ജോളി | ഫയൽചിത്രം | മാതൃഭൂമി
കോഴിക്കോട് : എൻ.ഐ.ടി.യിൽവെച്ച് ജോളിയെ കാണുകയും സംസാരിക്കുകയും ചെയ്തതായി എൻ.ഐ.ടി. അസി. എൻജിനിയർ ടി.ഇ. തോമസ് സാക്ഷിമൊഴിനൽകി. 2012-ലാണ് ജോളിയെ നേരിൽക്കാണുന്നത്.
ജോളിക്കൊരു കല്യാണാലോചന വന്നപ്പോൾ അവരെക്കുറിച്ച് വിവരങ്ങൾ തേടിയത് അവിടെ ജോലിചെയ്യുന്ന തന്നോടായിരുന്നെന്ന് തോമസ് പറഞ്ഞു.
ജോളി അവിടെ ജോലിചെയ്യുന്നകാര്യം അറിയില്ലെന്ന് പറഞ്ഞപ്പോൾ അവർ വരാറുള്ള കാറിന്റെ നമ്പർ, അന്വേഷിച്ചവർ പറഞ്ഞുതരുകയായിരുന്നു. അങ്ങനെ കാർപാർക്കിങ് സ്ഥലത്തുവെച്ചും കാന്റീനിൽവെച്ചുമൊക്കെ ജോളിയെ കണ്ടുമുട്ടി. ചോദിച്ചപ്പോൾ മാത്‌സ് ഡിപ്പാർട്ട്‌മെന്റിലാണ് ജോലി എന്നാണ് പറഞ്ഞത്.
അതേക്കുറിച്ച് കെമിസ്ട്രി വകുപ്പിലെ ഡോ. ലിസാ ശ്രീജിത്തിനോട് അന്വേഷിച്ചപ്പോൾ ജോളി പറഞ്ഞത് ശരിയല്ലെന്നു മനസ്സിലായെന്ന് തോമസ് പറഞ്ഞു. പിന്നീട് ചോദിച്ചപ്പോൾ ആ വകുപ്പിൽ സി.സി.(കംപ്യൂട്ടർ സെന്റർ)യിലാണെന്നാണ് ജോളി പറഞ്ഞത്.
പക്ഷേ, മാത്‌സ് ഡിപ്പാർട്ട്‌മെന്റിൽ അങ്ങനെയൊരു സെന്റർതന്നെ ഉണ്ടായിരുന്നില്ല. കൂടുതൽ അന്വേഷിച്ചപ്പോൾ എൻ.ഐ.ടി.യിൽ താത്‌കാലിക ജീവനക്കാരിയാണെന്നാണ് പറഞ്ഞതെന്നും തോമസ് പറഞ്ഞു.
തോമസ് ജോളിയുടെ ജോലിക്കാര്യത്തെക്കുറിച്ച് തന്നോട് അന്വേഷിച്ചകാര്യം സാക്ഷിമൊഴിനൽകിയ ഡോ. ലിസാ ശ്രീജിത്ത് സ്ഥിരീകരിച്ചു. എൻ.ഐ.ടി.യിലെ സുരക്ഷാസംവിധാനത്തെക്കുറിച്ചാണ് പ്രതിഭാഗം അഭിഭാഷകൻ ക്രോസ് വിസ്താരത്തിൽ ചോദിച്ചത്.
പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. സുഭാഷ് ഹാജരായി.
Content Highlights: koodathai murder case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..