മനോജ്‌കുമാർ പാലേരി


3 min read
Read later
Print
Share

എച്ച്‌.എസ്‌.ടി. (മലയാളം) ജി.എച്ച്‌.എസ്‌.എസ്. വടുവഞ്ചാൽ (വയനാട്‌)

മാധ്യമങ്ങളിൽ വർത്തമാനപത്രങ്ങൾക്കുള്ള സ്ഥാനവും അതിന്റെ ശക്തി ദൗർബല്യങ്ങളും വ്യക്തമാക്കുന്ന ‘പത്രനീതി’ (സുകുമാർ അഴീക്കോട്‌), അമ്മമലയാളത്തിന്റെ മഹത്ത്വം വിഷയമായ ‘അമ്മയുടെ എഴുത്തുകൾ’ (വി. മധുസൂദനൻ നായർ), ജീവിത ദുരിതങ്ങൾക്കിടയിൽ ഒരു റേഡിയോ എങ്ങനെ പ്രതീക്ഷയും സാന്ത്വനവുമാകുന്നുവെന്നു കാണിച്ചുതന്ന ‘പണയം’ (ഇ. സന്തോഷ്‌കുമാർ) എന്നീ മൂന്ന്‌ അധ്യായങ്ങളാണ്‌ ഈ യൂണിറ്റിലുള്ളത്‌. ‘പത്രമില്ലാതെയുള്ള ഭരണത്തെക്കാൾ താൻ അഭിലഷിക്കുക ഭരണമില്ലാതെ പത്രമുള്ള അവസ്ഥയാണ്‌’ (പത്രനീതി) പത്രധർമത്തെക്കുറിച്ചുള്ള ജഫേഴ്‌സന്റെ നിലപാടാണിത്‌. പൊരുൾ വ്യക്തമാക്കുക? (പത്രങ്ങൾ ഉന്നതമൂല്യങ്ങൾ മുറുകെപ്പിടിക്കണം- അരാജകമായ അവസ്ഥയിലും സത്യം, നീതി, സ്വതന്ത്രബുദ്ധി ഇവ പുലർത്തണം. ആനുകാലികപത്രങ്ങളുടെ നിലപാടുകൾ പരിശോധിക്കണം. സമൂഹത്തിന്റെ രക്ഷകനാകണം പത്രങ്ങൾ എന്ന്‌ ധ്വനി.) പത്രങ്ങൾ എല്ലാറ്റിനെയും വിമർശിക്കുന്നു. എന്നാൽ പത്രങ്ങൾ വേണ്ടത്ര വിമർശിക്കപ്പെടുന്നില്ല’- പ്രതികരണം നൽകാം. (വാർത്തകൾ അറിയാനും വാർത്തനൽകാനും പത്രത്തെ ആശ്രയിക്കണം- പത്രത്തെ എതിർക്കേണ്ടിവരുമ്പോൾ എതിർപ്പിന്‌ പ്രചാരംനൽകാനും പത്രംതന്നെ വേണം- സ്വേച്ഛാധിപതിമാർ- ഭരണാധികാരികൾ ഇവരുടെ സമീപനം).

അർഥവ്യത്യാസംവരാതെ രണ്ടു വാക്യമാക്കുക -പത്രങ്ങൾ സൂര്യനുചുവടെയും മേലെയുമുള്ള എല്ലാറ്റിനെയുംപ്പറ്റി വൃത്താന്തങ്ങൾ തരുന്നുവെന്നു മാത്രമല്ല അവയെ വിമർശിക്കുകയും ചെയ്യുന്നു.

പണയം

കലയ്ക്കും സാഹിത്യത്തിനും നമ്മുടെ ജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്താനാവുമെന്ന്‌ ഇ. സന്തോഷ് കുമാറിന്റെ കഥ അന്വേഷിക്കുന്നു. പണയം എന്ന കഥയിലെ ജീവസ്സുറ്റ ഒരു കഥാപാത്രംതന്നെയാണ്‌ റേഡിയോ- സന്ദർഭങ്ങൾ സൂചിപ്പിച്ച്‌ ഈ പ്രസ്താവന വിലയിരുത്തുക? ‘‘ഈ റേഡിയോം പാട്ട്വാക്കെ ഇനിക്കത്ര പിടിത്തല്ലാ- മനുഷ്യരെ മെനക്കേടുത്താൻ ഓരോ ഏർപ്പാടോള്‌; ആ നേരം വല്ല പണീം എടുത്താല്‌ നാല്‌ കാശ്‌ണ്ടാക്കാം’’- ചെമ്പ്‌ മത്തായിയുെട കാഴ്ചപ്പാടിനോട്‌ യോജിക്കാനാവുമോ? നിരീക്ഷണക്കുറിപ്പെഴുതുക.

സവിശേഷപ്രയോഗങ്ങൾ

ചാക്കുണ്ണിയുടെ തയ്യലിന്റെ രാത്രികൾ നീണ്ടു (പാഠഭാഗം) (വർധിച്ച ജീവിത പ്രാരാബ്ധം- രാവിനെ പകലാക്കിയുള്ള ജോലി).

