കർശന നടപടിയുമായി പോലീസ് : പോപ്പുലർ ഫ്രണ്ടിന്റെ കോഴിക്കോട്ടെ ഒൻപത് ഓഫീസുകൾ പൂട്ടി


2 min read
Read later
Print
Share

കോഴിക്കോട് അരവിന്ദ്ഘോഷ് റോഡിലെ പി.എഫ്.ഐ. കോഴിക്കോട് നോർത്ത് ജില്ലാകമ്മിറ്റി ഓഫീസിൽ ടൗൺ അസി. കമ്മിഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിൽ നോട്ടീസ് പതിക്കുന്നു

കോഴിക്കോട്/ വടകര : നിരോധനത്തിനു പിന്നാലെ ജില്ലയിൽ പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കുമെതിരേ പോലീസും എൻ.ഐ.എ.യും നടപടി തുടങ്ങി.

പോപ്പുലർ ഫ്രണ്ടിന്റെയും നിരോധിക്കപ്പെട്ട മറ്റ് പോഷക സംഘടനകളുടെയും ജില്ലയിലെ ഒൻപത് ഓഫീസുകൾ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് നോട്ടീസ് പതിച്ചു. ഓഫീസിലേക്ക് പ്രവേശിക്കുന്നവർക്കെതിരേ യു.എ.പി.എ. ചുമത്തുമെന്ന് പോലീസ് പറഞ്ഞു. വടകര മേഖലയിലെ ഓഫീസുകൾ കളക്ടറുടെ ഉത്തരവുപ്രകാരം പൂട്ടി സീൽവെച്ചു. സംസ്ഥാന കമ്മിറ്റി ഓഫീസായ യൂണിറ്റി ഹൗസ് എൻ.ഐ.എ. സംഘം കണ്ടുകെട്ടി. കോഴിക്കോട് നഗരത്തിൽ അഞ്ച് ഓഫീസുകളും വടകര മേഖലയിൽ നാല് ഓഫീസുകളുമാണ് പൂട്ടിയത്. കോഴിക്കോട് നഗരത്തിലെ ഓഫീസുകൾ സീൽചെയ്യാൻ അടുത്ത ദിവസം കളക്ടറുടെ ഉത്തരവിറങ്ങും. അതിന്റെ മുന്നോടിയായാണ് പോലീസ് നോട്ടീസ് പതിച്ചതെന്ന് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ എ. ശ്രീനിവാസ് പറഞ്ഞു.

കോഴിക്കോട് കന്പിളിപറന്പിലെ വിമൺസ് ഫ്രണ്ട് ഓഫീസ്, ചക്കുംകടവ് അയ്യങ്കാർ റോഡിലെ കാന്പസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസ്, മാവൂർ റോഡ് ഇസ്‌ലാമിക് യൂത്ത് സെന്ററിലുള്ള വിമൺസ് ഫ്രണ്ട് ഓഫീസ്, എൻ.സി.എച്ച്.ആർ.ഒ. സംസ്ഥാന കമ്മിറ്റി ഓഫീസ് എന്നിവയാണ് ‌‍പൂട്ടിയത്.

പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്ന വടകര സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (വാസ്) ഓഫീസും കുറ്റ്യാടി സഹൃദയ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസും പോലീസും റവന്യൂ അധികൃതരും പൂട്ടി സീൽപതിച്ചു. വെള്ളിയാഴ്ച രാവിലെ യു.എ.പി.എ. നിയമത്തിലെ സെക്‌ഷൻ എട്ട് (ഒന്ന്) പ്രകാരം ഈ ഓഫീസുകൾ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി കാണിച്ച് കോഴിക്കോട് റൂറൽ എസ്.പി.യുടെ വിജ്ഞാപനം ഓഫീസുകൾക്ക് മുന്നിൽ പതിച്ചിരുന്നു. തുടർന്ന് പോലീസ് കാവലുമേർപ്പെടുത്തി. വൈകീട്ടോടെ ഓഫീസുകൾ പൂട്ടി സീൽചെയ്യാൻ കളക്ടർ ഉത്തരവിട്ടു. വൈകീട്ടോടെ പോലീസും അതതിടങ്ങളിലെ വില്ലേജ് ഓഫീസർമാരും ഓഫീസുകൾ പരിശോധിച്ച് സാധനസാമഗ്രികൾ തിട്ടപ്പെടുത്തിയശേഷം ഓഫീസ് പൂട്ടി.

വടകരയിൽ ഡിവൈ.എസ്.പി. ആർ. ഹരിപ്രസാദ്, ഇൻസ്പെക്ടർ പി.എം. മനോജ്, വടകര വില്ലേജ് ഓഫീസർ ഷീനാ ചെറിയാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.

താഴെ അങ്ങാടിയിൽ വലിയ മൂന്നുനില മന്ദിരമാണ് വാസ് ആസ്ഥാനം. ഏറ്റവും താഴത്തെ നിലയിലാണ് പി.എഫ്.ഐ. ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഇവിടെനിന്ന് കൊടികളും മറ്റും കണ്ടെത്തി. സെർച്ച് ലിസ്റ്റിലുള്ള സാധനങ്ങൾ കോടതിയിൽ സമർപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. ബാക്കി സാധനങ്ങളുടെ പട്ടിക കളക്ടർക്ക് നൽകും.

കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിൽ തെരുവത്ത് റോഡിൽ കണിയാന്റെപറമ്പത്തെ സഹൃദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസിലാണ് പി.എഫ്.ഐ. ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഇൻസ്പെക്ടർ ഇ.കെ. ഷിജു, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ഓഫീസ് പരിശോധിച്ച് സാധനങ്ങളുടെയും മറ്റും കണക്കെടുത്തശേഷമാണ് പൂട്ടി സീൽ പതിച്ചത്.

നാദാപുരത്തും തണ്ണീർപ്പന്തലിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പേരിൽ രജിസ്റ്റർചെയ്ത ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസുകൾ പൂട്ടി. നാദാപുരം ഡിവൈ.എസ്.പി. വി.വി. രതീഷിന്റെ നേതൃത്വത്തിലായിരുന്നു നടപടി. നാദാപുരം ബസ്‌സ്റ്റാൻഡിന് പിൻവശത്തെ റോഡിലാണ് പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലായിരുന്നു ഓഫീസ്. തണ്ണീർപ്പന്തലിൽ കരുണ ഫൗണ്ടേഷൻ എന്ന പേരിലാണ് പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..