കൊല്ലൂർ മൂകാംബിക ബസിന് മുമ്പിലെ യാത്രക്കാരുടെ തിരക്ക്
കോഴിക്കോട് : രാത്രി വൈകിയും ബസ് എത്താത്തതിനെത്തുടർന്ന് മാവൂർ റോഡ് കെ.എസ്.ആർ.ടി.സി. ടെർമിനലിൽ യാത്രക്കാർ പ്രതിഷേധിച്ചു. കണ്ണൂരിലേക്കും കാസർകോടേക്കും പോകേണ്ട യാത്രക്കാരാണ് മണിക്കൂറുകൾ കാത്തിരുന്നിട്ടും ബസ് കിട്ടാത്തതിനെത്തുടർന്ന് പ്രതിഷേധിച്ചത്. കൊടുങ്ങല്ലൂരിൽനിന്ന് മൂകാംബികയിലേക്കു പോകേണ്ട ഡീലക്സ് ബസ് രണ്ടുമണിക്കൂറോളം യാത്രക്കാർ തടഞ്ഞിട്ടു. ഞായറാഴ്ച രാത്രി എട്ടുമണിക്ക് ബസ് സ്റ്റാൻഡിലെത്തിയ യാത്രക്കാരാണ് പ്രതിഷേധിച്ചത്.
തീവണ്ടി സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്നാണ് കെ.എസ്.ആർ.ടി.സി.യിലേക്ക് കൂടുതൽ യാത്രക്കാരെത്തിയത്. എന്നാൽ, ഈ സമയങ്ങളിൽ ഡീലക്സ് ബസുകളാണ് സർവീസ് നടത്താനായി സ്റ്റാൻഡിലെത്തിയത്. ഇതിൽ റിസർവേഷൻ യാത്രക്കാരല്ലാത്തവരെ കയറ്റാത്തതിനാൽ യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി. മൂകാംബികയിലേക്ക് 7.45-ന് സർവീസ് നടത്തേണ്ട ബസ് 9.45-ഓടെയാണ് സ്റ്റാൻഡിലെത്തിയത്. ബസിൽ റിസർവേഷൻ യാത്രക്കാർ കുറവായതിനാൽ സ്റ്റാൻഡിൽനിന്ന് മറ്റ് യാത്രക്കാരെക്കൂടി കൊണ്ടുപോകണമെന്ന് ആവശ്യമുയർന്നു. റിസർവേഷനില്ലാത്ത യാത്രക്കാരെ കയറ്റാൻ കഴിയില്ലെന്ന് പറഞ്ഞതോടെ യാത്രക്കാരും ജീവനക്കാരും തമ്മിൽ തർക്കമായി. തുടർന്ന് യാത്രക്കാർ ബസ് എടുക്കാൻ സമ്മതിക്കാതെ പ്രതിഷേധിച്ചു. രണ്ടുമണിക്കൂറോളംനീണ്ട പ്രതിഷേധം പോലീസെത്തിയാണ് പരിഹരിച്ചത്. നിന്നുയാത്രചെയ്യാൻ അനുവദിക്കില്ലെന്ന് പോലീസ് നിലപാട് സ്വീകരിച്ചതോടെ യാത്രക്കാർ പിന്തിരിയുകയായിരുന്നു. രാത്രി 11 മണിയോടെ ബസ് പുറപ്പെട്ടു.
ഇതേസമയംതന്നെയെത്തിയ കണ്ണൂർ എക്സ്പ്രസ് ബസിൽ നിന്നുയാത്രചെയ്യാൻ അനുവദിച്ചു. നിറയെ യാത്രക്കാരുമായാണ് ഈ ബസ് പുറപ്പെട്ടത്. 11.15-ന് എത്തിയ കണ്ണൂർ സൂപ്പർഫാസ്റ്റിലും യാത്രക്കാരെ കുത്തിനിറച്ചാണ് സർവീസ് നടത്തിയത്. യാത്രക്കാർ കൂടുതലുണ്ടായാലും ആവശ്യത്തിന് സർവീസുകൾ നടത്താതെ കണ്ണൂർ, കാസർകോട് ഭാഗങ്ങളിലെ യാത്രക്കാരെ സ്ഥിരമായി വലയ്ക്കുകയാണ് കെ.എസ്.ആർ.ടി.സി.യെന്ന് യാത്രക്കാർ ആരോപിച്ചു. എന്നാൽ മഴയെത്തുടർന്ന് ബസുകൾ ഒന്നരമണിക്കൂറോളം വൈകിയതാണ് പ്രശ്നത്തിന് കാരണമെന്നും 11 മണിയോടെ കൂടുതൽ ബസുകൾ സ്റ്റാൻഡിൽ എത്തിച്ചേരുമെന്നും കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..