മൂന്ന്‌ പതിറ്റാണ്ടുകളായി നൂലുകോർത്ത്‌ കുഴിഞ്ഞുപോയ കണ്ണുകൾ (ദാരിദ്ര്യം-ദുസ്സഹജീവിതം- അമിതാധ്വാനംകൊണ്ട്‌ ക്ഷീണിച്ച ശരീരം കണ്ണിലെ ആയാസം)

‘അല്ലാ-നീയ്‌ പലിശേം അടച്ചിട്ടില്യല്ലോടാ- ഇതെന്താകഥ? ഞാൻ കൊറച്ചുകൂടികാക്കും. പിന്നെ റേഡിയോയാണോ സിനിമ്യാണോന്നൊന്നും നോക്കില്യ, അങ്ങട്ട്‌ കിട്ട്യ കാശിനു വിൽക്കും. അതാ ഇബടത്തെ ഒരു രീതി’ അറ്റകൈക്ക്‌ ഉപ്പുതേക്കാത്തവൻ എന്ന പഴഞ്ചൊല്ലിന്റെ ആശയം പ്രയോഗിച്ച്‌ ചെമ്പുമത്തായി എന്ന കഥാപാത്രത്തെ നിരൂപണംചെയ്യുക? (മാനുഷികമൂല്യങ്ങൾക്ക്‌ വിലകല്പിക്കുന്നില്ല- എല്ലാ ബന്ധത്തെയും പണത്തിന്റെ അളവുകോലുകൊണ്ടളക്കുന്നു. കലകൾകൊണ്ട്‌ പ്രയോജനമില്ല എന്ന പക്ഷക്കാരൻ- മക്കളെ തല്ലി വളർത്തുന്നു)

ഒറ്റവാക്യമാക്കുക

. ഒരു തുണിസഞ്ചിയിൽ പണയമുതലുമായി കുഞ്ഞനം വന്നു. 2. അവർ അത്‌ തിണ്ണയിൽവെച്ച്‌ മടങ്ങിപ്പോയി (ഒരു തുണിസഞ്ചിയിൽ പണയ മുതലുമായിവന്ന കുഞ്ഞനം അത്‌ തിണ്ണയിൽവെച്ചശേഷം മടങ്ങിപ്പോയി).

അമ്മയുടെ എഴുത്തുകൾ

നമ്മുടെ മാതൃഭാഷയുടെ മഹത്ത്വവും മാതൃത്വത്തിന്റെ പ്രാധാന്യവും വിഷയമാവുന്ന കവിത- ഉപഭോഗസംസ്കാരത്തിന്റെ ജീർണ ജീവിതഗന്ധങ്ങളിൽപ്പെട്ട്‌ ഞെരുങ്ങുന്ന കവി സാന്ദർഭികമായി കണ്ടെത്തുന്ന അമ്മയുെട കത്തുകളാണ്‌ ഈ കവിതയ്ക്കാധാരം. ജനനംമുതൽ മരണംവരെ ഉൺമയും ഉയിരും കരുതലുമായി അമ്മയും മാതൃഭാഷയും മാറേണ്ടതുണ്ടെന്ന് കവി വിശ്വസിക്കുന്നു.

നാദമായ്‌വന്നെന്റെ...

... മീയുള്ളെഴുത്തുകൾ (തേനിനോട് മാതൃഭാഷയെ സാദൃശ്യപ്പെടുത്തിയിരിക്കുന്നു. മധുരമായ ആശയം കൈമാറാൻ മാതൃഭാഷയിലൂടെ സാധിക്കുന്നു- തേൻപോലെ മധുരിക്കുന്നു- (‘‘ഈയമ്മ നാൾതോറും ലാളിച്ചു നിൻമണിവായിലൊഴുക്കുന്നു പാലും തേനും’’- ആ നിജഭാഷയാമമ്മയോ മാധുര്യമാർന്ന സൂക്തങ്ങളെ തൂകിടുന്നു)- വള്ളത്തോൾ കവിതയിലെ ആശയം പരാമർശിക്കാം:-

‘‘ആരുവായിക്കു മീ മായുമെഴുത്തുക്കൾ...

ആരുടെ നാവിലുയിർക്കുമിച്ചൊല്ലകൾ... (കവിയുടെ ആശങ്ക പുതുതലമുറയുടെ മാനസികാവസ്ഥ- മാതൃഭാഷയുടെ മഹത്ത്വമറിയുന്നില്ല)

മാതാവിനെയും മാതൃഭാഷയെയും സംരക്ഷിക്കാനുള്ള മനോഭാവംവളർത്താൻ ‘അമ്മയുടെ എഴുത്തുകൾക്ക്’ കഴിയുന്നുണ്ടോ? പരിശോധിക്കുക.

