മുക്കം നഗരസഭയിലെ ഓർഫനേജിന്റെ സ്ഥലത്ത് അടുക്കത്തിൽ മുഹമ്മദ് ഹാജി നട്ടുവളർത്തിയ വാഴകൾ വേനലിൽ നിലംപൊത്തിയ നിലയിൽ
മുക്കം : ശക്തമായ വേനൽച്ചൂടിൽ ജലസ്രോതസ്സുകൾ വറ്റാൻതുടങ്ങിയതോടെ കൃഷി നനയ്ക്കാനാകാതെ കർഷകർ. മലയോരമേഖലയിലെ ഏക്കർകണക്കിന് പ്രദേശങ്ങളിൽ കൃഷിക്കൊപ്പം കർഷകരുടെപ്രതീക്ഷകളും വെന്തുരുകുകയാണ്.
വിഷുവിപണി ലക്ഷ്യമിട്ട് വായ്പയെടുത്തും മറ്റും ഇറക്കിയ കൃഷിയാണ് നനയ്ക്കാൻ വെള്ളമില്ലാതായതോടെ ഉണങ്ങി നശിക്കുന്നത്. മഴക്കാലത്ത് പ്രളയവും വേനൽക്കാലത്തെ വരൾച്ചയും കർഷകർക്ക് സമ്മാനിക്കുന്നത് കണ്ണുനീർ മാത്രമാണ്.
മുക്കം നഗരസഭയിലെ ഓർഫനേജിന്റെ സ്ഥലത്ത് അടുക്കത്തിൽ മുഹമ്മദ് ഹാജി പാട്ടത്തിന് കൃഷിചെയ്യുന്ന പന്നിയോളിയിൽ നൂറുകണക്കിന് ഏത്തവാഴകൾ വരൾച്ചയെ തുടർന്ന് നിലംപൊത്തി. കുലച്ചവാഴകളാണ് ശക്തമായ ചൂടിനെ തുടർന്ന് ഒടിഞ്ഞുവീണത്. നനയ്ക്കുന്നുണ്ടെങ്കിലും ഫലമില്ലെന്ന് കർഷകർ പറയുന്നു. 40 ഡിഗ്രിയോളം ചൂടാണ് മലയോര മേഖലയിൽ അനുഭവപ്പെടുന്നത്.
വാഴ, കവുങ്ങ്, പച്ചക്കറി തുടങ്ങിയവയാണ് പ്രധാനമായും നശിക്കുന്നത്. കൃഷിഭൂമിക്ക് സമീപത്തെ കുടിവെള്ള സ്രോതസ്സുകൾ വറ്റിയതോടെ നനയ്ക്കാനുള്ളവെള്ളം തലച്ചുമടായും മോട്ടോർ ഉപയോഗിച്ചും മറ്റും എത്തിച്ച് നനയ്ക്കുന്ന കർഷകരുമുണ്ട്. എന്നാൽ എത്രനാൾ ഇത്തരത്തിൽ വെള്ളം കിട്ടുമെന്ന് കർഷകർക്ക് ഉറപ്പില്ല.
മിക്ക ജലസ്രോതസ്സുകളിലും ജലനിരപ്പ് ദിനം പ്രതി കുറയുകയാണ്. മലയോര മേഖലയിൽ പലയിടത്തും സാധാരണ ഏപ്രിൽ മാസങ്ങളിലാണ് ജലക്ഷാമം രൂക്ഷമാകുന്നത്. എന്നാൽ ഇത്തവണ മാർച്ച് ആദ്യവാരം മുതലേ ജലക്ഷാമം തുടങ്ങിയതായും കർഷകർ പറയുന്നു.
കാട്ടിലെ തോടുകളിൽനിന്നും ചെറുജലസ്രോതസ്സുകളിൽനിന്നും മറ്റും ഹോസിൽ വെള്ളമെത്തിച്ചാണ് കൃഷിക്കാവശ്യമായ വെള്ളം കണ്ടെത്തിയിരുന്നത്. ഇവ വറ്റുകയും പൈപ്പുകൾ ആന നശിപ്പിക്കുകയും ചെയ്തതോടെ പലയിടത്തും നനയ്ക്കാൻ വെള്ളമില്ലാത്ത അവസ്ഥയാണ്
തിരിച്ചടിയായി വിലക്കുറവും വന്യജീവി ആക്രമണവും
:നേന്ത്രപ്പഴത്തിന് വില കുറഞ്ഞതോടെ ദുരിതത്തിലാണ് കർഷകർ. കിലോഗ്രാമിന് മുപ്പത് രൂപയിൽ താഴെയാണ് കർഷകർക്ക് ലഭിക്കുന്നത്. ഈ വിലയ്ക്ക്, തലച്ചുമടായും വില കൊടുത്തും നനച്ച് കൃഷി മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് കർഷകർ പറയുന്നു. ആനയും കാട്ടുപന്നിയും വിള നശിപ്പിക്കുന്നത് പതിവായതോടെ കൃഷി ഉപേക്ഷിച്ച് ജീവിക്കാൻ മറ്റു മാർഗ്ഗങ്ങൾ തേടാനുള്ള ഒരുക്കത്തിലാണ് കർഷകർ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..