അരങ്ങൊരുക്കിയ മണ്ണിൽ തുടിക്കുന്നു, ഓർമകൾ


2 min read
Read later
Print
Share

അരങ്ങിൽ ശ്രീധരന് ഇന്ന് ജന്മശതാബ്‌ദി

Caption

വടകര: അരങ്ങിൽ ശ്രീധരന് അരങ്ങൊരുക്കിയത് ഈ മണ്ണാണ്... രാഷ്ട്രീയപാരമ്പര്യമേറെയുള്ള വടകരയുടെ മണ്ണ്. ഇവിടെ പോരാട്ടം തുടങ്ങിയതിന്റെ കഥ ഇങ്ങനെ... വർഷം 1937. അരങ്ങിൽ ശ്രീധരൻ അന്ന് വടകരയിലെ അമ്മാവൻ ഡോ. രാഘവന്റെ വീട്ടിൽനിന്നാണ് വടകര ബി.ഇ.എം. സ്കൂളിൽ പഠിക്കുന്നത്. രാജ്യത്ത് സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ ശക്തിപ്പെട്ടുവരുന്ന സമയം. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ശ്രീധരൻ അഖിലേന്ത്യാ വിദ്യാർഥിഫെഡറേഷനിൽ (കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ വിദ്യാർഥിവിഭാഗം) അംഗത്വമെടുത്തു. വിദ്യാർഥികളെ സംഘടിപ്പിക്കുന്നതിനും നേതൃത്വം നൽകി.

ഇതോടെ ശ്രീധരനെ സ്കൂളിൽനിന്ന് പുറത്താക്കി. പിന്നെ ബി.ഇ.എം. സ്കൂൾ ചരിത്രത്തിലാദ്യമായി ഒരുസമരത്തിന് സാക്ഷ്യംവഹിച്ചു. ശ്രീധരനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഒരാഴ്ച നീണ്ട സമരം. ഒടുവിൽ അരങ്ങിലിനെയും ഒപ്പം സസ്പെൻഡ് ചെയ്തവരെയും തിരിച്ചെടുത്തു. സജീവരാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റമായിരുന്നു അത്... പിന്നീട് സമരപോരാട്ടങ്ങളിൽ മുന്നണിപ്പോരാളിയായി, ആദർശത്തിന്റെ അരങ്ങിൽ ചുവടുകൾ പിഴയ്ക്കാതെ പിടിച്ചുനിന്നു.

‘തലസ്ഥാനം’ ഓർക്കാട്ടേരി...

ക്വിറ്റിന്ത്യാസമരത്തിലൂടെ മുഴുവൻസമയ പൊതുപ്രവർത്തനത്തിലേക്കെത്തിയ അരങ്ങിൽ സോഷ്യലിസ്റ്റ് പാർട്ടിയിൽ സജീവമാകുന്നത് 1945-ലാണ്. മലബാറിലെ സോഷ്യലിസ്റ്റ് പാർട്ടിയെ സജീവമാക്കാൻ അക്കാലത്ത് കെ.ബി. മേനോൻ, കെ. കുഞ്ഞിരാമക്കുറുപ്പ്, പി.എം. കുഞ്ഞിരാമൻ നമ്പ്യാർ എന്നിവരുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. 1945-ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന കമ്മിറ്റി രൂപവത്കരിച്ചപ്പോൾ കോഴിക്കോട്ടെ അതിന്റെ ഓഫീസ് സെക്രട്ടറിയായി അരങ്ങിൽ. പിന്നീടങ്ങോട്ട് കെ. കുഞ്ഞിരാമക്കുറുപ്പിനും കെ.ബി. മേനോനും പി.എം. കുഞ്ഞിരാമൻ നമ്പ്യാർക്കുമൊപ്പം മുഴുവൻസമയ പ്രവർത്തകനായി.

ഇതേക്കുറിച്ച് കെ. കുഞ്ഞിരാമക്കുറുപ്പ് ഇങ്ങനെ എഴുതി. ‘ഞാനും ശ്രീധരനുമായിരുന്നു ആദ്യത്തെ മുഴുവൻസമയ പ്രവർത്തകർ, കെ.ബി.യും പി.എമ്മും ഞങ്ങൾക്ക് പ്രോത്സാഹനം നൽകി... ഞങ്ങൾക്ക് തലസ്ഥാനം തന്നെയും ഓർക്കാട്ടേരിയാണെന്ന് പറയാം..’ ഏറാമലയിലും ഓർക്കാട്ടേരിയിലുമെല്ലാം നാട്ടുകാരനെപ്പോലെയായിരുന്നു അരങ്ങിൽ. സോഷ്യലിസ്റ്റ് പാർട്ടിയെ ഈ മേഖലയിൽ ശക്തിപ്പെടുത്തിയതിൽ പ്രധാനി. 1948 മുതൽ 1972 വരെ അരങ്ങിലിന്റെ പാർട്ടി അംഗത്വം ഏറാമല വില്ലേജിലായിരുന്നു.

