മഴയുടെ ചാഞ്ചാട്ടം; കർഷകർക്ക് കണ്ണീര്


രണ്ടുവർഷത്തിനിടെ ജില്ലയിലെ കൃഷിനാശം 351 കോടിയിലേറെഏപ്രിൽ മുതൽ 2022 ജൂൺ 25 വരെ പ്രകൃതിദുരന്തങ്ങളിലുണ്ടായ കൃഷിനാശം•,176 ഹെക്ടർ കൃഷിനാശമുണ്ടായി. •,43,573 കർഷകരെ ബാധിച്ചു. •.78 കോടിയുടെ നഷ്ടം നേരിട്ടു •നഷ്ടപരിഹാരത്തിനായി സമീപിച്ച 9261 കർഷകർക്കായി ഇതിനകം മൂന്നുകോടിയിലേറെരൂപ വിതരണംചെയ്തു

Caption

കോഴിക്കോട്: കാലവർഷം തുടങ്ങി ഒരുമാസം പിന്നിട്ടിട്ടും ജില്ലയിൽ ലഭിച്ചത് 18 ശതമാനം മഴ മാത്രം. ഇതോടെ കാർഷികമേഖല പ്രതിസന്ധിയിലായി. ഈ കാലത്ത് സാധാരണ 916 മില്ലിമീറ്റർ മഴ ലഭിക്കേണ്ടതാണ്. പക്ഷേ, ജില്ലയ്ക്ക് ലഭിച്ചതാകട്ടെ 476 മില്ലിമീറ്റർ മഴയും. ജൂൺ ഒന്നു മുതൽ ജൂലായ് ഒന്നുവരെ 48 ശതമാനം മഴയുടെ കുറവാണുണ്ടായത്. മഴക്കുറവ് കാർഷികമേഖലയെ സാരമായി ബാധിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്‌ധർ പറയുന്നത്.

മഹാപ്രളയത്തിനുശേഷം കാലവർഷത്തിൽ വന്ന മാറ്റം കാർഷികമേഖലയുടെ താളംതെറ്റിച്ചു. ജൂൺ-ജൂലായ് മാസങ്ങളിൽ ലഭിക്കേണ്ട മഴ കുറച്ചുവർഷങ്ങളിലായി ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് പെയ്യുന്നത്. വേനൽമഴയ്ക്ക് ശക്തികൂടുകയും ചെയ്തു. ഇക്കഴിഞ്ഞ വേനൽമഴയിൽ ഏകദേശം 200 ഹെക്ടറിലധികം കൃഷി നശിച്ചതായാണ് കണക്ക്. ഈ വർഷം മാർച്ച്-മേയ് മാസങ്ങളിലായി 94 ശതമാനം അധികം വേനൽമഴയാണ് ജില്ലയിൽ ലഭിച്ചത്.

വേനൽമഴയിൽ കുതിരുന്ന മൂന്നാംവിള

ജില്ലയിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്നത് മൂന്നാംവിളയിലാണ്. രണ്ടാംവിളയെ അപേക്ഷിച്ച് കുറഞ്ഞസ്ഥലങ്ങളിലാണ് മൂന്നാംവിള കൃഷിചെയ്യുന്നതെങ്കിലും അത്യുത്പാദനശേഷിയുള്ള നെൽവിത്തിനങ്ങളാണ് വിളവ് വർധിപ്പിക്കുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിളവെടുക്കുന്ന സമയമാകുമ്പോഴേക്കും മൂന്നാംവിള മഴയിൽ കുതിരുന്നു.

കൊയ്ത്തിന്റെ പാകമാവുമ്പോഴേക്കും വേനൽമഴ തുടങ്ങുന്നതിനാൽ ഏക്കറുകണക്കിന് കൃഷിയിടങ്ങളിലാണ് നാശമുണ്ടാകുന്നതെന്ന് കർഷകർ പറയുന്നു. ചെറുവണ്ണൂർ, മേപ്പയ്യൂർ, വേളം, മണിയൂർ പഞ്ചായത്തുകളിലായി ഏകദേശം 100 ഏക്കറിലധികം നെൽക്കൃഷി ഈ വർഷം വേനൽമഴയിൽ നശിച്ചു. ശക്തമായ മഴയെ കൂടാതെ പാടശേഖരങ്ങളിലേക്കുള്ള കനാൽവെള്ളത്തിന്റെ ഒഴുക്കും കൃഷിനാശത്തിന് ഇടയാക്കുന്നുണ്ട്. നിർത്താതെപെയ്യുന്ന ശക്തമായ മഴ കാരണം പാടശേഖരങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതാണ് മറ്റൊരുപ്രശ്നം. കൊയ്ത്തുകഴിഞ്ഞ് ലഭിക്കുന്ന കെട്ടുകണക്കിന് പുല്ലും മഴയിൽ കുതിർന്ന് ഉപയോഗശൂന്യമായി. രണ്ടാംവിള കൃഷി ഇറക്കേണ്ട സമയത്ത് മഴ ശക്തിപ്രാപിക്കുന്നതിനാൽ ഞാറ്‌ പറിച്ചുനടാൻ കഴിയാതെവരുന്നുണ്ട്. അതുകാരണം വിള കുറയുകയാണ്.

