ഇന്ന് അന്തർദേശീയ വനദിനം : കാനനച്ഛായയിൽ ദമ്പതിമാരുടെ വിശ്രമജീവിതം...


1 min read
Read later
Print
Share

Caption

വടകര

: ചുറ്റും വൃക്ഷങ്ങളും ഔഷധസസ്യങ്ങളും നിറഞ്ഞ ഒരു കൊച്ചുകാട്. പച്ചപ്പ് വിരിയിച്ചുനിൽക്കുന്ന ആ കാടിന് നടുവിൽ ഒരു വീട്. കൂട്ടിന് കിളികളും മീനുകളും മറ്റു ജീവജാലങ്ങളും. ഇന്നത്തെ സമൂഹത്തിന് ഓർക്കാൻപോലും കഴിയാത്ത കാര്യമാണിത്.

എന്നാൽ, ഇങ്ങനെ ജീവിതംനയിക്കുന്ന രണ്ടുപേരുണ്ട് ഇങ്ങ് കടത്തനാട്ടിൽ. വടകര ചോറോട് മുട്ടുങ്ങലിൽ രയരോത്ത് സുഭാഷ് ചന്ദ്രബോസും ഭാര്യ ഇന്ദിരടീച്ചറുമാണത്.

എഴുപത്തേഴുകാരനായ സുഭാഷ് ചന്ദ്രബോസും എഴുപത്തിരണ്ടുകാരിയായ ഇന്ദിരടീച്ചറും വീടിനടുത്ത് 33 സെൻറ് സ്ഥലത്ത് ഒരു കൊച്ചുകാടുതന്നെ ഒരുക്കിയിരിക്കുകയാണ്. അതിന് ‘കുട്ടിവനം’ എന്ന പേരും നൽകി. ചന്ദനം, ഊദ്, രുദ്രാക്ഷം തുടങ്ങി ഈ കാട്ടിലില്ലാത്ത മരങ്ങൾ കുറവാണ്. 200-ഓളം ഔഷധസസ്യങ്ങളും ഇവിടെ നട്ടുവളർത്തുന്നുണ്ട്. അധ്യാപനജോലിയിൽനിന്ന്‌ വിരമിച്ചശേഷം വിശ്രമജീവിതത്തിനിടയിലാണ് ഇന്ദിരടീച്ചർ വിവിധസ്ഥലങ്ങളിൽനിന്ന്‌ തൈകൾ കൊണ്ടുവന്ന് നട്ടുവളർത്താൻ തുടങ്ങിയത്. വരുംതലമുറയ്ക്ക് കാത്തുവെക്കാൻ ഇത്തരത്തിലുള്ള ജൈവലോകത്തെക്കാൾ വലുതായി ഒന്നുമില്ലയെന്ന് ചിന്തിക്കുന്ന ദമ്പതിമാരാണ് ഇവർ.

വീടിനുചേർന്ന് ഒരു കുളമുണ്ട്‌. അതിൽ മത്സ്യങ്ങളെ വളർത്തുന്നുമുണ്ട്. പക്ഷേ, അവയൊന്നും വിൽപ്പനയ്ക്ക് ഉള്ളതല്ല. ഈ കുളം വേനൽക്കാലമായാൽ വറ്റും. എന്നാൽ, കുട്ടിവനം വന്നതോടെ വെള്ളം വറ്റാതായി, വിവിധ സ്കൂളുകളിലെ കുട്ടികളും ഗവേഷകരും ഒക്കെ ഈ കാട് കാണാൻ ഇവിടെയെത്താറുണ്ട്.

അവർക്കൊക്കെ എല്ലാം കാണിച്ച് വിശദീകരിക്കുന്നത്‌ ഇവർക്ക് സന്തോഷമാണ്. ചോറോട് പഞ്ചായത്തിലെ ഏക പച്ചത്തുരുത്ത് കൂടിയാണ് ‘രയരോത്ത് ബോസ് ഇന്ദിര’ വീട്.

സംസ്ഥാനത്തെ മികച്ച ജൈവസംരക്ഷക കർഷകപുരസ്കാരം, ഹരിതാമൃതം പുരസ്കാരം, മികച്ച മത്സ്യക്കർഷക പുരസ്കാരം, ഗ്രീൻജോയ് അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ ഇവരെത്തേടി എത്തിയിട്ടുണ്ട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..