1950-ൽ ഓർക്കാട്ടേരിയിൽ മലബാർ കിസാൻ പഞ്ചായത്ത് സമ്മേളനം നടന്നിരുന്നു. മഹാസമ്മേളനമായി മാറിയ ഈ പരിപാടിയിൽ പത്മപ്രഭാഗൗഡർ ഓർക്കാട്ടേരിയിലെത്തി പ്രസംഗിച്ചു. ഈ പരിപാടിയുടെ പ്രധാന സംഘാടകർ കുഞ്ഞിരാമക്കുറുപ്പും അരങ്ങിലുമായിരുന്നു. മുതുകാട്, കാട്ടാമ്പള്ളി സമരങ്ങളിലും മുന്നണിയിൽനിന്ന് പോരാടി അരങ്ങിൽ.

നാദാപുരത്തുകാർ കൈയടിച്ച പ്രസംഗം...

-ലെ തിരഞ്ഞെടുപ്പിലാണ് അരങ്ങിൽ ആദ്യമായി തിരഞ്ഞെടുപ്പ് രംഗത്തേക്ക് കടക്കുന്നത്. നാദാപുരം മണ്ഡലത്തിലാണ് സ്ഥാനാർഥി. പ്രസംഗങ്ങളാണ് അന്നത്തെ പ്രധാന പ്രചാരണായുധം. പക്ഷേ, മലയാളം പ്രസംഗത്തിൽ ശ്രീധരൻ അത്ര മികവ് പ്രകടിപ്പിച്ചിരുന്നില്ല. അതേസമയം ഇംഗ്ലീഷിൽ കത്തിക്കയറും. പ്രസംഗത്തിലെ പ്രതിസന്ധി പാർട്ടിപ്രവർത്തകർക്കിടയിലും ചർച്ചയായി. ഇതേക്കുറിച്ച് കെ. കുഞ്ഞിരാമക്കുറുപ്പ് ‘ഞങ്ങളുടെ നല്ലകാലം’ എന്ന ലേഖനത്തിൽ എഴുതിയിരുന്നു.

തൂണേരിയിൽ ഒരു പൊതുയോഗം നടക്കുന്നു. ശ്രീധരനൊപ്പമുണ്ടായിരുന്ന ടി. കുഞ്ഞിക്കേളുവിനെ നാട്ടുകാർ വളഞ്ഞു. ആവശ്യം ഒന്നുമാത്രം. സ്ഥാനാർഥി മലയാളത്തിൽ പ്രസംഗിക്കണം. ഒടുവിൽ ശ്രീധരൻ സ്റ്റേജിൽ കയറി. പ്രസംഗം തുടങ്ങി മിനിറ്റുകൾക്കുള്ളിൽത്തന്നെ നല്ല പ്രസംഗമെന്ന അഭിപ്രായമുയർന്നു, ജനം കൈയടിച്ചു. പിന്നീട് മലയാളത്തിലും മികച്ച പ്രാസംഗികനായി ഇദ്ദേഹം മാറി. ഈ തിരഞ്ഞെടുപ്പിൽ പക്ഷേ, ശ്രീധരൻ പരാജയപ്പെട്ടു.

വിമാനത്താവളത്തിനായി ഉയർന്ന ശബ്ദം...

കോഴിക്കോട് വിമാനത്താവളത്തിനായി 1967 നവംബർ 15-ന് പാർലമെന്റിൽ ഒരു ചോദ്യം ഉന്നയിക്കപ്പെട്ടു. ചോദ്യം ചോദിച്ചത് അരങ്ങിൽ ശ്രീധരനും സുശീലാ ഗോപാലനും. ‘കോഴിക്കോട് വിമാനത്താവളം നിർമിക്കുന്നതിന് എന്തെങ്കിലും തീരുമാനമെടുത്തിട്ടുണ്ടോ’- ഈ ചോദ്യത്തിന് തീരുമാനം ഇല്ലെന്നായിരുന്നു മറുപടി. 1968 ഓഗസ്റ്റിൽ ശ്രീധരൻ വീണ്ടും ചോദ്യം ഉന്നയിച്ചു.

‘വിമാനത്താവളത്തിന്റെ പ്രോജക്ട് റിപ്പോർട്ട് ആയോ, എന്നാണ് നിർമാണം തുടങ്ങുക, എത്ര ചെലവ് വരും എന്നതായിരുന്നു ചോദ്യം. ഈ പദ്ധതി നാലാംപദ്ധതിയിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നുവെന്നും 126 ലക്ഷംരൂപ ചെലവ് വരുമെന്നായിരുന്നു സിവിൽ ഏവിയേഷൻമന്ത്രി കരൺ സിങ്ങിന്റെ മറുപടി. വിമാനത്താവളം പിന്നെയും വൈകിയെങ്കിലും ഒരുകാര്യം പാർലമെന്റിൽ ഉന്നയിച്ചാൽ അതിനുപിന്നാലെ പോകുന്നതായിരുന്നു ശ്രീധരന്റെ ശീലം.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..