കുറ്റ്യാടിപ്പുഴ ചവറംമൂഴി ഭാഗം
പേരാമ്പ്ര : വയനാടൻ മലനിരകളുടെ താഴ്‌വരയിൽനിന്നുതുടങ്ങി പാറക്കൂട്ടങ്ങളിലൂടെ ശാന്തമായി ഒഴുകിയെത്തുന്ന കടന്തറ പുഴ. മഴക്കാലത്ത് രൗദ്രഭാവം കൈക്കൊള്ളാൻ പുഴയ്ക്ക് നിമിഷനേരം മതി. നാട്ടുകാർ ചതിയൻ പുഴയെന്ന് കടന്തറയെ വിളിക്കുന്നതും അതുകൊണ്ടുതന്നെ. പന്നിക്കോട്ടൂർ പിന്നിടുമ്പോൾ മൂത്തേട്ടു പുഴയും അതിനൊപ്പം ചേർന്നൊഴുകിയ ശേഷം മീൻതുള്ളിപ്പാറയ്ക്കുസമീപം കുറ്റ്യാടി പുഴയിലേക്കെത്തും. അതിനാൽ മലയോരങ്ങളിൽനിന്ന് മലവെള്ളപ്പാച്ചിലുണ്ടാകുമ്പോൾ കടന്തറ പുഴയിലൂടെ കുതിച്ചെത്തുന്ന വെള്ളം കുറ്റ്യാടി പുഴയിലും ജലനിരപ്പുയർത്തി വളരെ വേഗമാണ് നിറഞ്ഞൊഴുകുക. പ്രദേശത്ത് മഴയില്ലെങ്കിൽപ്പോലും പെട്ടെന്ന് വെള്ളമുയർന്ന് അപകടം അരികിലെത്തുമെന്നതാണ് പുഴയെ അപായഭീഷണിയുള്ളതാക്കിമാറ്റുന്നത്. പെരുവണ്ണാമൂഴി ഡാമിൽനിന്ന് വെള്ളം അധികമായി തുറന്നുവിടുന്ന സമയത്തും പുഴയിൽ വെള്ളമേറിത്തുടങ്ങും.
മഴക്കാലമായാൽ കടന്തറ പുഴയും കുറ്റ്യാടി പുഴയും ഒളിപ്പിച്ചുവെക്കുന്ന അപായക്കെണികളെപ്പറ്റി ജാഗ്രതകൂടിയേ തീരൂ. അപ്രതീക്ഷിതമായി വെള്ളംമുയരുന്നതിനുപുറമേ കുറ്റ്യാടി പുഴയിലെ ജാനകിക്കാട്, ചവറംമൂഴി, പറമ്പൽ, മീൻതുള്ളിപ്പാറ ഭാഗത്ത് ജീവനെടുക്കാനിടയുള്ള ഒട്ടേറെ ചതിക്കുഴികളാണുള്ളത്. പുഴയെ അറിയാത്തവർ വെള്ളത്തിലിറങ്ങിയാൽ അപകടഭീഷണിയേറെയാണ്. ഒരുഭാഗത്ത് കാടും മറുവശത്ത് ജനവാസമില്ലാത്ത പ്രദേശങ്ങളുമായതിനാൽ എവിടെയാണ് അപായമില്ലാതെ കുളിക്കാൻ പറ്റിയ സ്ഥലമെന്നുപോലും അറിയാതെയാണ് പലരും പുഴയിലേക്കിറങ്ങുക. കഴിഞ്ഞദിവസം ദമ്പതിമാർക്ക് അപകടം സംഭവിച്ച സ്ഥലവും വിജനമായ മേഖലയാണ്. മുന്നറിയിപ്പ് സുരക്ഷാബോർഡുകളൊന്നും എവിടെയുമില്ല.
