കെടയൻ മുഹമ്മദ്: ഓർമയായത് പൊതുപ്രവർത്തന, മാധ്യമരംഗത്തെ ശ്രദ്ധേയസാന്നിധ്യം


ജവഹർ യൂത്ത് ഫൗണ്ടേഷൻ കൊടുവള്ളിയിൽ സംഘടിപ്പിച്ച സ്നേഹാദരം പരിപാടിയിൽ എം.കെ. രാഘവൻ എം.പി. കെടയൻ മുഹമ്മദിനെ ആദരിക്കുന്നു (ഫയൽചിത്രം)

കൊടുവള്ളി: കെടയൻ മുഹമ്മദിന്റെ വിയോഗത്തിലൂടെ നഷ്ടമായത് ധീരനായ പത്രപ്രവർത്തകനെയും സമൂഹനന്മയ്ക്കായി പ്രവർത്തിച്ച പൊതുപ്രവർത്തകനെയും. 1962-ൽ ‘മാതൃഭൂമി’ കൊടുവള്ളി ലേഖകനായി ചുമതലയേറ്റ കെടയൻ മുഹമ്മദ് പ്രമാദമായ കൊടുവള്ളി കളരാന്തിരി അളകാദിരി ചെട്ടി കൊലക്കേസ് സംബന്ധിച്ച വാർത്തയിലൂടെയാണ് ശ്രദ്ധേയനായത്. കൊലപാതകത്തിന്റെ ഉള്ളുകള്ളികളിലേക്ക് വെളിച്ചംവീശുന്നതായിരുന്നു അദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ. ഇതേത്തുടർന്ന് പലതരം ഭീഷണികളെ അദ്ദേഹത്തിന് നേരിടേണ്ടിവന്നു.

മാതൃഭൂമി ഏജന്റ്, കൊടുവള്ളിമുതൽ അടിവാരംവരെയുള്ള സർക്കുലേഷൻ ഹെൽപ്പർ എന്നീ നിലകളിലും മുഹമ്മദ് സജീവമായിരുന്നു. യാത്രാസൗകര്യം കുറവായിരുന്ന ആ കാലത്ത് സർക്കുലേഷൻ ജോലിക്കായി അടിവാരത്തും മറ്റും പോയി തിരിച്ചുവരാൻ സാധിക്കാത്തതിനാൽ അവിടെ താമസിച്ച് അടുത്തദിവസം മടങ്ങുകയായിരുന്നു പതിവ്. പത്രപ്രവർത്തകനെന്ന നിലയിൽ സി.ഡബ്ല്യു.എം.എസ്. ബസിൽ സൗജന്യ പാസ് ലഭിച്ചിരുന്നതായും സാമ്പത്തിക പ്രയാസം നേരിടുന്ന തനിക്ക് അത് വലിയ സഹായമായിരുന്നുവെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു.

കൊടുവള്ളിയിൽ ഗവ. ആശുപത്രി കൊണ്ടുവരാൻ മുൻകൈയെടുത്തതിൽ പ്രധാനിയായിരുന്നു കെടയൻ മുഹമ്മദ്. കൊടുവള്ളി കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ഉന്നമനത്തിനുവേണ്ടിയും അദ്ദേഹം പ്രവർത്തിച്ചു. ആശുപത്രിക്ക് സൗജന്യമായി അനുവദിച്ചിരുന്ന ഒരേക്കർ ഭൂമി തിരിച്ചെടുക്കാനുള്ള നീക്കമുണ്ടായപ്പോൾ അതിനെതിരേ അദ്ദേഹം രംഗത്തുവന്നു.

ബീഡിത്തൊഴിലാളിയായിരിക്കെ ബീഡി-സിഗർ വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി.) ജില്ലാസെക്രട്ടറി എന്നനിലയിൽ ബീഡിത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. കമ്യൂണിസ്റ്റ് നേതാവ് എ.കെ.ജി. കൊടുവള്ളിയിൽ പ്രസംഗിക്കാൻവന്നപ്പോൾ ബീഡിത്തൊഴിലാളി പ്രതിനിധിയെന്നനിലയിൽ ഓട്ടമുക്കാൽകൊണ്ട് മാലയുണ്ടാക്കി അദ്ദേഹത്തിന് അണിയച്ചതിന്റെ ഓർമകൾ മുഹമ്മദ് പങ്കുവെച്ചിരുന്നു.

അടിയുറച്ച കോൺഗ്രസുകാരനായ അദ്ദേഹം പ്രതിസന്ധിഘട്ടങ്ങിലെല്ലാം പാർട്ടിക്കൊപ്പം ഉറച്ചുനിന്നു.

അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ദിരാഗാന്ധിയെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ച് മൂന്നുദിവസം പോലീസ് ലോക്കപ്പിൽ കിടന്നിട്ടുണ്ട്. കൊടുവള്ളി നിയോജകമണ്ഡലം കോൺഗ്രസ് ജനറൽസെക്രട്ടറി, കൊടുവള്ളി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് കൊടുവള്ളി ബ്ലോക്ക് സെക്രട്ടറി, തോട്ടംതൊഴിലാളി യൂണിയൻ ജില്ലാസെക്രട്ടറി, ഷോപ്പ് എസ്റ്റാബ്ലിഷ്‌മെന്റ് യൂണിയൻ ജില്ലാസെക്രട്ടറി, മോട്ടോർ എംപ്ലോയീസ് യൂണിയൻ (ഐ.എൻ.ടി.യു.സി.) ജില്ലാസെക്രട്ടറി, കൊടുവള്ളി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. കുറച്ചുകാലം കൊടുവള്ളി കെ.എം.ഒ.കോളേജ് ജീവനക്കാരനായിരുന്നു.

കെടയൻ മുഹമ്മദിന്റെ വിയോഗവിവരമറിഞ്ഞ് മുൻ മുഖ്യമന്ത്രിമാരായ എ.കെ. ആന്റണിയും ഉമ്മൻചാണ്ടിയും അദ്ദേഹത്തിന്റെ മകൻ ആസാദിനെ ഫോണിൽവിളിച്ച് അനുശോചനമറിയിച്ചു. എം.കെ. രാഘവൻ എം.പി, എം.കെ. മുനീർ എം.എൽ.എ. എന്നിവരും അനുശോചിച്ചു. പി.ടി.എ. റഹീം എം.എൽ.എ, നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു, മുൻ എം.എൽ.എ. കാരാട്ട് റസാഖ്, ഡി.ഡി.സി. മുൻ പ്രസിഡന്റ് കെ.സി. അബു, കെ.പി.സി.സി. അംഗം കെ.പി. ബാബു, എൻ.സി.പി. സംസ്ഥാന സെക്രട്ടറി എം. ആലിക്കോയ എന്നിവർ വീട്ടിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു. വൈകീട്ട് കൊടുവള്ളി ടൗണിൽ സർവകക്ഷി അനുശോചനയോഗവും നടന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..