പന്തീരാങ്കാവ് : സെല്ലർ അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ ഗ്ലാംസ് ട്രേഡിങ് കമ്പനിയുടെ കോഴിക്കോട് ജില്ലാ മാനേജർ തിരുവനന്തപുരം കിളിമാനൂർ കല്യാണിഭവനിൽ ഷിജി (40)യെ പന്തീരാങ്കാവ് പോലീസ് അറസ്റ്റുചെയ്തു.
ബംഗാൾപോലീസിന്റെ സഹായത്തോടെ ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിൽ കൊൽക്കത്തയിലെ ന്യൂടൗണിൽനിന്നാണ് ഷിജിയെ അറസ്റ്റുചെയ്തത്. പന്തീരാങ്കാവ് സ്റ്റേഷനിൽ ലഭിച്ച പരാതിപ്രകാരം മാത്രം 23 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. മറ്റു ജില്ലകളിലേതുകൂടി കണക്കാക്കുമ്പോൾ ഇത് ഒരു കോടിയിലേറെവരുമെന്നാണ് സൂചന.
ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുടെ സെല്ലർ അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചാൽ 10 ദിവസത്തിനകം തുക ഇരട്ടിയാകുമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. നിക്ഷേപകർക്ക് വ്യാജചെക്കുകൾ തയ്യാറാക്കി നൽകിയിരുന്നു. മുംബൈ ആസ്ഥാനമായാണ് ഗ്ലാംസ് ട്രേഡിങ് കമ്പനി പ്രവർത്തിക്കുന്നത്.
ഫറോക്ക് അസിസ്റ്റൻറ്് കമ്മിഷണർ സിദ്ദിഖിന്റെ നിർദേശപ്രകാരം പന്തീരാങ്കാവ് പോലീസ് ഇൻസ്പെക്ടർ ബൈജു കെ. ജോസ്, സബ് ഇൻസ്പെക്ടർ ധനഞ്ജയദാസ്, എ.എസ്.ഐ. ഹരിപ്രസാദ്, സീനിയർ സി.പി.ഒ. പ്രതീഷ്, സി.പി.ഒ. കിരൺ എന്നിവരടങ്ങുന്ന സംഘമാണ് ഷിജിയെ പിടികൂടിയത്.
കൊൽക്കത്തയിൽനിന്ന് ഞായറാഴ്ച പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മലപ്പുറം, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലും ഇയാൾക്കെതിരേ കേസുണ്ട്. ഉത്തർപ്രദേശിലെ നോയിഡ, മധ്യപ്രദേശ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും ഗ്ലാംസ് ട്രേഡിങ് കമ്പനിക്കെതിരേ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ബംഗാൾ, ഉത്തർപ്രദേശ്, ഡൽഹി സ്വദേശികളായ മറ്റുപ്രതികളെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..