ആർ.സുന്ദരേശൻനായർക്ക് അന്ത്യാഞ്ജലി


തിരുവനന്തപുരം : അന്തരിച്ച മുൻ മന്ത്രി ആർ.സുന്ദരേശൻനായർക്ക് അന്ത്യാഞ്ജലി. വെള്ളിയാഴ്ച രാവിലെ തൈക്കാട് ശാന്തികവാടത്തിൽ സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖർ വീട്ടിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു. മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുംവേണ്ടി റീത്തുകൾ സമർപ്പിച്ചു.

ഉമ്മൻചാണ്ടി, എൻ.ശക്തൻ, എം.എൽ.എ.മാരായ കടന്നപ്പള്ളി രാമചന്ദ്രൻ, വി.കെ.പ്രശാന്ത്, സി.കെ.ഹരീന്ദ്രൻ, കെ.ആൻസലൻ, എം.വിൻസെന്റ്, എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത്കുമാർ, നീലലോഹിതദാസ്, പന്തളം സുധാകരൻ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, കരമന ജയൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ തൈക്കാട് ശാന്തികവാടത്തിൽ മകൻ പ്രതീക് എസ്. നായർ അന്ത്യകർമങ്ങൾ നിർവഹിച്ചു. സഞ്ചയനം തിങ്കളാഴ്ച രാവിലെ കുന്നുകുഴി തമ്പുരാൻമുക്കിലെ വീട്ടിൽ നടക്കും.

തിരുവനന്തപുരം കുന്നുകുഴി, തമ്പുരാൻമുക്ക് പ്രയാഗയിൽ വ്യാഴാഴ്ച പുലർച്ചയാണ് ആർ. സുന്ദരേശൻ നായർ (82) അന്തരിച്ചത്. നെയ്യാറ്റിൻകര എം.എൽ.എ., എൻ.എസ്.എസ്. നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ പ്രസിഡന്റ്, പി.എസ്.സി. അംഗം, എൻ.ഡി.പി. ജനറൽ സെക്രട്ടറി, കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു. തിരുവനന്തപുരത്തെ വിക്ടറി ട്യൂട്ടോറിയൽ കോളേജിന്റെ സ്ഥാപകനും അധ്യാപകനുമായിരുന്നു.

നെയ്യാറ്റിൻകര മരുതത്തൂർ മഞ്ചത്തല വീട്ടിൽ ജനിച്ച സുന്ദരേശൻനായർ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയശേഷം അധ്യാപനരംഗത്തിറങ്ങി. എൻ.എസ്.എസ്. പ്രവർത്തനത്തിലൂടെ പൊതുരംഗത്തെത്തി. എൻ.എസ്.എസിന്റെ രാഷ്ട്രീയപ്പാർട്ടിയായ എൻ.ഡി.പി.യുടെ സ്ഥാനാർഥിയായി നെയ്യാറ്റിൻകരയിൽനിന്ന് അഞ്ചും ആറും കേരള നിയമസഭകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1981 ഡിസംബർ 28 മുതൽ 1982 മാർച്ച് 17 വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ ആരോഗ്യ-ടൂറിസം വകുപ്പ് മന്ത്രിയായി. 1982-ലെ തിരഞ്ഞെടുപ്പിൽ ജനതാപാർട്ടിയിലെ എസ്.ആർ. തങ്കരാജിനോടു നെയ്യാറ്റിൻകരയിൽ പരാജയപ്പെട്ടു. തുടർന്ന് പി.എസ്.സി. അംഗമായി.

സാമ്പത്തികസംവരണം വേണമെന്ന് ആദ്യമായി നിയമസഭയിൽ ആവശ്യപ്പെട്ടത് സുന്ദരേശൻ നായരായിരുന്നു. എൻ.എസ്.എസിന്റെ ആവശ്യമാണ് അദ്ദേഹം ഉന്നയിച്ചത്.

സെക്രട്ടേറിയറ്റിൽനിന്ന് അഡീഷണൽ സെക്രട്ടറിയായി വിരമിച്ച ബി. ലീലാകുമാരിയാണ് ഭാര്യ. മക്കൾ: പ്രീത എസ്. നായർ (അക്കൗണ്ട്‌സ് ഓഫീസർ, എൽ.ഐ.സി.),പ്രതിഭ എസ്. നായർ (അസിസ്റ്റന്റ് പ്രൊഫസർ, എം.ജി. കോളേജ്, തിരുവനന്തപുരം) പ്രതീക് എസ്. നായർ (ഹോങ്‌കോങ്).മരുമക്കൾ: അഡ്വ. എസ്. സുദീപ് (വഞ്ചിയൂർ കോടതി), പി. ഗോപകുമാർ, ജി.ആർ. നിഷ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..