്. 500 രൂപ കൊടുത്താൽ 10 ലക്ഷം രൂപയുടെ കൂടി ഇൻഷുറൻസ് ലഭിക്കും. ക്ഷേമനിധിയും മൊത്തത്തിൽ പരിഷ്കരിക്കുകയാണ്.
മത്സ്യത്തൊഴിലാളിയായ ഒരാളും ക്ഷേമനിധിയിൽനിന്ന് പുറത്താകില്ല. അനർഹരായ ഒരാളും ക്ഷേമനിധിയിൽ വരില്ല. ഈരീതിയിൽ സുതാര്യമാകും ക്ഷേമനിധി. സി.ആർ.സെഡ്. വിഷയം ഏറ്റവും വേഗം പരിഹരിക്കുന്നതിനുള്ള നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇതുപ്രകാരം തീരദേശപരിപാലനത്തിന്റെ കരട് പ്ലാൻ തയ്യാറായി. ഇതിന്റെ ഹിയറിങ് ഒന്നിന് നടക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ ഭവനപദ്ധതിയും തീരത്തെ മറ്റ് വികസനപ്രവർത്തനങ്ങളും കാലതാമസംകൂടാതെ നടത്തുന്നതിനുള്ള പ്ലാനാണ് ഇപ്പോൾ തയ്യാറാക്കിയതെന്നും മന്ത്രി പറഞ്ഞു.
കെ.കെ. രമ എം.എൽ.എ. അധ്യക്ഷതവഹിച്ചു. ക്ഷേമനിധി ബോർഡ് ചെയർമാൻ ബഷീർ കൂട്ടായി, നഗരസഭ ചെയർപേഴ്‌സൺ കെ.പി. ബിന്ദു, ആർ.ഡി.ഒ. സി. ബിജു, കെ.പി. ഗിരിജ, പി.പി. ചന്ദ്രശേഖരൻ, പി. ശ്രീജിത്ത്, ആയിഷ ഉമ്മർ, പി. സജീവ് കുമാർ, ടി.പി. ഗോപാലൻ, പുറന്തോടത്ത് സുകുമാരൻ, പി. സോമശേഖരൻ, കെ. പ്രകാശൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബി.കെ. സുധീർ കിഷൻ, ആർ. അമ്പിളി തുടങ്ങിയവർ സംസാരിച്ചു.
Content Highlights: Fishermen without insurance will not be allowed to go to sea Minister Saji Cherian
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..