രാമനാട്ടുകര ബൈപ്പാസിൽ എൻ.എസ്.എസ്. സ്കൂൾ നടവഴിക്കുസമീപം വൈദ്യുതത്തൂണുകൾ മാറ്റാത്തനിലയിൽ
രാമനാട്ടുകര : നിർമാണപ്രവർത്തനം പുരോഗമിക്കുന്ന കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാതയുടെ ഓടനിർമാണം വൈദ്യുതത്തൂണുകൾ മാറ്റി സ്ഥാപിക്കാത്തതുമൂലം തടസ്സപ്പെടുന്ന സ്ഥിതി. രാമനാട്ടുകര പഴയ എൻ. എസ്.എസ്. സ്കൂൾ നടപ്പാതമുതൽ ഓടനിർമാണം മൂന്നാഴ്ചമുമ്പാണ് തുടങ്ങിയത്. ബൈപ്പാസിന് ഏറ്റെടുത്ത സ്ഥലത്തിന്റെ തർക്കത്തെത്തുടർന്ന് ഈ ഭാഗത്ത് കഴിഞ്ഞ ജൂണിൽ ഓടനിർമാണവും സർവീസ് റോഡ് നിർമാണവും മുടങ്ങിയിരുന്നു. കാലവർഷത്തിനുമുമ്പ് പൂർത്തിയാക്കാൻ ഉദ്ദേശിച്ച് തുടങ്ങിയ പണി തൂൺപ്രശ്നം കാരണം മുടങ്ങിയിരിക്കയാണ്. 11 കെ.വി. ലൈൻ കടന്നുപോകുന്ന നാല് വൈദ്യുതത്തൂണുകൾ ബൈപ്പാസിന്റെ സ്ഥലത്താണുള്ളത്.
ഇത് മാറ്റിസ്ഥാപിക്കാൻ കരാർകമ്പനി വൈദ്യുതിബോർഡിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നാലുതൂണുകൾ മാറ്റിസ്ഥാപിക്കുന്നതിന് 80,000 രൂപയുടെ എസ്റ്റിമേറ്റാണ് വൈദ്യുതി ബോർഡ് തയ്യാറാക്കി കരാർകമ്പനിക്ക് നൽകിയത്. ഈ എസ്റ്റിമേറ്റ് അധികമാണെന്നാണ് കരാർ കമ്പനിയുടെ വാദം. എസ്റ്റിമേറ്റ് പുതുക്കിനൽകാൻ വൈദ്യുതി ബോർഡിന് കത്ത് നൽകിയിട്ടുണ്ട് കരാർ കമ്പനി. ബൈപ്പാസിൽ വൈദ്യുതി ബോർഡിന്റെ കാരാട് പറമ്പ്, പന്തീരാങ്കാവ്, പൊറ്റമ്മൽ തുടങ്ങിയ ഓഫീസുകളിൽ എസ്റ്റിമേറ്റ് തുക കുറവാണെണ് കരാർകമ്പനി പറയുന്നു. വൈദ്യുതത്തൂണുകൾ മാറ്റാതെ ഇനി പണിനടത്താൻ കഴിയില്ലെന്നാണ് കമ്പനിയുടെ വാദം. ബൈപ്പാസിൽ രാമനാട്ടുകര സെക്‌ഷൻ പരിധിയിൽ വേറെയും തൂണുകൾ മാറ്റാനുണ്ട്. ബൈപ്പാസിലെ ഓടനിർമാണവും കോടതി നടപടിയിലുള്ള സ്ഥലത്തെ സർവീസ് റോഡ്, ഓടനിർമാണവും കാലവർഷത്തിനുമുമ്പ് പൂർത്തിയാക്കിയില്ലെങ്കിൽ ഈ സീസണിലും മഴക്കാലത്ത് വീടുകളിൽ വെള്ളംകയറുന്ന അവസ്ഥയാകും ഉണ്ടാവുക.
എന്നാൽ ,വൈദ്യുതി ബോർഡ് രാമനാട്ടുകര സെക്‌ഷൻ അസിസ്റ്റന്റ് എൻജിനിയർ പറയുന്നത് മറ്റൊന്നാണ്. തൂൺ മാറ്റിസ്ഥാപിക്കുവാൻ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയിട്ടുണ്ട്. ഇതുപ്രകാരമുള്ള പണം വൈദ്യുതി ബോർഡിൽ അടയ്ക്കാത്തതുകാരണമാണ് തൂൺമാറ്റൽ വൈകുന്നത്. വൈദ്യുതി ബോർഡിന്റെ നിയമമനുസരിച്ചുമാത്രമേ തൂണുകൾ മാറ്റിസ്ഥാപിക്കാൻ കഴിയൂ എന്നും അസിസ്റ്റന്റ് എൻജിനിയർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..