ജോളി | ഫയൽചിത്രം | മാതൃഭൂമി
കോഴിക്കോട് : ഭർത്താവ് റോയി തോമസ് മരിച്ചപ്പോൾ പോസ്റ്റ്മോർട്ടം നടത്തുന്നതിന് ജോളി തടസ്സം നിന്നുവെന്ന് റോയിയെ ആശുപത്രിയിൽ എത്തിച്ച സാക്ഷി അമ്പലക്കുന്നത്ത് കെ. അശോകൻ പ്രത്യേക കോടതിയിൽ മൊഴി നൽകി.
കൂടത്തായി കൊലക്കേസിലെ 23-ാം സാക്ഷിയാണ് ആശാരിയായ അശോകൻ. കൂടത്തായിയിൽ ജോളിയുടെ പൊന്നാമറ്റത്തെ വീട്ടിനടുത്താണ് അശോകൻ താമസിക്കുന്നത്. ജോളിയുടെ ഭർത്താവ് ബാത്ത്‌റൂമിൽ വീണുകിടന്നപ്പോൾ വാതിൽ പൊളിച്ച് അയാളെ പുറത്തെടുത്തത് താനും അയൽവാസി ബാവയും ജോളിയുടെ ബന്ധു മഞ്ചാടി മാത്യുവും ചേർന്നാണെന്ന് ഇയാൾ മൊഴി നൽകി. ആദ്യം ശാന്തി ആശുപത്രിയിലാണ് കൊണ്ടുപോയത്. മിംസ് ആശുപത്രിയിൽവെച്ചാണ് മരണം സ്ഥിരീകരിച്ചത്. അവിടെ പോസ്റ്റ്മോർട്ടം നടത്തണമെന്ന് മഞ്ചാടി മാത്യു പറഞ്ഞപ്പോൾ വേണ്ടെന്ന് ജോളി പറഞ്ഞിരുന്നു. 2011 സെപ്‌റ്റംബബർ 30-നാണ് സംഭവം.
മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പിറ്റേന്ന് ഇൻക്വസ്റ്റ് നടത്തുമ്പോൾ താനും പോയിരുന്നുവെന്ന് അശോകൻ പറഞ്ഞു. വരുന്നവഴി വീട്ടിൽ കയറിയപ്പോൾ ‘‘ഹൃദയസ്തംഭനം മൂലം മരിച്ചതല്ലേ. പോസ്റ്റ്മോർട്ടം നടത്താതെ കൊണ്ടുവരാമായിരുന്നില്ലേ’’ എന്ന് ജോളി ചോദിച്ചിരുന്നുവെന്നും അശോകൻ സാക്ഷിവിസ്താരത്തിൽ പറഞ്ഞു. ആ വീട്ടിലെ മൂന്നാമത്തെ മരണമായിരുന്നു റോയി തോമസിന്റേത്. 2002-ൽ റോയിയുടെ അമ്മ അന്നമ്മ തോമസും 2008-ൽ അച്ഛൻ ടോം തോമസും മരിച്ചിരുന്നു. ആറ് മരണങ്ങളിൽ അഞ്ചും സയനൈഡ് ഉള്ളിൽ ചെന്നാണെന്നാണ് കുറ്റപത്രം.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണനും അഡീഷണൽ പ്രോസിക്യൂട്ടർ ഇ. സുഭാഷും ബുധനാഴ്ച കോടതിയിൽ ഹാജരായി.
Content Highlights: koodathai murder case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..