കവിയും ഭാര്യയും അടങ്ങുന്ന വർത്തമാനകാലം- മാതൃത്വത്തിന്റെ മഹത്ത്വം വെളിപ്പെടുന്ന ഭൂതകാലം- ഭാഷയും സംസ്കാരവും നമുക്കന്യമാകുന്ന ഭാവികാലം (മൂന്ന് കാലത്തെ അവതരിപ്പിച്ച കവിത)

അമ്മയുടേതാമെഴുത്തുകളൊക്കെയും

അമ്മയായ്‌ത്തന്നെയൊതുങ്ങിയിരിക്കട്ടെ

നമ്മൾ വിദേശത്തു നിർമിച്ചൊരമ്മതൻ

ബിംബമീയാതിഥ്യശാലയിൽ ശോഭനം’’- ആശയം (ജീവിതം, ഭാഷ, സംസ്കാരം, മൂല്യം ഇവയോടുള്ള പുതുതലമുറയുടെ മനോഭാവം- പുതിയകാലത്തിന്റെ പ്രകടനപരത- അന്യഭാഷയെ അന്ധമായി പുണരുന്ന മനോഭാവം- മാതൃഭാഷ സ്വീകരണമുറിയിലെ ബിംബംമാത്രമായി മാറുന്ന അനുഭവം)

എഡിറ്റിങ്

അടിസ്ഥാനപാഠാവലിയിൽ ചോദിക്കാൻ സാധ്യതയുള്ളതാണ് എഡിറ്റിങ് അഥവാ തെറ്റുതിരുത്തൽ- പദ, വാക്യതലങ്ങളിൽവരുന്ന തെറ്റുകൾതിരുത്തി ആശയമൂർത്തത നൽകുക- ഒരേ അർഥമുള്ള പദങ്ങളിലെ ആവർത്തനവിരസത ഒഴിവാക്കുക- ചിഹ്നങ്ങൾ ശരിയായ രീതിയിൽ ചേർക്കുക... (ഉദാഹരണങ്ങൾ കണ്ടെത്തുക)

ഒറ്റവാക്യമാക്കുക

) മാവിനോടുള്ള പ്രേമം നാട്ടിൻപുറത്തെ കുട്ടികളിൽ കാണാം.

II) മാവിനോടുള്ള പ്രേമം കവികളിൽ കാണാം

(മാവിനോടുള്ള പ്രേമം നാട്ടിൻപുറത്തെ കുട്ടികളിലെന്നപോലെ കവികളിലും കാണാം

അർഥവ്യത്യാസംവരാതെ രണ്ടോ മൂന്നോ വാക്യമാക്കുക

കന്നിപ്പാടത്ത് വെയിലിന്റെ വേലിയേറ്റങ്ങളും കമുകിൻതോട്ടങ്ങളിലൂടെ രാത്രികാലത്ത് പറന്നുപോകുന്ന വവ്വാലുകളുടെ ചിറകടിയൊച്ചയും കിടന്നുകൊണ്ടുതന്നെ അച്ഛൻ അറിയുമായിരുന്നു.

കന്നിപ്പാടത്ത് വെയിലിന്റെ വേലിയേറ്റങ്ങളുണ്ടായിരുന്നു.

രാത്രികാലത്ത് കവുകിൻതോട്ടത്തിലൂടെ പറന്നുപോകുന്ന വവ്വാലുകളുടെ ചിറകടിയൊച്ചയുണ്ടായിരുന്നു.

ഇവയെല്ലാം കിടന്നുകൊണ്ടുതന്നെ അച്ഛൻ അറിയുമായിരുന്നു.

ഘടകപദമാക്കുക (വിഗ്രഹിച്ചെഴുതുക)

സമാസിച്ച പദങ്ങളെ (പൂർവപദവും ഉത്തരപദവും ചേർന്നിരിക്കുന്ന)

പ്രത്യയങ്ങൾ ചേർത്ത് വേർപെടുത്തി പറയുന്നരീതി.

പാവനഭാവം- പാവനമായ ഭാവം

കൊതിയസമാജം- കൊതിയരുടെ സമാജം

കാലയവനിക- കാലമാകുന്ന യവനിക

കാൽമുട്ട്- കാലിന്റെ മുട്ട്

മൂഢാചാരം- മൂഢമായ ആചാരം

ശൈലികൾ

ഭാഷയ്ക്ക് ഓജസ്സും തേജസ്സും നൽകുന്ന ആശയ പ്രകാശനരീതികളാണ് ശൈലികൾ- ഏതു ഗഹനമായ ആശയമായാലും അതിനെ ലളിതമായും സരസമായും പ്രതിപാദിക്കാനുള്ള കഴിവ് ശൈലികൾക്കുണ്ട്. അർഥപുഷ്ടി രസോത്കർഷം, വ്യംഗ്യാർഥ ചമൽക്കാരം ഇവ ശൈലികളുടെ പ്രത്യേകതയാണ്.

സുകുമാർ അഴീക്കോട്ഇ. സന്തോഷ്കുമാർ

മനോജ്‌കുമാർ പാലേരി

എച്ച്‌.എസ്‌.ടി. (മലയാളം) ജി.എച്ച്‌.എസ്‌.എസ്. വടുവഞ്ചാൽ (വയനാട്‌)

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..