വിലയിടിഞ്ഞ് തേങ്ങയും റബ്ബറും

കർഷകർക്ക് മികച്ചവരുമാനം നൽകിയിരുന്ന റബ്ബറും തേങ്ങയും വിലയിടിവ് കാരണം ഇപ്പോൾ കണ്ണീരാണ് സമ്മാനിക്കുന്നത്. അതിനിടയിൽ കാലംതെറ്റി പെയ്യുന്ന മഴയിൽ ഉത്പാദനം ഗണ്യമായി കുറയുകയും ചെയ്തു. മഴക്കാലത്ത് റബ്ബർ ടാപ്പിങ് ഉറപ്പാക്കുന്നതിനായി റെയിൻഗാർഡ് ഒരുക്കാൻപോലും ഇത്തവണത്തെ വേനൽമഴമൂലം കഴിഞ്ഞില്ലെന്ന് കർഷകർ പറയുന്നു. ഇലകൊഴിച്ചിൽ തടയാനായി മരുന്നുതളിക്കാനും സാധിച്ചിട്ടില്ല. ഉത്പാദനച്ചെലവ് വർധിച്ചതിനാൽ മലയോരമേഖയിലെ കർഷകർ റബ്ബർ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ്.

വിലയിടിവ് കാരണം തെങ്ങിന് ആവശ്യമായ പരിചരണം നൽകാൻ കർഷകർക്ക് വിമുഖതയാണ്. കൂലിവർധനയും വളത്തിന് വിലകൂടിയതും മേഖലയിൽനിന്ന് കർഷകരെ പിന്നോട്ടുവലിക്കുന്നു. ശക്തമായ മഴയിൽ മേൽമണ്ണ് ഒലിച്ചുപോകുന്നതിനാൽ മണ്ണിന്റെ ഘടനയിൽത്തന്നെ മാറ്റംവരുന്നുണ്ട്. അത് പരിഹരിക്കാനാവശ്യമായ വളപ്രയോഗം നടത്തണം. തേങ്ങ കിലോയ്ക്ക്‌ 25 രൂപ മാത്രം ലഭിക്കുമ്പോൾ കൃഷിയിടത്തിൽ കൂടുതൽ പണമിറക്കാൻ കഴിയുന്നില്ല. കൃത്യമായ വളപ്രയോഗം നടത്താത്തതിനാൽ മഴക്കാലത്ത് മച്ചിങ്ങ പൊഴിയുന്നത് രൂക്ഷമായിരിക്കുകയാണ്.

മഴയേ, വാഴയെ ചതിക്കരുത്

ജില്ലയിൽ ഇപ്പോൾ മികച്ചവരുമാനം ലഭിക്കുന്ന കൃഷി വാഴയാണ്. കിലോയ്ക്ക് 56 രൂപവരെ ലഭിക്കുന്നതിനാൽ കർഷകരും സന്തോഷത്തിലാണ്. വർഷങ്ങൾക്ക് ശേഷമാണ് വാഴക്കൃഷിയിൽ ഉണർവുണ്ടായിരിക്കുന്നത്. വയലുകളിൽ ചെയ്യുന്ന വാഴക്കൃഷിക്ക് ആവശ്യത്തിന് വെള്ളം ലഭിക്കുന്നുണ്ടെങ്കിലും പറമ്പുകളിലുള്ളതിന് മതിയായ വെള്ളം ലഭിക്കുന്നില്ലെന്ന് കർഷകർ പറഞ്ഞു. വേനൽമഴ പെയ്തതിനാൽ ഇത്തവണ നേരത്തേതന്നെ വാഴയ്ക്ക് കുലവന്നു. ശക്തമായ മഴയായതിനാൽ കുലകളുടെ വണ്ണം കുറഞ്ഞു.

വരുംമാസങ്ങളിൽ പ്രത്യേകിച്ചും ഓണക്കാലത്ത് മഴയുടെ വരവ് ഏത് രീതിയിലായിരിക്കുമെന്ന ആശങ്കയിലാണ് കർഷകർ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..