ആറുവർഷംമുമ്പ് സുഹൃത്തുക്കളായ ആറ് ചെറുപ്പക്കാർക്ക് മലവെള്ളപ്പാച്ചിലിൽ കടന്തറ പുഴയിൽ ജീവൻ നഷ്ടമായത് പ്രദേശവാസികൾക്കിന്നും നടുക്കുന്ന ഓർമയാണ്. പശുക്കടവ് ഭാഗത്തുനിന്ന് പുഴയിലേക്കിറങ്ങിയപ്പോഴാണ് ഒഴുക്കിൽപ്പെട്ട് ജീവൻ നഷ്ടമായത്. പാറക്കൂട്ടങ്ങളുള്ള ഭാഗത്തിറങ്ങിയപ്പോൾ മലവെള്ളപ്പാച്ചിൽ എല്ലാവരുടെയും ജീവനെടുക്കുകയായിരുന്നു. അതിന് മുമ്പും ശേഷവുമായി ഒഴുക്കിൽപ്പെട്ട് ഒട്ടേറെപ്പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.
2019 സെപ്റ്റംബറിൽ കടന്തറ പുഴയിലെ ചെമ്പനോട ഭാഗത്ത് കയാക്കിങ് പരിശീലനത്തിനെത്തിയ ഉത്തരാഖണ്ഡ് സ്വദേശികളായ രണ്ടുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു. ഒഴിവുദിനങ്ങളിൽ പുഴയിൽ കുളിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും ഒട്ടേറെപ്പേരാണ് ഈ മേഖലയിലെത്താറുള്ളത്. ജാനകിക്കാട് ഇക്കോ ടൂറിസം സെന്ററിലെ കുളിക്കടവിൽ കുളിക്കാനും ഏറെപ്പേർ എത്തും. മുമ്പൊരിക്കൽ മലവെള്ളപ്പാച്ചിലുണ്ടായിരുന്ന സമയത്ത് ജാനകിക്കാട്ടിലെ ഗാർഡുമാരുടെ മുന്നറിയിപ്പാണ് കുളിച്ചുകൊണ്ടിരുന്നവർക്ക് രക്ഷയായത്. ചെമ്പനോടയിലും ചവറംമൂഴിയിലും വെള്ളമുയർന്ന് തുരുത്തുകളിലും മറുഭാഗത്തും കുടുങ്ങിയവരെ ഒട്ടേറെത്തവണ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തുകയുമുണ്ടായി.
മുന്നറിയിപ്പുബോർഡുകൾ വേണം
ഒട്ടേറെ ജീവനുകൾ പുഴയിൽ നഷ്ടമായിട്ടും മുന്നറിയിപ്പു ബോർഡുകളൊന്നും കടന്തറ, കുറ്റ്യാടി പുഴയോരങ്ങളിലില്ല. അപായഭീഷണിയേറിയ സ്ഥലങ്ങളിലെങ്കിലും പുഴയുടെ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന കാര്യം വ്യക്തമാക്കി ബോർഡുകൾ സ്ഥാപിക്കണം.
രാജീവ് തോമസ്. ചെമ്പനോടസുരക്ഷ വേണ്ട മേഖല
തോട്ടത്താങ്കണ്ടിമുതൽ മീൻതുള്ളിപ്പാറവരെ ഒട്ടേറെ സ്ഥലങ്ങൾ കുറ്റ്യാടി പുഴയിൽ ആളുകൾ കുളിക്കാനിറങ്ങുന്നതാണ്. അക്വാഡക്റ്റിനു സമീപം കരിമ്പന ഭാഗത്തും ചവറംമൂഴി ഭാഗത്തും ആഴമുള്ള കയങ്ങളുണ്ടെന്നതിനാൽ പുറത്തുനിന്നെത്തുന്നവർക്ക് വലിയ ശ്രദ്ധ വേണം. പാറക്കല്ലുകളിൽ വലിയ ദ്വാരങ്ങളായ സ്ഥലങ്ങളുമുണ്ട്. സുരക്ഷയും സംരക്ഷണവും മുൻനിർത്തി പ്രദേശത്ത് ജനകീയസമിതികൾ ഉണ്ടാക്കാൻ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ മുൻകൈയെടുക്കണം. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകളുൾപ്പെടെ രേഖപ്പെടുത്തി മുന്നറിയിപ്പു ബോർഡുകളും സ്ഥാപിക്കണം.
ജി. രവി.
റിട്ട. അധ്യാപകൻ, ഒറ്റക്കണ്ടം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..