ചെമ്പ്ര സ്‌കൂളിലേക്ക് രാജകീയപാത ഒരുങ്ങി; ഉദ്ഘാടനം ഇന്ന്


നിർമാണം പൂർത്തിയായ ഏറാമല-ചെമ്പ്ര ഹൈസ്കൂൾ റോഡ്

വടകര : ഇങ്ങനെയും റോഡ് നിർമിക്കാമോ... ഏറാമല പഞ്ചായത്തിലെ തോട്ടുങ്ങൽ അയ്യപ്പഭജനമഠം-ചെമ്പ്ര ഹൈസ്കൂൾഭാഗം റോഡ് കാണുമ്പോൾ ആരും അതിശയിച്ച് ചോദിച്ചുപോകും. മനംകവരും ഭംഗിയിലാണ് 500 മീറ്ററോളംവരുന്ന റോഡ് ജില്ലാ പഞ്ചായത്ത് 55 ലക്ഷംരൂപ ചെലവഴിച്ച് നിർമിച്ചത്. രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന ജില്ലാപഞ്ചായത്തിനുകീഴിലുള്ള ഓർക്കാട്ടേരി കെ.കെ.എം. ജി.വി.എച്ച്.എസ്.എസിലേക്കുള്ള പാത മാതൃകാപരമായിരിക്കണമെന്ന കാഴ്ചപ്പാടിലാണ് ഇങ്ങനെയൊരു റോഡ് പിറന്നത്. ഞായറാഴ്ച വൈകീട്ട് നാലുമണിക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി റോഡ് ഉദ്ഘാടനംചെയ്യും. ഇതോടൊപ്പം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഹൈസ്കൂൾ- വലിയാണ്ടിപീടിക റോഡിന്റെ ഉദ്ഘാടനവും ഞായറാഴ്ച നടക്കും.

ഓർക്കാട്ടേരി-കുന്നുമ്മക്കര റോഡിലെ അയ്യപ്പഭജനമഠം പരിസരത്തുനിന്നാണ് സ്കൂളിലേക്കുള്ള റോഡ് തുടങ്ങുന്നത്. മനോഹരമായ ടാറിങ്, റോഡിന്റെ ഇരുവശത്തും കൊരുപ്പുകട്ട പാകി മനോഹരമാക്കിയ നടപ്പാത, ഇതിനപ്പുറം കറുപ്പും വെള്ളയും നിറത്തിൽ ചെറിയഭിത്തിയും. യു.എൽ.സി.സി.എസാണ് പ്രവൃത്തി പൂർത്തിയാക്കിയത്.റോഡരികിൽ നേരത്തെത്തന്നെ നാട്ടുകാർ വിവിധ ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചിരുന്നു. ഇതെല്ലാം സംരക്ഷിച്ചുകൊണ്ടാണ് റോഡ് നിർമിച്ചത്. ഇതിനുപുറമെ റോഡിന്റെ രണ്ടുവശങ്ങളിലും അലങ്കാരപ്പനകളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ഇതോടെ രാജകീയഭാവമാണ് റോഡിന്. റോഡരികിൽ പൂന്തോട്ടം ഉൾപ്പെടെ വെച്ചുപിടിപ്പിക്കാനും നാട്ടുകാർക്ക് പദ്ധതിയുണ്ടെന്ന് വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും പ്രദേശവാസിയുമായ വി.കെ. സന്തോഷ് കുമാർ പറഞ്ഞു. സാമൂഹികമാധ്യമങ്ങളിൽ റോഡിന്റെ വീഡിയോകളും ചിത്രങ്ങളും ഏതാനും ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. രാത്രിയിൽ അലങ്കാരവെളിച്ചം കൂടിയാകുമ്പോൾ അതിമനോഹരം.

രാവിലെ നടക്കാനിറങ്ങുന്നവരും വ്യായാമം ചെയ്യുന്നവരുമെല്ലാം റോഡിനെ ആശ്രയിച്ചുതുടങ്ങി. 500 മീറ്റർ ദൂരത്തേ നടപ്പാത ഉള്ളൂ എങ്കിലും ഹൈസ്കൂളുംകഴിഞ്ഞ് ഏറാമല റോഡുവരെ റോഡ് ടാർചെയ്തിട്ടുണ്ട്. സ്കൂൾവരെയെങ്കിലും ഈ രീതിയിൽ റോഡ് നവീകരിക്കണമെന്ന ആവശ്യം ഉയർന്നുതുടങ്ങിയിട്ടുണ്ട്. നേരത്തെ മഴക്കാലത്ത് സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന റോഡാണിത്. കുട്ടികൾക്ക് നടന്നുപോകാൻപോലും കഴിയില്ല. ഇത് പരിഹരിക്കാൻ അരമീറ്ററോളം റോഡ് ഉയർത്തിയിട്ടുണ്ട്. റോഡിലുള്ള രണ്ട് കലുങ്കുകൾ പുതുക്കിപ്പണിതു. ഇതോടെ വെള്ളത്തിന്റെ ഒഴുക്കിനും പ്രശ്നമില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..